സാംസങ് വരുന്നത് വെറുതെയല്ല; ക്യാമറയിൽ ആരെയും തോൽപിക്കും മാറ്റങ്ങൾ, എസ്25 അടിച്ചു കേറി വരും
സ്‍മാർട്ട്ഫോണുകളെ കുറിച്ച് പറയുമ്പോൾ സാംസങിന്റെ പേര് പറയാതെ ഒരിക്കലും പൂർണത കിട്ടില്ല. കാരണം ഇന്ത്യൻ മാർക്കറ്റിൽ അത്രയ്ക്ക് അധികം സ്വാധീനം ഈ ബ്രാൻഡ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആൻഡ്രോയിഡിന് ഇന്ന് കാണുന്ന ജനകീയ മുഖം നൽകിയത് സാംസങ് തന്നെയാണ്. അങ്ങനെയുള്ള സാംസങ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോൺ അവതരിപ്പിക്കുമ്പോൾ കുറഞ്ഞതൊന്നും അവരിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കില്ല എന്നത് സത്യം.
ഐഫോണിനെയും വൺ പ്ലസിനെയും ഒക്കെ വെട്ടി പ്രീമിയം സെഗ്‌മെന്റിൽ ആധിപത്യം സ്ഥാപിക്കാൻ ഒരിക്കൽ കൂടി കച്ചകെട്ടി ഇറങ്ങുകയാണ് സാംസങ് ഇപ്പോൾ. അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ സാംസങ് ഗ്യാലക്‌സി എസ്25 ആണ് ഇതിൽ മുഖ്യ പങ്കുവഹിക്കുന്നത്. അതിന്റെ തന്നെ ഹൈ വേരിയന്റായ ഗ്യാലക്‌സി എസ്25 അൾട്രാ ഉൾപ്പെടെയുള്ള ഫോണുകളെ കുറിച്ചുള്ള ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

നേരത്തെ തന്നെ പ്രസ്‌തുത മോഡലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റ് ചാനലുകളിലും കാര്യമായി പ്രചരിക്കുന്നുണ്ട്. ഈ ഫോണിന്റെ ഫീച്ചർ, ഡിസൈൻ, മറ്റ് വിശേഷങ്ങൾ എന്നിവയാണ് പ്രധാനമായും പലരും പുറത്തുവിട്ടത്. അത്തരത്തിൽ ഇപ്പോൾ അതിന്റെ ഏറ്റവും പുതിയ ചില ഫീച്ചറുകൾ കുറിച്ചുള്ള വിവരങ്ങൾ അറിയാം.
അൾട്രാ-വൈഡ് ആംഗിൾ, ടെലിഫോട്ടോ ക്യാമറകളുടെ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് മോഡലിന്റെ അൾട്രാ വേരിയന്റിന് രണ്ട് പുതിയ ക്യാമറ സെൻസറുകൾ ലഭിച്ചേക്കുമെന്ന് ലീക്കായ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. കൂടാതെ ഈ ഹാൻഡ്‌സെറ്റിൽ അതിന്റെ മുൻഗാമിയായ എസ്24ൽ ഉപയോഗിച്ച 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറ നിലനിർത്തിയേക്കുമെന്ന് നേരത്തെ ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.
സാംസങ് ഗ്യാലക്‌സി എസ്25 ഫീച്ചറുകൾ- ഇതുവരെ
സാംസങ് ഗ്യാലക്‌സി എസ്25 അൾട്രായുടെ അൾട്രാ-വൈഡ് ആംഗിൾ, ടെലിഫോട്ടോ സെൻസറുകൾ എന്നിവയ്ക്ക് ഒരു മാറ്റം കൈവന്നേക്കുമെന്നാണ് ചില ടിപ്പ്സ്‌റ്റർ സൈറ്റുകൾ അവകാശപ്പെടുന്നത്. ഗ്യാലക്‌സി എസ് 24 അൾട്രായിൽ നിലവിലുള്ള അൾട്രാ വൈഡ് ആംഗിൾ സെൻസറിന് പകരം 1/2.76 ഇഞ്ച് ജെഎൻ1 സെൻസറിന്റെ പുതിയ പതിപ്പ് ഫോണിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സെൻസറിന്റെ റെസല്യൂഷൻ നിലവിലെ 12 മെഗാപിക്‌സലിൽ നിന്ന് 50 മെഗാപിക്‌സലിലേക്ക് ഉയർത്താനുള്ള സാധ്യതയും റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ പുതിയ സെൻസറിന്റെ പേര് ഒരു റിപ്പോർട്ടും വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ക്യാമറയിൽ കാര്യമായ നവീകരണമാണ് സാംസങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് ലഭിക്കുക എന്ന് ഉറപ്പായി കഴിഞ്ഞു.
രണ്ടാമത്തെ അപ്‌ഗ്രേഡിനെ കുറിച്ച് പറയുകയാണെങ്കിൽ ടെലിഫോട്ടോ ലെൻസിന് പുതിയ 1/3-ഇഞ്ച് ഐസോസെൽ സെൻസർ ലഭിക്കുമെന്ന് സൂചനയുണ്ട്, അത് നിലവിലുള്ളതിനേക്കാൾ അൽപം വലിപ്പമേറിയതായിരിക്കും. എസ്24 അൾട്രായിലെ 10 മെഗാപിക്‌സലിൽ നിന്ന് വിഭിന്നമായി സെൻസർ റെസല്യൂഷൻ 50 മെഗാപിക്‌സലിലേക്ക് ഉയരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മറ്റ് ഫീച്ചറുകൾ എന്തൊക്കെ ?
മുൻ റിപ്പോർട്ടുകൾ പ്രകാരം വാനില മോഡലിന് 6.36 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചന. നിലവിലുള്ള മോഡലിന് 6.2 ഇഞ്ച് സ്‌ക്രീൻ മാത്രമാണുള്ളത്. കൂടാതെ ഫോൺ എക്‌സിനോസ് 2500 ചിപ്‌സെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
എങ്കിലും കമ്പനിയുടെ മുൻ ലോഞ്ച് ഷെഡ്യൂളുകളെ അടിസ്ഥാനമാക്കി പറയുമ്പോൾ അടുത്ത വർഷം ജനുവരിയിൽ കാര്യമായ ഡിസൈൻ മാറ്റങ്ങളോടെ തന്നെ സാംസങ് തങ്ങളുടെ പ്രീമിയം ഫോൺ വിപണിയിൽ അവതരിപ്പിക്കാനാണ് സാധ്യത. അപ്പോഴേക്കും ഈ വർഷം സെപ്റ്റംബർ മാസത്തോടെ ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം മോഡലായ ഐഫോൺ 16 രംഗത്ത് വരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications