സാംസങ് രണ്ടും കൽപിച്ച് തന്നെ; എസ്24 അൾട്രയിൽ ഈ ഫീച്ചറുകൾ, ഒരു ഫോണിന് ഇത്രയൊക്കെ പറ്റുമോ..?
സ്‍മാർട്ട്ഫോൺ വിപണിയിൽ പകരക്കാരില്ലാത്ത കമ്പനിയാണ് സാംസങ്. ആൻഡ്രോയ്‌ഡ് ഫോണുകളുടെ തലതൊട്ടപ്പൻ എന്ന് വേണമെങ്കിൽ അവരെ വിളിക്കാം. നിലവിൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എസ്23 അൾട്രാ ജനഹൃദയങ്ങൾ കീഴടക്കി കുതിപ്പ് തുടരുകയാണ്. അപ്പോഴാണ് പുതിയ ഫോണായ എസ്24 അൾട്രയെ കുറിച്ചുള്ള വിശേഷങ്ങൾ പലയിടത്തുനിന്നായി പുറത്തുവരുന്നത്.
എസ്23 അൾട്ര തന്നെ എത്രമാത്രം ഫീച്ചറുകൾ ഉള്ളത് ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അപ്പോൾ അതിന്റെ ടോപ് മോഡലായി എത്തുന്ന എസ്24 അൾട്ര എന്തൊക്കെ അത്ഭുതങ്ങളുമായാവും എത്തുക എന്നാണ് ആൻഡ്രോയിഡ് പ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഫോണിന്റെ ചില ഫീച്ചറുകളെ കുറിച്ച് ലീക്കായ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് 56 ശതമാനം ബിൽഡ് സ്ട്രെങ്ത് വർധിപ്പിച്ചാവും എത്തുക. ടൈറ്റാനിയം ഫ്രെയിമും നവീകരിച്ച ഗൊറില്ല ഗ്ലാസും സംയോജിപ്പിച്ചതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
സാംസങ് അതിന്റെ വരാനിരിക്കുന്ന പുത്തൻ തലമുറ മോഡലുകൾക്കായി പുതിയതും കടുപ്പമേറിയതുമായ ഒരു ഫ്രെയിം അവതരിപ്പിക്കുന്നതിനാൽ നിലവിലെ അലുമിനിയം ഫ്രെയിമിൽ നിന്നുള്ള മോചനവും അടയാളപ്പെടുത്തും. കൗതുകകരമെന്ന് പറയട്ടെ സമാനമായി ആപ്പിൾ നേരത്തെ ഐഫോൺ 15 പ്രോ സീരീസുകളിൽ ടൈറ്റാനിയം ഫ്രെയിം ഉൾപ്പെടുത്തിയിരിക്കുന്നു.
അതേസമയം, സാംസങ് ഗ്യാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ് എന്നിവയിൽ ടൈറ്റാനിയം ഫ്രെയിം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും സൂചിപ്പിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസിന്റെ ഏറ്റവും മികച്ചത് തന്നെ ഫോണിൽ ഉൾപ്പെടുത്തുന്നതോട് കൂടി ഈ സാംസങ് ഉത്പന്നം കൂടുതൽ കരുത്ത് നേടുമെന്നാണ് കരുതപ്പെടുന്നത്.
കൂടാതെ, ഈ സ്‌മാർട്ട്‌ഫോണിൽ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ ക്യാമറയില്‍ ഇതുവരെ ഒരു ഫോണിനും അവകാശപ്പെടാനില്ലാത്ത അത്ര മികവുണ്ടാവും എസ്24 അൾട്രയ്ക്ക് എന്നാണ് സൂചന. ഇസോസെല്‍ 200 എംപി സെന്‍സറാണ് ഇവയുടെ പ്രത്യേകത.
അടുത്ത വർഷം ജനുവരിയിൽ ഈ മൊബൈൽ ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതിന്റെ ലോഞ്ച് ഡേറ്റോ മറ്റ് വിശദാംശങ്ങളോ പുറത്തുവിടാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. വിപണയിൽ ഐഫോൺ 15 പ്രോ അടക്കമുള്ള മുൻനിര ഫോണുകളുമായി തന്നെയാവും ഈ മോഡൽ ഏറ്റുമുട്ടുക.












Click it and Unblock the Notifications