ആപ്പിളും വൺപ്ലസും രണ്ടടി മാറിനിന്നോ; വരുന്നത് സാംസങിന്റെ രാജകുമാരൻ, എസ്24 എഫ്ഇ എപ്പോൾ എത്തും?
ഇപ്പോൾ എങ്ങോട്ട് നോക്കിയാലും ആപ്പിൾ ഐഫോണുകൾ മാത്രമാണ് താരം. അടുത്തിടെ ഐഫോൺ 16 സീരീസ് ഇറങ്ങിയതിന്റെ ആലസ്യത്തിലാണ് വിപണി. അതുകൊണ്ട് തന്നെ ഈ ഫോണിന്റെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് ഒരിത്തിരി അധിക ശ്രദ്ധയുണ്ട് താനും. എന്ന് വച്ച് ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡിനെ വെല്ലാൻ ഇപ്പോഴും ആപ്പിൾ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. അതിന്റെ കാരണം അവരുടെ പ്രധാന എതിരാളിയായ സാംസങ് തന്നെയാണ്.
ഐഫോൺ 16 സീരിസിനെ നേരിടാൻ സാംസങ് ഒരുക്കുന്ന വജ്രായുധമായ ഗ്യാലക്‌സി എസ്25 വരാൻ ഇനിയും ഏറെ സമയമെടുക്കും. എന്നാൽ അതുവരെ തങ്ങളുടെ ഉപഭോക്താക്കളെ വെറുതെ കൊതിപ്പിച്ചിരിക്കാൻ സാംസങ് സമ്മതിക്കില്ലെന്നാണ് ഇപ്പോഴത്തെ വിവരം. അതിനായി അവർ രംഗത്തിറക്കുന്നത് സുപ്രധാന മോഡലുകളിൽ ഒന്നായ ഗ്യാലക്‌സി എസ്24 എഫ്ഇ മോഡലിനെയാണ്. ഈ ഫോണിനെ കുറിച്ചും ധാരാളം അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

എന്നാൽ അടുത്തിടെ ഒരു ഞെട്ടിക്കുന്ന സംഭവമുണ്ടായി, ഈ ഫോണിന്റെ പ്രീ ബുക്കിംഗ് വിവരങ്ങൾ യുഎസിൽ ലീക്കാവുകയായിരുന്നു. അതിൽ നിന്നാണ് സാംസങ് എന്തൊക്കെയാണ് ഇതിൽ ഒരുക്കി വച്ചിരിക്കുന്നതെന്ന ഏറെക്കുറെ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. വരാനിരിക്കുന്ന ഈ ഫാൻ എഡിഷൻ സ്‍മാർട്ട് ഫോൺ ഒക്ടോബർ മൂന്ന് മുതൽ പ്രീ ബുക്കിംഗിന്ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം.
ഇതൊരിക്കലും വിപണിയിൽ ഐഫോൺ 16 മോഡലിനെ നേരിട്ട് ഏറ്റുമുട്ടാൻ ഇറക്കിയിട്ടുള്ള മോഡൽ അല്ലെന്ന് നേരത്തെ തന്നെ ഉറപ്പിച്ചോളൂ. കാരണം ഇത് എസ്24 സീരീസിലെ ഒരു ഫാൻ എഡിഷൻ മോഡൽ ആണെന്ന് പറയുന്നതാവും ഉചിതം. എങ്കിലും ചെറിയ വിലയ്ക്ക് ഏതൊരു ഹൈ എൻഡ് പ്രീമിയം ഫോണും നൽകുന്ന ചില ഫീച്ചറുകൾ ഈ ആൻഡ്രോയിഡ് മിടുക്കൻ ഉപഭോക്താക്കൾക്കായി നൽകുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.
കൂടാതെ ഈ ഫോണിനെ ഏറ്റവും കൂടുതൽ ശ്രദ്ധാ കേന്ദ്രമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. വരാനിരിക്കുന്ന കാലത്തിന്റെ അടയാളപ്പെടുതലായ എഐ ഫീച്ചറുകൾ ഈ ഫോണിൽ ധാരാളമായി ഉണ്ടാവും എന്നതാണ്. ആപ്പിൾ പോലും ഐഫോൺ സീരീസിൽ അടുത്തിടെയാണ് എഐ ഫീച്ചറുകൾ കാര്യമായി അവതരിപ്പിക്കാൻ തുടങ്ങിയത് എന്നോർക്കണം.
സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ ഫീച്ചറുകൾ
മുൻ മോഡലിൽ നിന്ന് ഡിസ്‌പ്ലേയിൽ ഉൾപ്പെടെ കാതലായ മാറ്റമാണ് സാംസങ് വരുത്തിയിരിക്കുന്നത്. നേരത്തെ 6.4 ഇഞ്ച് ഡിസ്‌പ്ലേ ആയിരുന്നു ഇതിൽ ഉണ്ടായിരുന്നതെങ്കിൽ അപ്ഗ്രേഡ് ചെയ്‌ത് അത് 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ ആക്കി മാറ്റിയിട്ടുണ്ട്. എക്‌സിനോസ് 2400ഇ പ്രൊസസർ ഉൾപ്പെടുത്തിയിട്ടുള്ള 8ജിബി റാം 512 ജിബി സ്‌റ്റോറേജ് ഓപ്‌ഷനുകൾ ഫോണിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
പിന്നിൽ മൂന്ന് യമണ്ടൻ ക്യാമറകളുമായി വരുന്ന രീതിയിലാവും ഈ ഫോണിന്റെ ഡിസൈൻ. അതിൽ പ്രധാന ക്യാമറ 50 എംപി ശേഷിയുള്ളതാവും. 12 എംപി അൾട്രാ വൈഡ് ലെൻസ് 8 എംപി ടെലിഫോട്ടോ ക്യാമറ കൂടിയുണ്ടാവും ഇതിൽ. ഇതിന് പുറമെ ഫ്രണ്ടിൽ ഒരു 10 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ബാറ്ററി ശേഷിയാവട്ടെ 4700എംഎച്ച് ആയി നിജപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications