ആപ്പിളിനെ കടത്തിവെട്ടാൻ സാംസങ്; ഐഫോൺ പതിനാറിന് മറുപടിയായി എസ്25 അൾട്രാ എത്തുക ഇങ്ങനെ
ഏറ്റവും കൂടുതൽ സ്‍മാർട്ട് ഫോൺ പ്രേമികൾ കാത്തിരിക്കുന്ന പുതിയ മോഡൽ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം ആയിരിക്കില്ല പലർക്കും. നിലവിൽ രാജ്യത്തെ ഫോൺ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് രണ്ട് മോഡലുകൾക്ക് വേണ്ടി ആണെന്ന് നിസംശയം പറയാം. അതിൽ ഒന്ന് ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16 ആണെന്ന് ഉറപ്പിച്ചു പറയാം. രണ്ടാമത്തെ മോഡലിന്റെ കാര്യത്തിലും ഒട്ടും സംശയം വേണ്ട.
ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സാംസങ് പ്രീമിയം മോഡലായ എസ്24 അൾട്രാ വിപണികളിൽ തരംഗം തീർത്തതോടെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന പല റിപ്പോർട്ടുകളും ഇക്കാലയളവിൽ പുറത്തുവരികയുണ്ടായി. ഫോണിന്റെ ഫീച്ചറുകൾ മറ്റ് വിവരങ്ങൾ എന്നിവയായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ.

ഇപ്പോഴിതാ ഫോണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. ഗ്യാലക്‌സി എസ് 25, ഗാലക്‌സി എസ് 25 + എന്നിവയ്‌ക്കൊപ്പം സാംസങ് അടുത്ത വർഷം ജനുവരിയിൽ ഗാലക്‌സി എസ് 25 അൾട്രാ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. സാംസങിന്റെ മുൻ ലോഞ്ച് പാറ്റേൺ അനുസരിച്ചാണ് ജനുവരി കണക്കാക്കുന്നത്.
എസ്25 അൾട്രായുടെ റെൻഡർ അടുത്തിടെ പുറത്തുവന്നപ്പോൾ ശരിക്കും ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഒരു സുപ്രധാന ഡിസൈൻ മാറ്റം ഇതിൽ കാണിക്കുന്നുണ്ട് എന്നതാണ് എല്ലാവരെയും ആഹ്ളാദ ഭരിതരാക്കുന്ന കാര്യം. വൃത്താകൃതിയിലുള്ള കോണുകളും പരന്ന വശങ്ങളുമായി ഫോൺ വരുമെന്നാണ് കരുതപ്പെടുന്നത്.
വ്യത്യാസം വളരെ ചെറുതാണെങ്കിലും വൃത്താകൃതിയിലുള്ള അരികുകൾ ഗ്യാലക്‌സി എസ് 25 അൾട്രായ്ക്ക് മുന്നിലും പിന്നിലും പരന്ന രൂപം നൽകുന്നതാവും പുതിയ ഡിസൈൻ എന്നാണ് സൂചന. ഗ്യാലക്‌സി എസ് 25 അൾട്രാ അതിന്റെ മുൻഗാമികളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. മുൻ മോഡലായ ഗ്യാലക്‌സി എസ്24 അൾട്രായേക്കാൾ മെലിഞ്ഞ ബോഡിയും വിശാലമായ സ്‌ക്രീനുമായാണ് ഫോൺ വരുന്നതെന്ന് പറയപ്പെടുന്നു.
ഗ്യാലക്‌സി എസ്25 അൾട്രാ ഫീച്ചറുകൾ
ഈ ഫോൺ 16ജിബി റാമും UFS 4.1 സ്‌റ്റോറേജും ആയിട്ടാവും വരിക. 200 മെഗാപിക്‌സൽ പ്രധാന ക്യാമറയും 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 മെഗാപിക്‌സൽ സെൻസറും അടങ്ങുന്ന, അപ്ഡേറ്റ് ചെയ്‌ത ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തോടെ ഫോൺ വിപണി തൊടും എന്ന് കരുതപ്പെടുന്നു. അൾട്രാ-വൈഡ് ആംഗിൾ, 50-മെഗാപിക്‌സൽ ലെൻസുകളോട് കൂടിയ ടെലിഫോട്ടോ സെൻസറുകൾ തുടങ്ങിയ മാറ്റങ്ങൾ വന്നേക്കാം എന്നും പ്രതീക്ഷിക്കുന്നുണ്ട്.
സാംസങ് ഗ്യാലക്‌സി എസ് 25 അൾട്രായിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 SoC ഉൾപെടുത്തുമെന്നാണ് കരുതുന്നത്. എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ മാത്രമാണ് ആരാധകർക്ക് നേരിയ നിരാശയുള്ളത്. ഇതിൽ കുറച്ചുകൂടി മെച്ചപ്പെടുത്തലുകൾ ഉണ്ടാവുമെന്ന് കരുതിയിരുന്നു എങ്കിലും 45W ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററി മാത്രമാവും ഫോണിൽ ഉണ്ടാവുക എന്നാണ് വിവരം.












Click it and Unblock the Notifications