ഐഫോണേ വഴിമാറിക്കോ; സാംസങ് അടിച്ചുകേറി വരും, എസ്25 അൾട്രയിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ
സാംസങ് എന്ന് പറഞ്ഞാൽ ഇന്ത്യയിലെ സ്‍മാർട്ട് ഫോൺ പ്രേമികൾക്ക് എന്നുമൊരു വികാരമാണ്. സ്‍മാർട്ട് എന്തെന്ന് അറിയാത്തൊരു കാലത്ത് അതിനെ ജനകീയമാക്കുന്നതിൽ അവർ വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് ഇടയിൽ ആപ്പിളിനേക്കാൾ സ്വാധീനവും ഈ ആൻഡ്രോയിഡ് കമ്പനിക്കുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
അങ്ങനെ ഉള്ളപ്പോൾ പിന്നെ സാംസങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിനും അവർ അത്രത്തോളം പ്രാധാന്യം കൊടുക്കുമെന്ന കാര്യം ഉറപ്പല്ലേ? അതെ അങ്ങനെ പറഞ്ഞാലും തെറ്റില്ല. ഏറ്റവും ഒടുവിൽ ഇറങ്ങിയ സാംസങിന്റെ പ്രീമിയം മോഡലായ എസ്24 വരെ ഈ പതിവ് തുടരുന്ന കാഴ്‌ച നാം കണ്ടതാണ്. അതേ വഴിയിൽ തന്നെയാണ് സാംസങ് ഗ്യാലക്‌സി എസ്25 എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.

ലോഞ്ചിംഗിന് ഇനിയും നാളുകൾ ശേഷിക്കെ ഈ ഫോണിനെ കുറിച്ചുള്ള ഒട്ടേറെ വിവരങ്ങൾ പല വെബ്‌സൈറ്റുകളും മാധ്യമങ്ങളും പുറത്തുവിട്ടു കഴിഞ്ഞു. സാംസങിന്റെ ഏറ്റവും കരുത്തുറ്റ മോഡലായി മാറുമെന്ന് കരുതപ്പെടുന്ന ഗ്യാലക്‌സി എസ് 25 അൾട്രയ്ക്ക് വിപണിയിൽ നേരിടേണ്ടത് ശക്തനായ ആപ്പിൾ ഐഫോൺ 16 പ്രോയെ ആയിരിക്കും എന്നത് ഉറപ്പാണ്. രണ്ട് ഫോണുകളുടെയും ലോഞ്ച് സമീപ നാളുകളിൽ തന്നെ നടക്കും.
സാംസങ് ഗ്യാലക്‌സി എസ് 25- പൂർണ വിവരം
സാംസങ് ഗ്യാലക്‌സി എസ് 24ന്റെ പിൻഗാമിയായി ഗ്യാലക്‌സി എസ്25 അടുത്ത വർഷം എത്തും. ഇതിൽ ശ്രദ്ധേയമായ ചില മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാമതായി, മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റ് ഉൾപ്പെടുന്ന ഒരു വേരിയന്റിനെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മിക്കവാറും ഡൈമൻസിറ്റി 9400 എസ്ഒസി ആയിരിക്കും ഇത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 വേരിയന്റിന് പുറമേയായിരിക്കും ഇത്.
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, എൻട്രി ലെവൽ ഗ്യാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ് എന്നിവയിൽ എസ് 24, എസ് 24 പ്ലസ് എന്നീ മുൻ മോഡലുകളിൽ കാണുന്ന അതേ 50 മെഗാപിക്‌സൽ മെയിൻ, 12 എംപി സെൽഫി ക്യാമറകൾ അവതരിപ്പിക്കാനാവും സാംസങ് തയ്യാറാവുക. എന്നാൽ ഈ ഫോണുകളുടെ അൾട്രാവൈഡ് അല്ലെങ്കിൽ ടെലിഫോട്ടോ ലെൻസുകളിൽ മാറ്റങ്ങൾ വരുത്തുമോ എന്ന കാര്യത്തിൽ ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമല്ല.
എന്നാൽ അൾട്ര മോഡലിൽ കാര്യമായ മാറ്റം ക്യാമറയിൽ വരുത്താൻ സാംസങ് തയ്യാറാവും എന്നാണ് സൂചന. ആപ്പിൾ ഐഫോൺ 16 പ്രോയെ ലക്ഷ്യമിട്ടാവും ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. 200എംപി പ്രൈമറി റിയർ ക്യാമറ, 50എംപി അൾട്രാവൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50എംപി ടെലിഫോട്ടോ ക്യാമറ, 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിൽ അവർ അവതരിപ്പിക്കുന്ന പുതിയ ക്യാമാറ സജ്ജീകരണം.
സാംസങിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്‌സി എസ് 24 അൾട്രയുമായി താരതമ്യപ്പെടുത്തുമ്പോൾ അൾട്രാവൈഡ്, ടെലിഫോട്ടോ ക്യാമറകൾക്ക് കാര്യമായ മാറ്റം തന്നെ ഉണ്ടാവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബാറ്ററിയിലും കാര്യമായ നവീകരണം പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഗ്യാലക്‌സി എസ് 24 അൾട്രയിൽ ഉള്ള ബാറ്ററി 5000എംഎച്ച് ശേഷിയോട് കൂടിയുള്ളതാണ്.
എന്നാൽ വരാനിരിക്കുന്ന മോഡലിൽ പക്ഷേ പത്ത് ശതമാനത്തോളം അപ്‌ഡേഷൻ കരുത്തിൽ ഉണ്ടാവും എന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് 5500എംഎഎച്ച് ബാറ്ററി തന്നെ ഫോണിൽ ഉണ്ടായേക്കും എന്നാണ് സൂചന. ഇതോടെ ക്യാമറ, ബാറ്ററി, ഡിസൈൻ എന്നിവയിൽ ഈ വർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഐഫോൺ 16 സീരീസിനെ കടത്തി വെട്ടാമെന്ന പ്രതീക്ഷയിലാണ് സാംസങ്.












Click it and Unblock the Notifications