യഥാർത്ഥ ഫ്ലാഗ്ഷിപ് യുദ്ധം; ഈ വർഷം വിപണിയിൽ ലഭ്യമായ പ്രീമിയം സ്‍മാർട്ട്ഫോണുകൾ ഇവയൊക്കെ...
രാജ്യത്തെ സ്‍മാർട്ട്ഫോൺ വിപണിയുടെ വളർച്ച വളരെ പെട്ടെന്നാണ് ഉണ്ടാവുന്നത്. മുൻപൊക്കെ സ്‍മാർട്ട്ഫോണുകൾ വർഷത്തിൽ ഒന്നോ രണ്ടോ എണ്ണം മോഡലുകൾ മാത്രമാണ് കമ്പനികൾ ഇറക്കിയിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. ചെറിയ ഇടവേള മാത്രമാണ് ഓരോ ഫോൺ അവതരിപ്പിക്കുന്നതിന് ഇടയിലും കമ്പനികൾ നൽകുന്നത്. മേഖല അത്രയും മത്സരാധിഷ്‌ഠിതമായത് തന്നെ കാരണം.
ഇത്തരത്തിൽ പ്രീമിയം ഫോണുകൾ ആർക്കും വാങ്ങാം എന്ന നിലയിലേക്കു സാമൂഹിക സാഹചര്യങ്ങൾ മാറിയതും കമ്പനികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വമ്പൻ വിറ്റുവരവാണ് ഈ ഇനത്തിൽ കമ്പനികൾ സ്വന്തമാക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച ഇല്ലാത്ത, വില വിഷയമല്ലാത്ത ഈ വിഭാഗത്തിലെ ഏറ്റവും മികച്ച അഞ്ച് ഫോണുകൾ നമുക്ക് ഇന്ന് പരിചയപ്പെടാം.

സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര
സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച പ്രീമിയം ഫോണുകളിൽ ഒന്നാണ്. ഈ മോഡൽ മികച്ച് നില്‍ക്കുന്നത് ക്യാമറയിലാണ്. കൂടാതെ കരുത്തുറ്റ ബാറ്ററി ശേഷിയും ഫോണിനെ വേറിട്ട് നിർത്തുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യുടെ കരുത്തും ഈ ഫോണിന് മുതൽക്കൂട്ടാണ്. 200എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് ക്യാമറ, 10എംപി 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന എസ്24 അൾട്രായിലെ ക്യാമറ സിസ്‌റ്റം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.
ഐഫോൺ 15 പ്രോ മാക്‌സ്
ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ ഐഫോണിന്റെ പുത്തൻ തലമുറ ഫോണാണിത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. ഐഫോൺ 15 പ്രോ മാക്‌സിൽ 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുമായാണ് ആപ്പിൾ വിപണിയിൽ എത്തിച്ചത്. ഈ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് A17 പ്രോ ചിപ്പാണ്.
വൺ പ്ലസ് 12
വൺ പ്ലസിന്റെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഇത്. ഫോണിൽ 24ജിബി വരെ റാമും 1ടിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ക്വാൽകോം സ്‌നാപ് ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് മോഡലിൽ നൽകിയിരിക്കുന്നത്. കൂടാതെ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്‌റ്റവും ഫോണിൽ കമ്പനി അവതരിപ്പിക്കുന്നു. വൺ പ്ലസ് 12ന് 6.82 ഇഞ്ച് ക്യൂഎച്ച്ഡി 2K OLED ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതും ഈ വർഷത്തെ മികച്ച മോഡലുകളിൽ ഒന്നാണ്.
ഗൂഗിൾ പിക്‌സൽ 8 പ്രോ
ഗൂഗിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് പിക്‌സൽ 8 പ്രോ. അപ്‌ഗ്രേഡുചെയ്‌ത ടെൻസർ ജി3 ചിപ്പ് പ്രകടനം വർദ്ധിപ്പിക്കുകയും ഉപയോഗപ്രദമായ സോഫ്റ്റ്‌വെയർ കാര്യങ്ങൾക്ക് ഫോണിനെ പ്രാപ്‌തമാക്കുകയും ചെയ്യുന്നു. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകി തന്നെയാണ് ഗൂഗിൾ ഈ മോഡൽ ഒരുക്കിയിരിക്കുന്നത്. ബാറ്ററിയും, ചാർജിംഗും ആയി ബന്ധപ്പെട്ട ചെറിയൊരു ന്യൂനത ഒഴിച്ചുനിർത്തിയാൽ ഒരു ഗംഭീര ഫോൺ തന്നെയാണിത്.
വിവോ എക്‌സ്100 പ്രോ
വിവോയുടെ ക്യാമറകൾ എല്ലായ്‌പ്പോഴും പ്രശംസ ഏറ്റുവാങ്ങിയവയാണ്, പുതിയ എക്‌സ്100 പ്രോയിലും ഇത് വ്യത്യസ്‌തമല്ല. 50എംപി വൈഡ് ആംഗിളും 64എംപി 3x ഒപ്റ്റിക്കൽ സൂമുമായി ജോടിയാക്കിയ വലിയ 1 ഇഞ്ച് 50എംപി പ്രധാന സെൻസർ, മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്ക് സഹായിക്കുന്നു. പെർഫോമൻസിന്റെ കാര്യത്തിലും ഈ ഫോൺ പിന്നിലല്ല.












Click it and Unblock the Notifications