സാംസങ് എസ്25 സാധാരണ പുള്ളിയല്ല; വരുന്നത് എഐ ഫീച്ചറുകൾ കൂടി ചേർത്ത്, ഇത് നടന്നാൽ കളറാവും
വരാനിരിക്കുന്ന പ്രീമിയം സ്‍മാർട്ട്ഫോണുകളിൽ ഏറ്റവും കൂടുതൽ പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് സാംസങ് ഗ്യാലക്‌സി എസ്25 സീരീസ്. ഫീച്ചറുകൾ കൊണ്ട് പലപ്പോഴും നമ്മെ ഞെട്ടിച്ചിട്ടുള്ള ഈ സീരീസ് ഇക്കുറി വീണ്ടും അതിന് ഒരുങ്ങി തന്നെയാണ് വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫോണുമായി ബന്ധപ്പെട്ട ഒരുപാട് അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചധികം കാലങ്ങളായി പ്രചരിക്കുന്നുണ്ട്.
അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ സ്‍മാർട്ട് ഫോൺ ഒരുപക്ഷേ ഇന്ത്യൻ വിപണിയുടെ ഗതി തന്നെ മാറ്റി മറിക്കുന്ന നേർക്കുനേർ പോരാട്ടത്തിനാവും സാക്ഷ്യം വഹിക്കുക എന്നുറപ്പാണ്. കാരണം സെപ്റ്റംബറിൽ സാംസങിന്റെ ഏറ്റവും വലിയ എതിരാളിയായ ആപ്പിൾ തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16 വിപണിയിൽ അവതരിപ്പിച്ചേക്കും.

അങ്ങനെ വരുമ്പോൾ സാംസങ് ഒരുമുഴം മുൻപേ നീട്ടി എറിയുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. അത് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വന്നിരിക്കുന്ന അഭ്യൂഹങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. കാരണം അത്രയധികം ഫീച്ചറുകളുമായാണ് ഈ ഫോണിന്റെ വരവെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടുത്തിടെ നടന്ന ഒരു യോഗത്തിൽ സാംസങിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ ഈ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുവെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. ഫോണിൽ വരാനിരിക്കുന്ന സാധ്യമായ അപ്‌ഗ്രേഡുകളെക്കുറിച്ച് സൂചന നൽകിയാണ് അദ്ദേഹം അവസാനിപ്പിച്ചത് എന്നാണ് സൂചന. ഗ്യാലക്‌സി എസ് 24 "ലോകത്തിലെ ആദ്യത്തെ എഐ ഫോൺ" ആണെന്ന് ഊന്നി പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ.
ക്യാമറ ഡിസ്പ്ലേ എന്നിവയുടെ കാര്യത്തിൽ ഏറ്റവും മുന്തിയ അപ്ഗ്രേഡുകൾ തന്നെ ഫോണിന് ലഭിക്കുമെന്നാണ് ഈ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിലെ ഏറ്റവും മികച്ച ആപ്ലിക്കേഷൻ പ്രോസസറുകൾ എഐ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
അൾട്രാ വൈഡ് ആംഗിൾ, ടെലിഫോട്ടോ ക്യാമറകളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്ന സാംസങ് ഗ്യാലക്‌സി എസ് 25 അൾട്രായിൽ രണ്ട് പുതിയ ഇമേജ് സെൻസറുകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. നിലവിലെ സെൻസറുകൾ മാറ്റി പുതിയവ വരുമെന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ. ഇതോടെ ക്യാമറയുടെ കാര്യത്തിൽ ഈ ഫോണിനെ വെല്ലാൻ മറ്റാരും ഉണ്ടാവില്ലെന്നാണ് സാംസങ് വിലയിരുത്തുന്നത്.
സാംസങിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്‌സി എസ് 24 അൾട്രയുമായി താരതമ്യപ്പെടുത്തുമ്പോൾ അൾട്രാവൈഡ്, ടെലിഫോട്ടോ ക്യാമറകൾക്ക് കാര്യമായ മാറ്റം തന്നെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നു. ബാറ്ററിയിലും കാര്യമായ നവീകരണം പ്രതീക്ഷിച്ചെങ്കിലും അതിനെ വെള്ളത്തിലാക്കുന്ന റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്.
നിലവിൽ ഗ്യാലക്‌സി എസ് 24 അൾട്രയിൽ ഉള്ള ബാറ്ററി 5000എംഎച്ച് ശേഷിയോട് കൂടിയുള്ളതാണ്. അത് തന്നെ പുതിയ ഫോണിലും നിലനിർത്താനാണ് സാംസങ് ഒരുങ്ങുന്നത് എന്നാണ് വിവരം. എസ് 25 അൾട്രാ സ്പെസിഫിക്കേഷനുകളിൽ 45W ഫാസ്‌റ്റ് ചാർജിംഗ് സൗകര്യവും ഉണ്ടായേക്കും. ഇത് വിപണിയിലെ മറ്റ് ഫോണുകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ രണ്ട് കാര്യങ്ങളിൽ മാത്രമാണ് നിലവിൽ ആരാധകർക്ക് ആശങ്കയുള്ളത്.












Click it and Unblock the Notifications