ഗ്യാലക്‌സി എസ്23 ഒക്കെ ചെറിയ വിലയ്ക്ക് കിട്ടും; സാംസങിന് ഇതെന്ത് പറ്റി, ഈ അടിപൊളി ഫോണിനും ഓഫർ
വേണമെങ്കിൽ ഇന്ത്യയിലെ സ്‍മാർട്ട്ഫോൺ രാജാവ് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ബ്രാൻഡാണ് സാംസങ്. അവരുടെ മുൻനിര ഫ്ലാഗ്ഷിപ്പ് മോഡലുകൾ പോലും വലിയ വിലയുണ്ടായിട്ട് കൂടി നന്നായി വിറ്റുപോകുന്നവയാണ്. നിലവിൽ സാംസങ് ഗ്യാലക്‌സി എസ്24 സീരീസ് ആണ് വിപണിയിൽ തരംഗമായി വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുന്നത്.
എന്നാൽ സാംസങ് എസ് സീരീസിന് തന്നെ ഇന്ന് കാണുന്ന പ്രൗഢിയും രാജകീയ പരിവേഷവും ഒക്കെ ചാർത്തി നൽകാൻ കാരണമായത് മറ്റൊരു മോഡലാണ്, അത് സാംസങിന്റെ തന്നെ എസ്23 സീരീസിൽ വന്ന മോഡലുകൾ ആയിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും അവയുടെ ജന സ്വീകാര്യതയും ആവശ്യകതയും ഒന്നും കൈമോശം വന്നിട്ടില്ലെന്നതാണ് വാസ്‌തവം.

ഇപ്പോഴിതാ സാംസങിന്റെ ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡൽ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് വലിയൊരു ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. സാംസങ് എസ്23 മോഡലുകൾക്ക് വമ്പൻ വിലക്കുറവ് ആണ് ഫ്ലിപ്പ്കാർട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടെ സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ മോഡലിനും വിലക്കുറവ് ഉണ്ട്.
ഓഫർ ഇങ്ങനെയൊക്കെ
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഗ്യാലക്‌സി എസ് 23 എഫ്ഇ 39,999 രൂപയിൽ താഴെയും ഗ്യാലക്‌സി എസ് 23 ഫോൺ 44,999 രൂപയ്‌ക്കും ലഭ്യമാകും. ഇതോടെ പുതിയ നീക്കം ഗ്യാലക്‌സി എഐ ഫീച്ചറുകളുള്ള ഏറ്റവും താങ്ങാനാവുന്ന സാംസങ് സ്‌മാർട്ട്‌ഫോണുകളായി ഇവയെ മാറ്റും. ഈ ഫോണുകൾ ഐപി68 റേറ്റിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളോടെയാണ് വരുന്നത്.
ഈ വിലകൾ അധിക ബാങ്ക് ഓഫറുകൾ ഉൾപ്പെടെയായിരിക്കും. ഗ്യാലക്‌സി എഐ സവിശേഷതകൾ ഇത്രയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുക എന്നതാണ് ഈ കാര്യത്തിലും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന്. ഗ്യാലക്‌സി എസ്23 കഴിഞ്ഞ വർഷം 74,999 രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. ഗ്യാലക്‌സി എസ്23 എഫ്ഇ കഴിഞ്ഞ വർഷം അവസാനം 49,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്.
ഏതാണ്ട് സമാനമായ രൂപകൽപന ഉണ്ടായിട്ടും ഇവ രണ്ടും വളരെയേറെ മാറ്റങ്ങൾ ഉള്ള രണ്ട് ഫോണുകളാണ് എന്നതാണ് സവിശേഷത. ഗഗ്യാലക്‌സി എസ്23 സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി ആണ് നൽകുന്നത്, അതേസമയം ഗ്യാലക്‌സി S23 എഫ്ഇ ആവട്ടെ എക്‌സിനോസ് 2200 അടിസ്ഥാനമാക്കിയുള്ളതാണ്. എസ്23യിൽ 6.1 ഇഞ്ച് സ്‌ക്രീൻ ആണുള്ളത്. എന്നാൽ എസ്23 എഫ്ഇക്ക് ആവട്ടെ 6.4 ഇഞ്ച് സ്‌ക്രീൻ ആണുള്ളത്.
ഇത്തരത്തിൽ ഫീച്ചറുകളുടെ കാര്യത്തിൽ ഇവ തമ്മിൽ അജഗജാന്തരം വ്യത്യാസങ്ങളുണ്ട് എന്നതാണ് പ്രത്യേകത. എങ്കിലും ഈ രണ്ട് ഫോണുകളും സാംസങ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എഐ സവിശേഷതകൾ ആണുള്ളത്. അതാണ് ഇവയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുന്നത്. പിന്നെ ഈ ഫീച്ചർ ഉള്ളത് എസ്24 സീരീസിൽ ആണ്.












Click it and Unblock the Notifications