റിയൽമിയുടെ കിടുക്കാച്ചി മോഡൽ ഓൺ ദി വേ; ഈ ഫോൺ വന്നാൽ കളി മാറും, ഫീച്ചറുകൾ ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ താരതമ്യേന കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ വളരെയേറെ മുൻപിലാണ് റിയൽമി. എപ്പോഴും ഒരു ബജറ്റിൽ ഉറച്ചു നിന്നുകൊണ്ട് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞാണ് അവർ ഫോണുകൾ അവതരിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാർ മുതൽ ഇടത്തരക്കാർ വരെ എല്ലാ വിഭാഗത്തിൽപെട്ടവർക്കും റിയൽമി പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ റിയൽമി രാജ്യത്തേക്ക് പുതിയൊരു മോഡലുമായി രംഗ പ്രവേശം ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്തിടെ കമ്പനി രാജ്യത്ത് അവതരിപ്പിച്ച ജിടി 6ടി മോഡലിന്റെ പുതുമ ചോരും മുൻപാണ് പുത്തൻ മോഡലുമായി അവർ എത്തുന്നത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.റിയൽമി ജിടി 6 മൊബൈലാണ് ഏറ്റവും പുതിയതായി വിപണിയിൽ ഇറങ്ങുന്നത്.

റിയൽമി സ്ഥാപകനും സിഇഒയുമായ സ്കൈ ലിയാണ് ഈ വർഷം ലോകമെമ്പാടുമുള്ള വിപണികളിൽ ഫോൺ പുറത്തിറക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, സ്‌പെയിൻ, ഫിലിപ്പീൻസ്, ബ്രസീൽ, സൗദി അറേബ്യ, ഇറ്റലി, തായ്‌ലൻഡ്, മലേഷ്യ, മെക്‌സിക്കോ, പോളണ്ട്, തുർക്കി തുടങ്ങിയ ആഗോള വിപണിയാണ് അവർ ലക്ഷ്യമിടുന്നത്.
ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന ഓമനപ്പേരോട് കൂടി എത്തുന്ന ഫോണിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ഫീച്ചറുകൾ ഉൾപ്പെടെ ലഭ്യമാവുമെന്നും സൂചനയുണ്ട്. ഉന്നത നിലവാരമുള്ള ഫീച്ചറുകളും എഐ പവർഡ് ശേഷികളും ഇതിൽ ഉൾപ്പെടുന്നുവെന്ന് നേരത്തെ തന്നെ വിവരം ലഭ്യമായതാണ്.
എന്നാൽ ഈ ഫോൺ എന്ന് മുതൽ വിപണിയിൽ ലഭ്യമാവും എന്ന കാര്യത്തിൽ ഒരു ധാരണയും ഇതുവരെ വന്നിട്ടില്ല. ഇത് സംബന്ധിച്ച കൃത്യമായ ടൈം ലൈൻ പുറത്തുവിടാനും കമ്പനി തയ്യാറായിട്ടില്ല. എങ്കിലും ഇതിന്റെ വരവ് അധികം വൈകില്ലെന്നാണ് സൂചന. മാത്രമല്ല ഫോണുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങൾ ഒന്നും പരസ്യപ്പെടുത്താനും റിയൽമി തയ്യാറായിട്ടില്ല.
ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച്, ഉപകരണത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ എഐ സവിശേഷതകളായിരിക്കും എന്നാണ് സൂചന. നിലവിൽ ചൈനയിൽ ലഭ്യമായ റിയൽമി ജിടി നിയോ 6ന്റെ റീബ്രാൻഡഡ് പതിപ്പാണ് ഫോൺ എന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ ഫോണിന് നിലവിൽ 12ജിബി + 256ജിബി പതിപ്പിന് ചൈനയിൽ 2,099 യുവാൻ (ഏകദേശം 22,000 രൂപ) ആണ് വില നിശ്‌ചയിച്ചിരിക്കുന്നത്.
ഈ സ്‌മാർട്ട്‌ഫോണിന്റെ സ്‌ക്രീൻ സൈസ് 6.78-ഇഞ്ച് ആയിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണിൽ എഐ സ്മാർട്ട് ലൂപ്പ്, എഐ നൈറ്റ് വിഷൻ, എഐ സ്മാർട്ട് റിമൂവൽ, എഐ സ്മാർട്ട് സെർച്ച് തുടങ്ങിയ വിവിധ സവിശേഷതകൾ ഉൾപ്പെടുന്നുണ്ട്.












Click it and Unblock the Notifications