സാംസങിന്റെ മുട്ടൻ പണി; എസ്25 കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടി വരും, വിനയാവുക ബാറ്ററിയിലെ മാറ്റം
ഏറ്റവുമധികം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‍മാർട്ട് ഫോൺ മോഡലുകളിൽ ഒന്നാണ് സാംസങ് ഗ്യാലക്‌സി എസ്25 എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. കാരണം ഇന്ന് വിപണിയിൽ ലഭിക്കാവുന്ന ഏറ്റവും പ്രീമിയം ഫോണിന്റെ അടുത്ത തലമുറ മോഡലാണ് ഇത്. പിന്നെ സാംസങിന് ഇന്ത്യയിലുള്ള ജനപ്രീതി നിങ്ങൾക്ക് അറിയാവുന്നതുമാണല്ലോ.
ഇന്ത്യക്കാരെ ആൻഡ്രോയിഡിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച സാംസങ് പക്ഷേ ഇപ്പോൾ സാങ്കേതിക വിദ്യയുടെ എല്ലാ വശവും ഒരുപോലെ ഉപയോഗപ്പെടുത്തി കൊണ്ടാണ് തങ്ങളുടെ ഫോണുകൾ രംഗത്ത് ഇറക്കുന്നത്. അതുകൊണ്ട് തന്നെയാണ് എസ്25 എന്ന ഫോണിനെ കുറിച്ച് കമ്പനി ഔദ്യോഗികമായി എന്തെങ്കിലും പറയും മുൻപ് തന്നെ പലരും വേവലാതിപ്പെടുന്നത്.

ഇപ്പോഴിതാ സാംസങ് ആരാധകർക്ക് ഇടിത്തീ പോലെ തോന്നുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ചില ഫീച്ചറുകളിൽ കമ്പനി വരുത്തിയ അപ്‌ഡേറ്റകളുമായി ബന്ധപ്പെട്ട ആശങ്കയാണ് ആരാധകരെ മുൾമുനയിൽ നിർത്തുന്നത്, അതും ബാറ്ററി അപ്ഗ്രഡേഷൻ വിഷയമാണ് ഇതെന്നത് കൂടുതൽ ഭയപ്പെടുത്തുന്നു.
ബാറ്ററി ഓപ്‌ഷനുകളിലാണ് ഏറ്റവും വലിയ നിരാശ കാത്തിരിക്കുന്നത്. നിലവിൽ ഫോണിന്റെ ബാറ്ററി 5,000 എംഎഎച്ച് ആയി ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു എന്നതാണ് ഇത്. അതായത് എസ്24 അൾട്രായുടെ അതേ നിലവാരം. ഈ ഫോണിനോട് മത്സരിക്കുന്ന ഹാൻഡ്‌സെറ്റുകൾ ബാറ്ററി ശേഷി വർദ്ധിപ്പിക്കുന്നത് തുടരുമ്പോൾ അൾട്രാ മാത്രം നിന്ന നിൽപ്പിൽ തുടരുകയാണ് എന്നതാണ് സങ്കടകരമായ വസ്‌തുത.
എസ് 24 അൾട്രാ സ്പെസിഫിക്കേഷനുകളിൽ 45W ഫാസ്‌റ്റ് ചാർജിംഗ് സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഐഫോൺ 16 പ്രോ 40Wലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനേക്കാൾ മികച്ചതായിരിക്കും ഇതെന്നത് സത്യമാണ്. എന്നാൽ100W അല്ലെങ്കിൽ അതിൽ കൂടുതൽ ചാർജിംഗ് സൗകര്യം വാഗ്‌ദാനം ചെയ്യുന്ന മറ്റ് ഹാൻഡ്‌സെറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പിന്നിലാണ്.
സാംസങ് ഗ്യാലക്‌സി എസ്25 മറ്റ് ഫീച്ചറുകൾ
അൾട്രാ മോഡലിൽ ക്യാമറയിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. അൾട്രാ-വൈഡ് ആംഗിൾ, ടെലിഫോട്ടോ സെൻസറുകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകും. ഗ്യാലക്‌സി എസ് 24 അൾട്രായിൽ നിലവിലുള്ള അൾട്രാ വൈഡ് ആംഗിൾ സെൻസറിന് പകരം 1/2.76 ഇഞ്ച് ജെഎൻ1 സെൻസറിന്റെ വരവും ചില ലീക്ക്ഡ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാനില മോഡലിന് 6.36 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് പല റിപ്പോർട്ടുകളിലും പറയുന്നത്. നിലവിലുള്ള മോഡലിന് 6.2 ഇഞ്ച് സ്‌ക്രീൻ മാത്രമാണുള്ളത്. അതിനൊപ്പം ഡിസൈനിലും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. സാംസങിന്റെ ലോഞ്ച് ടൈംലൈൻ അനുസരിച്ച് അടുത്ത വർഷം ജനുവരിയോടെ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ അതിലും വൈകുമോ നേരത്തെ എത്തുമോ എന്നൊക്കെ ഇനി കണ്ടറിയണം.












Click it and Unblock the Notifications