സാംസങ് ഒന്ന് പേടിച്ചോ? ഐഫോൺ 16 വന്നപ്പോഴേക്കും ഒറ്റയടിക്ക് വില കുറച്ചു, എസ്24 അൾട്രയിൽ ലാഭം 20,000
ഇന്ത്യൻ സ്‍മാർട്ട് ഫോൺ മാർക്കറ്റിന് തീപിടിച്ച മാസമാണിതെന്ന് നിസംശയം പറയാം. അതിന് തിരി കൊളുത്തിയതാവട്ടെ ആപ്പിൾ ഐഫോൺ 16 സീരീസിന്റെ ലോഞ്ചും. അവരോട് ഇന്നത്തെ നിലയിൽ മുട്ടി നിൽക്കാൻ കെൽപുള്ള ഏതെങ്കിലും കമ്പനിയുണ്ടെങ്കിൽ അത് ആൻഡ്രോയിഡ് വമ്പൻമാരായ സാംസങ് തന്നെയാണ്. എന്നാൽ ഇക്കുറി സാംസങ് ഒന്ന് വിറച്ച മട്ടാണ്. അത്രയും വലിയ വരവേൽപ്പാണ് ഐഫോൺ കൊമ്പനെ ലഭിച്ചത്.
ഇതോടെ ഇപ്പോഴിതാ സാംസങ് പുതിയ നീക്കം ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് വണ്ടർ ഫോണായ സാംസങ് ഗ്യാലക്‌സി എസ്24 അൾട്രയ്ക്ക് കാര്യമായ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. നിലവിൽ വിപണിയിൽ ആപ്പിൾ ഐഫോൺ 16 സീരീസുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്ന ഈ ഫോണിന് വമ്പൻ ഡിസ്‌കൗണ്ട് ആണ് ലഭ്യമാവുന്നത്.

ഇത് പരിമിതകാലത്തേക്ക് മാത്രം ലഭ്യമാവുന്ന ഓഫർ ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന ഇഎംഐ പ്ലാനുകൾ കൂടി സാംസങ് ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഇതോടെയാണ് ഈ ഓഫർ പ്രഖ്യാപനവും ഐഫോണിന്റെ വരവും പലരും കൂട്ടിയിണക്കുന്നത്.
സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര ഡിസ്‌കൗണ്ട്
പുതിയ ഓഫറിലൂടെ സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര 1,09,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 1,29,999 രൂപയാണ് നിലവിൽ സ്‍മാർട്ട്ഫോണിന്റെ യഥാർത്ഥ വില. അവിടെ നിന്നാണ് ഇത്രയും വലിയൊരു കിഴിവ് നൽകി സാംസങ് തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. 20,000 നേട്ടം ഇതിലൂടെ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും.
ഈ പ്രത്യേക വിലയിൽ 8,000 രൂപ ഇൻസ്‌റ്റനടി ക്യാഷ്ബാക്കും 12,000 രൂപയുടെ അധിക അപ്‌ഗ്രേഡ് ബോണസും കൂടി ഉൾപ്പെടുന്നു. അതല്ലെങ്കിൽ ഉപഭോക്താക്കൾക്ക് 12,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കാനുള്ള അവസരമുണ്ട് എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 15 ശതമാനത്തോളം വിലക്കുറവ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
ഇതിന് പുറമെ മെച്ചപ്പെട്ടവില ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 24 മാസത്തേക്ക് നോ-കോസ്‌റ്റ് ഇഎംഐ സേവനം കൂടി പ്രയോജനപ്പെടുത്താം. ഗ്യാലക്‌സി എസ്24 അൾട്ര എല്ലാ മുൻനിര ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്‌റ്റോറുകളിലും ലഭ്യമാണ്. ഫ്ലിപ്‌കാർട്ട്, ആമസോൺ തുടങ്ങിയ സൈറ്റുകളിൽ ഉത്സവകാലത്തോട് അനുബന്ധിച്ച് തകൃതിയായി ഈ ഫോണിന്റെ വിറ്റുവരവ് നടക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.
ഗ്യാലക്‌സി എസ്24 അൾട്ര ഫീച്ചറുകൾ
6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് എന്നിവയാണ് സാംസങിന്റെ ഈ വജ്രായുധത്തിന്റെ പ്രധാന ആകർഷണങ്ങൾ. കൂടാത്ത ഈ സ്‌മാർട്ട്‌ഫോൺ ഗ്യാലക്‌സി എഐയെ പിന്തുണയ്‌ക്കുന്നത് കൂടിയാണ്. സർക്കിൾ ടു സെർച്ച്, ചാറ്റ് അസിസ്‌റ്റ്, തത്സമയ വിവർത്തനം എന്നിവ ഉൾപ്പെടെ ഒട്ടേറെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളുടെ വൻ ശേഖരം തന്നെ ഫോണിലുണ്ട്.
ഗ്യാലക്‌സി എസ് 24 അൾട്രായുടെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഇതിലെ ക്യാമറ തന്നെയാണ്. 120-ഡിഗ്രി എഫ്ഒവി ഉള്ള 12 എംപി അൾട്രാ-വൈഡ് ക്യാമറ, ഒഐഎസ് ഉള്ള 200എംപി വൈഡ് ക്യാമറ, 5x, 3x ഒപ്റ്റിക്കൽ സൂം ഓപ്ഷനുകൾ ഫീച്ചർ ചെയ്യുന്ന ടെലിഫോട്ടോ ക്യാമറകൾ എന്നിവയും ഒപ്പം ഒരു ഉഗ്രൻ 12 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.












Click it and Unblock the Notifications