ഐഫോൺ 16ന്റെ എതിരാളി വരുന്നു; ഗ്യാലക്‌സി എസ്25 അൾട്രയുടെ പുതിയ വിവരങ്ങൾ, ലോഞ്ച് എപ്പോൾ?
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ നിലവിൽ ഐഫോണിന്റെ ആധിപത്യമാണ് നിങ്ങൾക്ക് കാണാൻ കഴിയുക. അതിന് പ്രധാന കാരണം ആപ്പിൾ കഴിഞ്ഞ മാസം അവതരിപ്പിച്ച തങ്ങളുടെ പുതിയ കരുത്തേറിയ മോഡലായ ഐഫോൺ 16 സീരീസിന്റെ വരവാണ്. അതിന് പുറമേ ഈ മോഡലിന്റെ മുൻഗാമികൾക്ക് എല്ലാവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും മികച്ച ഓഫറുകളാണ് നൽകി വരുന്നത്.
ഇതോടെയാണ് ആപ്പിൾ അടിച്ചുകേറി വരുന്നതെന്ന് പറയാം. എന്നാൽ ആപ്പിളിന്റെ വിപണിയിലെ ഏറ്റവും വലിയ എതിരാളികളായ സാംസങ് ഇതൊരിക്കലും സമ്മതിച്ചു തരാൻ ഇടയില്ല. നിലവിൽ സാംസങിന്റെ ഒരു പ്രീമിയം ലോഞ്ചും അടുത്തിടെ നടന്നില്ലെന്നാണ് അവർ വാദിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ആപ്പിൾ എതിരാളികൾ ഇല്ലാതെ വിപണി കീഴടക്കുന്നതെന്നും അവർ അവകാശപ്പെടുന്നു.

എന്നാൽ ഈ വിൽപ്പന കണക്കുകൾ ഒക്കെയും വൈകാതെ നിലയ്ക്കുമെന്നാണ് സാംസങ് പ്രേമികൾ പറയുന്നത്. അതിന് അവർ കാരണമായി പറയുന്നത്. ഒരു മോഡലിന്റെ വരവാണ്. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ ഒന്നടങ്കം കാത്തിരിക്കുന്ന സാംസങിന്റെ ഈ അവതാരപ്പിറവിയുടെ പേര് ഗ്യാലക്‌സി എസ്25 അൾട്ര എന്നാണ്.
അതെ സാംസങ് തങ്ങളുടെ പ്രീമിയം സെഗ്‌മെന്റിൽ ഐഫോണിനെ അടിച്ചുവീഴ്ത്താൻ ഒരുക്കി നിർത്തിയിരിക്കുന്ന ബ്രഹ്മാസ്ത്രമാണത്. ഈ ഫോണുമായി ബന്ധപ്പെട്ട പല നിർണായക വിവരങ്ങളും നേരത്തെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുള്ള ലീക്കുകളിലൂടെയും ഒക്കെ നാം കേട്ടറിഞ്ഞതാണ്. എങ്കിലും അവയിൽ ഒന്നും നിൽക്കുമെന്ന് തോന്നുന്നില്ല ഇതിന്റെ വിശേഷങ്ങൾ.
സാംസങ് ഗ്യാലക്‌സി എസ്25 അൾട്ര: വിശേഷങ്ങൾ
സാംസങ് ഗ്യാലക്‌സി എസ് 25 അൾട്രയുടെ പുതിയ ലീക്ക് ചിത്രങ്ങൾ ബോൾഡ് കളർ ഷേഡുകൾ വെളിപ്പെടുത്തുന്നു. നാല് സ്റ്റാൻഡേർഡ് കളർവേരിയന്റുകകളിൽ ഫോൺ ലഭ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. കറുപ്പ്, പച്ച, നീല, ടൈറ്റാനിയം എന്നിവയാണ് ഇതിൽ ഉൾപ്പെടുക. എങ്കിലും ഔദ്യോഗികമായി ഇവയുടെ പേര് ഇങ്ങനെ ആയിരിക്കില്ല, അങ്ങനെയാണ് പതിവ്.
ഗ്യാലക്‌സി എസ് 25 അൾട്ര കൂടുതൽ ഭംഗിയേറിയതും ഭാരം കുറഞ്ഞതുമായ ടൈറ്റാനിയം ഫ്രെയിം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. ഗ്യാലക്‌സി എസ് 25 അൾട്ര ഷാർപ്പ് എഡ്‌ജുകളോട് കൂടിയ ബോക്‌സി ഡിസൈനായിരിക്കില്ല. പകരം കോണുകൾ കർവ്ഡ് ആയിരിക്കുമെന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
ഗ്യാലക്‌സി എസ്25 അൾട്ര 6.9 ഇഞ്ച് ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്. ക്യുഎച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ ഡൈനാമിക് അമോലെഡ് 2x ആയിരിക്കും ഇതിന്റെ പാനൽ. ക്വൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് (8 ജെൻ 4) ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. 12ജിബി/16ജിബി റാമും 256ജിബി മുതൽ 1ടിബി വരെയുള്ള സ്‌റ്റോറേജ് ഓപ്ഷനുകളും ഉൾപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഈ മോഡൽ അടുത്ത ജനുവരിയോടെ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. മുൻകാല ടൈം ലൈനുകൾ അനുസരിച്ച് ഇത് ഏറെക്കുറെ ശരിയാവാനാണ് സാധ്യത. കൂടാതെ ഇനിയും വൈകിക്കാൻ സാംസങ് താൽപര്യപ്പെടുകയുമില്ല, പ്രത്യേകിച്ച് ഐഫോൺ 16 തരംഗമാവുന്ന സാഹചര്യത്തിൽ. വില ഉൾപ്പെടെയുള്ള വിവരങ്ങൾ അതിനോട് അടുപ്പിച്ചായിരിക്കും പുറത്തുവിടുക.












Click it and Unblock the Notifications