സാംസങിന്റെ ഈ നീക്കം ആപ്പിളിനെ ലക്ഷ്യമിട്ടോ? എസ്24 എഫ്ഇയുടെ വരവ് ശരിക്കും ഞെട്ടിക്കും, കാരണം ഇത്
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ മത്സരം കൊടുമ്പിരികൊള്ളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. വമ്പന്മാരായ ആപ്പിളും സാംസങും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മറുവശത്ത് ഷവോമി, വൺ പ്ലസ് പോലെയുള്ള ബ്രാൻഡുകളും തങ്ങളാൽ കഴിയുന്ന നിലയിൽ പൊരുതുകയാണ്. ചെറിയ മേൽക്കൈ ഇപ്പോൾ ആപ്പിളിന് ഉണ്ടെന്ന് പറയാം വേണമെങ്കിൽ, അതിന് കാരണം ഐഫോൺ 16 മോഡലുകളുടെ വരവ് തന്നെയാണ്.
എന്നാൽ അതിന് അധികം ആയുസ് ഉണ്ടാവില്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം. പ്രധാന എതിരാളികളായ സാംസങ് തന്നെയാണ് ഇക്കാര്യത്തിൽ ആപ്പിളിനെ വെല്ലുവിളിക്കാൻ ഒരുങ്ങുന്നത്. സാംസങ് ഗ്യാലക്‌സി എസ്25 ആയിരിക്കും ഈ മത്സരാർത്ഥി എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി, അതിന് മുൻപ് തന്നെ ഐഫോൺ 16 മോഡലുകളെ വരുതിയിലാക്കാൻ സാംസങ് ഒരു ഭൂതത്തെ തുറന്ന് വിടുന്നുണ്ട്.

അതാണ് സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ മോഡൽ. ഏറെ പ്രത്യേകതകളുമായി വിപണിയിൽ എത്താനിരിക്കുന്ന ഈ മോഡൽ ആപ്പിളുമായി നേരിട്ട് ഏറ്റുമുട്ടും. പ്രധാനമായും ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും കുറഞ്ഞ ചിലവിൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടെ ലഭ്യമാവും എന്നതാണ്. കാരണം ഇതിനെ വിളിക്കുന്നത് ഫാൻ എഡിഷൻ എന്നാണ്.
സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ
വരാനിരിക്കുന്ന സാംസങിന്റെ ഈ ഫോൺ അത്ര ചെറിയ പുള്ളിയൊന്നുമല്ല. ലോഞ്ചിംഗ് തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്യാലക്‌സി എസ്10 ടാബ് സീരീസിനൊപ്പം ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.
ഗ്യാലക്‌സി ടാബ് എസ് 10 സീരീസിനായുള്ള പ്രീ-റിസർവേഷൻ നേരത്തെ തന്നെ സാംസങ് ആരംഭിച്ചിരുന്നു. പ്രീ-റിസർവേഷൻ കാലയളവ് സെപ്റ്റംബർ 24നാണ് അവസാനിക്കുന്നത്. തുടർന്ന് ഗ്യാലക്‌സി ടാബ് എസ്10 സീരീസ് സെപ്റ്റംബർ 26ന് വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ ഇതേ ദിവസം എസ്24 എഫ്ഇ കൂടി അവതരിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യത്തിൽ സാംസങ് ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.
എന്തൊക്കെയാണ് പ്രതീക്ഷ?
8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള സാംസങ് ഗ്യാലക്‌സി എസ് 24 എഫ്ഇ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് അല്ലെങ്കിൽ എക്‌സിനോസ് 2400 ചിപ്പുമായി എത്തുമെന്നാണ് കരുതപ്പെടുന്നത്. സാംസങ് മുമ്പ് ചില മോഡലുകളിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് നൽകി കൊണ്ട് ഡ്യുവൽ ചിപ്പ് തന്ത്രം പിന്തുടർന്നിരുന്നു, സമാനമായ രീതി ഒരുപക്ഷേ എസ്24 എഫ്ഇയിലും നടപ്പിലാക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
6.7-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഗ്യാലക്‌സി എസ്24 എഫ്ഇ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മൂന്ന് പിൻ-ക്യാമറ സജ്ജീകരണവും മുൻവശത്തുള്ള സെൽഫി ക്യാമറയും ഉള്ള എസ്23 എഫ്ഇക്ക് സമാനമായ ഒരു ഡിസൈൻ തന്നെ ഈ മോഡലിലും നൽകിയേക്കുമെന്ന് കരുതുന്നും. പ്രൈമറി ക്യാമറ 50എംപി ആയിരിക്കും ഒപ്പമൊരു അൾട്രാവൈഡ് ക്യാമറയുംഒപ്റ്റിക്കൽ സൂം ലെൻസും ഇതിൽ നൽകിയേക്കും. വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.












Click it and Unblock the Notifications