റിയൽമിയുടെ വിശ്വരൂപം കണ്ട് ആരും ഞെട്ടരുത്; ഇതാ വരുന്നു ഒന്നൊന്നര മോഡൽ, ലോഞ്ച് തീയതി പുറത്ത്
ഇന്ത്യൻ വിപണിയിൽ കുറഞ്ഞകാലം കൊണ്ട് തന്നെ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുത്ത കമ്പനിയാണ് റിയൽമി. അവരുടെ ഓരോ മോഡലുകൾക്കും ആരാധകർ കാത്തിരിപ്പാണ്. അത്തരത്തിൽ നിരവധി ഉപഭോക്താക്കളാണ് കമ്പനിയുടെ ഓരോ നീക്കങ്ങളും ഉറ്റുനോക്കുന്നത്. അങ്ങനെയുള്ള ഉപഭോക്താക്കൾക്ക് സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇപ്പോൾ റിയൽമി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറെനാളായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും, അഭ്യൂഹങ്ങൾ പരക്കുകയും ഒക്കെ ചെയ്‌ത ഒരു കിടിലൻ മോഡലിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റാണ് കമ്പനി ഇപ്പോൾ നൽകിയിരിക്കുന്നത്. റിയൽമിയുടെ ബജറ്റ് ഫോണുകളിലെ പുത്തൻ കൂട്ടിച്ചേർക്കലായ ജിടി 6 ആണ് വൈകാതെ വിപണിയിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്ന മോഡൽ.

ഫോണിന്റെ ഗ്ലോബൽ ലോഞ്ച് ആണ് ഇപ്പോൾ റിയൽമി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ഇന്ത്യയിലും മോഡൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോൺ എഐ സവിശേഷതകളാൽ സമ്പന്നമായിരിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ തന്നെ കമ്പനി പുറത്തുവിട്ടിരുന്നു.
മെയ് മാസത്തിൽ ചൈനയിൽ പുറത്തിറക്കിയ റിയൽമി ജിടി നിയോ 6ന്റെ റീബാഡ്‌ജ് ചെയ്‌ത പതിപ്പായി ഇത് ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനി അടുത്തിടെ ഇന്ത്യയിൽ റിയൽമി ജിടി 6ടി അവതരിപ്പിച്ചിരുന്നു. ഇതുമായി എന്തെങ്കിലും സാമ്യം ഉള്ളതാവുമോ വരാനിരിക്കുന്ന മോഡൽ എന്നും കണ്ടറിയണം.
ഇന്ത്യയിലും ആഗോളതലത്തിലും ജൂൺ 20ന് ഉച്ചയോടെ ഫോൺ അവതരിപ്പിക്കും. ലോഞ്ച് തീയതി സ്ഥിരീകരിക്കുന്ന ഒരു ഔദ്യോഗിക ചിത്രം ഫ്ലിപ്പ്കാർട്ട് വഴി പുറത്തുവിട്ടിട്ടുണ്ട്. റിയൽമി ജിടി നിയോ 6ന് സമാനമായ ഡിസൈൻ ആയിരിക്കും ഫോണിൽ ഉണ്ടാവുക എന്നാണ് ചില ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാവുന്നത്.
പിൻ പാനലിന് മുകളിൽ ഇടത് മൂലയിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം ഡ്യുവൽ റിയർ ക്യാമറ സംവിധാനമുള്ള നിലയിലാവും ഇതിന്റെ ഡിസൈൻ. ഗ്ലോസി ഫിനിഷോടെ ആയിരിക്കും ഫോൺ എത്തുക.
16ജിബി വരെ റാമും 1ടിബി വരെ ഇൻബിൽറ്റ് സ്‌റ്റോറേജും ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 എസ്ഒസി ഫോണിന് കരുത്ത് പകരും. 6.78 ഇഞ്ച് LTPO AMOLED സ്‌ക്രീൻ ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ, റിയൽമി ജിടി 6ന് 50 മെഗാപിക്‌സൽ സോണി IMX882 പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്‌സൽ സോണി MX355 അൾട്രാ വൈഡ് ഷൂട്ടറും മുൻവശത്ത് 32 മെഗാപിക്‌സൽ സോണി IMX615 ക്യാമറയും ഫോണിൽ ഉണ്ടാവാനാണ് സാധ്യത. 5,500 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന് കരുത്ത് പകരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.












Click it and Unblock the Notifications