ഒരുവശത്ത് റിലയൻസ്, മറുവശത്ത് എയർടെൽ; ഈ പക്ഷം ചേർന്ന് ടാറ്റയും, കുരുക്കായി ഡിടിഎച്ച് ലൈസൻസ് ഫീ, കാരണം?
ഇന്ത്യൻ വിപണിയിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന കമ്പനികളാണ് എയർടെലും റിലയൻസ് ജിയോയും. സ്വകാര്യ ടെലികോം കമ്പനികളായ ഇരുകൂട്ടരും സേവനദാതാക്കളെ ഒപ്പം നിർത്താൻ ഏതറ്റം വരെയും പോവുന്ന ഗണത്തിൽപ്പെടുന്നവരാണ്. എന്നാൽ ഇപ്പോഴിതാ ഇരു കമ്പനികൾക്കും ഇടയിൽ സുപ്രധാനമായ ഒരു വിഷയത്തിന്റെ പേരിൽ പരസ്‌പരം കൊമ്പുകോർക്കുകയാണ്. ഇക്കുറി പക്ഷേ അത് മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ പേരിലല്ല എന്ന് മാത്രം.
നിലവിൽ ഡിടിഎച്ച് ലൈസൻസ് ഫീയുടെ പേരിലാണ് ഇരു കമ്പനികളും തുറന്ന പോരിലേക്ക് കടന്നിരിക്കുന്നത്. ഡിടിഎച്ച് ഓപ്പറേറ്റർമാരുടെ ലൈസൻസ് ഫീസ് ഒഴിവാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ വലിയ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു എന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ലൈസൻസ് ഫീസ് നിലനിർത്താൻ ജിയോ വാദിക്കുമ്പോൾ എയർടെൽ അത് ഒഴിവാക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കമ്പനികളും വിഷയത്തിൽ തങ്ങളുടെ നിലപാട് ഇന്ത്യയിലെ ടെലികോം റെഗുലേറ്ററായ ട്രായിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ രമ്യതയിൽ എത്തിയതായി വാർത്തകൾ വന്നിട്ടില്ല.
എയർടെലിന് പിന്തുണയുമായി ടാറ്റ പ്ലേ
നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലൈസൻസ് ഫീ പൂർണമായും ഒഴിവാക്കണം എന്നതാണ് എയർടെൽ സ്വീകരിച്ച നിലപാട്. മറ്റ് ടിവി വിതരണ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായി ഡിടിഎച്ചിനെയും പരിഗണിക്കണം എന്നാണ് അവരുടെ പ്രധാന ആവശ്യം. ഇതോടെ എയർടെൽ നിലപാടിന് പിന്തുണയുമായി മറ്റൊരു കമ്പനി കൂടി രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് അവർക്ക് ആശ്വാസകരമായ കാര്യം.
ടാറ്റ പ്ലേയാണ് എയർടെലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ടാറ്റ പ്ലേ ഈ മാറ്റം ഉടനടി നടപ്പിലാക്കാൻ ട്രായോട് ആവശ്യപ്പെടുകയാണ് ചെയ്‌തത്. കൂടാതെ നിയമങ്ങളിൽ കൂടുതൽ ഇളവുകളും അവർ തേടുന്നുണ്ട്. എയർടെൽ-ടാറ്റ പ്ലേ ലയനത്തെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരു കമ്പനികളും റിലയൻസിനെതിരെ ഒന്നിച്ചു നിൽക്കുന്നത്.
വിട്ടുകൊടുക്കാൻ തയ്യാറാവാതെ ജിയോ
സൗജന്യ സ്പെക്ട്രം അലോക്കേഷൻ വഴി ഇപ്പോൾ തന്നെ ഡിടിഎച്ച് പ്രൊവൈഡർമാർക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് റിലയൻസ് ജിയോ പറയുന്നത്. അതുകൊണ്ടാണ് ലൈസൻസ് ഫീയിലെ ഇളവിനെ ജിയോ എതിർക്കുന്നത്. ഈ നീക്കം ദേശീയ ഖജനാവിന് നഷ്‌ടം വരുത്തുമെന്ന് ജിയോ പറയുന്നു. കൂടാതെ ഐപിടിവി അടക്കമുള്ള സംവിധാനങ്ങളുമായി ഒരു അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുമെന്നും അവർ പറയുന്നു.
ട്രായ് നിലപാട് ഇങ്ങനെ
കഴിഞ്ഞ വർഷം ഓഗസ്‌റ്റ് മാസത്തിൽ ട്രായ് ഡിടിഎച്ച് ലൈസൻസ് ഫീസ് നിലവിലെ 8 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ആയി കുറയ്ക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. 2027 സാമ്പത്തിക വർഷത്തോടെ ഇത് നടപ്പാക്കാനാണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്. കേബിൾ ടിവി, ഐപിടിവി അടക്കമുള്ളവയുമായി തുല്യതയിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഡിടിഎച്ച് ഓപ്പറേറ്റർമാരിൽ നിന്ന് അവരുടെ മൊത്ത വരുമാനത്തിന്റെ 10 ശതമാനം അടിസ്ഥാനമാക്കി, മന്ത്രാലയം മുമ്പ് കുടിശ്ശിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിടിഎച്ച് ഓപ്പറേറ്റർമാർ ഇതിന് തയ്യാറായിരുന്നില്ല. നാല് സ്വകാര്യ ഡിടിഎച്ച് ഓപ്പറേറ്റർമാർക്ക് 15,000 കോടി രൂപയിൽ കൂടുതൽ ലൈസൻസ് ഫീസ് ബാധ്യതകളാണ് ഇതോടെ നേരിടേണ്ടി വരിക. വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications