ഇനി റെഡ്‌മിയണ്ണന്റെ ആവേശം; പുത്തൻ ടർബോ മോഡലുമായി വിപണിയിൽ, ഫീച്ചറുകൾ കേട്ടാൽ കണ്ണ് തള്ളും
സ്‍മാർട്ട് ഫോൺ വിപണിയിൽ വന്നവരും നിന്നവരും പോയവരുമെല്ലാം നേട്ടമുണ്ടാക്കിയ വർഷമാണ് ഇത്. നിലവിലെ അവസ്ഥയിൽ ഏതൊരു ഫോൺ വരുന്നതിന് മുൻപും അതിന്റെ ഫീച്ചറുകളേക്കാൾ, വിലയേക്കാൾ ശ്രദ്ധിക്കേണ്ടത് ഒരു ഹൈപ്പ് ക്രിയേറ്റ് ചെയ്യാനാണ്. അങ്ങനയുണ്ടെങ്കിൽ മാത്രമേ വിൽപ്പനയിൽ മറ്റ് ഫോണുകളോട് കട്ടയ്ക്ക് നിൽക്കാൻ അവയ്ക്ക് കഴിയുകയുള്ളൂ.
അത്തരത്തിൽ എല്ലായ്‌പ്പോഴും ഹൈപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുള്ള കമ്പനിയാണ് ഷവോമി. അവരുടെ റെഡ്‌മി ഫോണുകൾക്ക് പ്രത്യേക ഫാൻ ബേസ് തന്നെ വിപണിയിലുണ്ട്. ഇപ്പോഴിതാ അവർ തങ്ങളുടെ പുത്തൻ ഫോണുമായി വന്നിരിക്കുകയാണ്. നിലവിൽ ചൈനയിലാണ് ഈ മോഡൽ അവതരിപ്പിച്ചതെങ്കിലും വൈകാതെ ഇത് ഇന്ത്യൻ വിപണിയിലേക്കും എത്തുമെന്നാണ് സൂചന.

അത്തരത്തിൽ റെഡ്‌മി അവതരിപ്പിക്കുന്ന പുതിയ മോഡലായ ടർബോ 3 വലിയ രീതിയിൽ ഹൈപ്പ് ക്രിയേറ്റ് ചെയ്തൊരു മോഡലാണ്. റെഡ്‌മിയുടെ തന്നെ മറ്റൊരു ടർബോ മോഡലായ നോട്ട് 12 ടർബോയിൽ നിന്ന് ഒട്ടേറെ വമ്പൻ അപ്ഗ്രേഡുകളുമായാണ് മോഡൽ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ടർബോ മോഡലുകൾക്ക് മാത്രമായുള്ള പല ഫീച്ചറുകളും ഇതിലുമുണ്ടാവും.
ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 എസ്ഒസി ആയിരിക്കും ഫോണിന് കരുത്തു പകരുക. കൂടാതെ ഷവോമിയുടെ ഹൈപ്പർ ഓഎസ് ഇൻ്റർഫേസിൽ ഇത് പ്രവർത്തിക്കും. മറ്റൊരു പ്രധാന സവിശേഷത എന്തെന്നാൽ ഫോണിന് 1.5കെ റെസല്യൂഷനോടുകൂടിയ ഒഎൽഇഡി ഡിസ്‌പ്ലേ ആയിരിക്കും രൂപഭാവം ഏകുക.
ക്യാമറയുടെ കാര്യത്തിലും കമ്പനി ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. ഇപ്പോഴത്തെ കാലത്ത് ഏതൊരു ഫോണിലും മിനിമം ക്വാളിറ്റി ക്യാമറ വരുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കുന്നുണ്ട്. ഇതിൽ 50 മെഗാപിക്‌സൽ സോണി LYT-600 പ്രൈമറി ക്യാമറയാണ് പിന്നിലുണ്ടാവുക. ഇത് ഫോട്ടോ എടുക്കാൻ താൽപര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് നല്ല അനുഭവം തന്നെ പ്രദാനം ചെയ്യും.
റെഡ്‌മി ടർബോ 3യിൽൽ 90W വയർഡ് ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയോട് കൂടിയ 5,000എംഎ എച്ച് ബാറ്ററിയാണുള്ളത്. പിന്നെ മറ്റൊരു പ്രധാന അറിയിപ്പ് എന്തെന്നാൽ സ്‌റ്റാൻഡേർഡ് മോഡലിനൊപ്പം ഫോണിന്റെ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷനും ഷവോമി രംഗത്ത് ഇറക്കിയിട്ടുണ്ട്. ഇത് കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്.
ഒരു മിഡ് ബജറ്റ് ഫോണായി തന്നെയാണ് ഇതിനെ കമ്പനി കൊണ്ട് വന്നിരിക്കുന്നത്.നിലവിൽ ചൈനയിൽ അവതരിപ്പിച്ച വേരിയന്റിൽ 12ജിബി + 256ജിബി പതിപ്പിന് 1,999 യുവാൻ (ഏകദേശം 23,000 രൂപ), 12ജിബി + 512ജിബി വേരിയന്റിന് 2,299 യുവാൻ (ഏകദേശം 26,450 രൂപ) എന്നിങ്ങനെയാണ് വിലയായി കമ്പനി നിശ്ചയിച്ചിട്ടുള്ളത്.
കൂടാതെ ടോപ് വേരിയന്റുകളുടെ വില വിവരവും പുറത്തുവന്നിട്ടുണ്ട്. അതിൽ 16ജിബി + 512ജിബിയുടെ വില 2,499 യുവാൻ (ഏകദേശം 28,000 രൂപ) ആണ്, കൂടാതെ ടോപ്പ് എൻഡ് 16ജിബി + 1ടിബി മോഡലിന് 2,799 യുവാൻ (ഏകദേശം 32,000 രൂപ) എന്നിങ്ങനെയുമാണ് വില.
ഐസ് ടൈറ്റാനിയം, ഗ്രീൻ ബ്ലേഡ്, മോ ജിംഗ് (കറുപ്പ്) കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഫീച്ചറുകൾ, വില എന്നിവയിൽ മാറ്റമുണ്ടാകുമോ എന്നറിയാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. ഒരുപക്ഷേ നിലവിലെ സാഹചര്യത്തിൽ ഫീച്ചറുകൾ മാറ്റാതെ തന്നെയാവും ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications