ഫോൾഡബിൾ കരുത്തരെ കളത്തിലിറക്കാൻ സാംസങ്; ഈ മോഡലുകളുടെ ലോഞ്ചിംഗ് എപ്പോഴാണെന്ന് അറിയണ്ടേ?
പുത്തൻ സാങ്കേതിക വിദ്യകളുടെ പരീക്ഷണ ശാലയായ സ്‍മാർട്ട്ഫോൺ ഓരോ കാലത്തും ഓരോ മാറ്റങ്ങളുമായി നമുക്ക് മുൻപിലേക്ക് വരാറുണ്ട്. ഇങ്ങനെ ഓരോ കാലഘട്ടത്തിലും അവതരിപ്പിച്ച മാറ്റങ്ങളുടെ പരിണിത ഫലമാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഫോണുകൾ എത്താൻ കാരണം. നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു സെഗ്‌മെന്റ് ആണ് ഫോൾഡബിൾ മാർക്കറ്റ്.
അധികം കമ്പനികളൊന്നും രംഗത്ത് വന്നിട്ടില്ലാത്ത ഈ വിഭാഗത്തിൽ സാംസങ് തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഈ സെഗ്‌മെന്റിൽ കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ് അവർ എന്ന കാര്യം നിസംശയം പറയാം. എന്നാൽ അതിനെ ഊട്ടിയുറപ്പിക്കുന്ന ഒരു കാര്യവുമായാണ് സാംസങ് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. അവരുടെ ചില സുപ്രധാന മോഡലുകളുടെ ലോഞ്ചിംഗ് ആണ് കമ്പനി ഇപ്പോൾ ഒരുദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സാംസങ്ങിന്റെ അടുത്ത അൺപാക്ക്ഡ് ലോഞ്ച് ഇവന്റ് ജൂലൈ 10ന് ഫ്രാൻസിലെ പാരീസിൽ നടക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6, ഗാലക്‌സി ഇസഡ് ഫ്ലിപ് 6 എന്നിവ ഉൾപ്പെടെയുള്ള ഫോൾഡിങ് ഫോണുകളുടെ ലോഞ്ചിംഗ് സൂചനകൾ ഉൾപ്പെടുന്ന അനിമേഷൻ വീഡിയോ സഹിതമാണ് സാംസങ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഗ്യാലക്‌സി റിംഗ്, ഗ്യാലക്‌സി വാച്ച് 7, ഗ്യാലക്‌സി വാച്ച് അൾട്രാ എന്നിവയുടെ അരങ്ങേറ്റത്തെക്കുറിച്ചും ഊഹാപോഹങ്ങളുണ്ട്. പുതിയ വയർലെസ് ഇയർഫോണുകളും പുറത്തിറക്കുമെന്നാണ് സൂചന. അങ്ങനെ എങ്കിൽ ജൂലൈ പത്തിന് പാരീസിൽ നടക്കുന്ന ചടങ്ങ് സാംസങിനെ സംബന്ധിച്ച് ഏറ്റവും നിർണായകമാവും എന്നതാണ് വാസ്‌തവം.
എന്തെന്നാൽ ഏറെനാളായി ഉപഭോക്താക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപകരണങ്ങളാണ് ഇതിൽ കൂടുതലും. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചടങ്ങിലെ മുഖ്യ ശ്രദ്ധാകേന്ദ്രം ഗ്യാലക്‌സി എഐ ആയിരിക്കും. സാംസങ്ങിന്റെ ഗ്യാലക്‌സി ഇക്കോസിസ്‌റ്റത്തിൽ ഉടനീളമുള്ള എഐയുടെ സംയോജനം ജൂലൈ 10ന് നടക്കുന്ന പരിപാടിയിലെ ഒരു പ്രധാന ലക്ഷ്യമാണെന്നാണ് കരുതപ്പെടുന്നത്.
ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6
ഈ നിരയിലെ കരുത്തനായി മാറുമെന്ന് കരുതപ്പെടുന്ന സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോൾഡ് 6ന് 2160 x 1856 പിക്‌സൽ റെസല്യൂഷനുള്ള 7.6 ഇഞ്ച് ഡൈനാമിക്‌സ് AMOLED ഡിസ്പ്ലേയുടെ മികവോടെ ആവും സാംസങ് അവതരിപ്പിക്കുക. കൂടാതെ 986 x 2376 പിക്‌സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും ഫോണിന് കരുത്തേകും.
മുൻ മോഡലിനെ വച്ച് നോക്കുമ്പോൾ താരതമ്യേന കുറഞ്ഞ ഭാരമായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക. ഇസഡ് ഫോൾഡ് 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റായിരിക്കും ഫോണിന് ശക്തിയേകുക. കൂടാതെ ഇത് 12 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജും ഇതിൽ ഉൾക്കൊള്ളിച്ചേക്കും. ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില 1.60 ലക്ഷം വരെയും ഉയർന്ന വേരിയന്റിന് 1.88 ലക്ഷം രൂപ വരെയുമാകും വില.
ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6
ഈ ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയുടെ ട്വീക്ക് ചെയ്‌ത പതിപ്പിനൊപ്പമാവും ജൂലൈ പത്തിന് ലോഞ്ച് ചെയ്യുക. ഫോണിൽ 3.9 ഇഞ്ച് സൂപ്പർ AMOLED ഔട്ടർ സ്‌ക്രീനും 6.7 ഇഞ്ച് ഡൈനാമിക് AMOLED ഇന്നർ സ്ക്രീനും ഉണ്ടാകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കൂടാതെ 12 ജിബി വരെ റാമും 4000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ സാംസങ് നൽകിയേക്കും. എന്നാൽ മുൻ ഫ്ലിപ് ഫോണിൽ 8 ജിബി റാമും 3,700 എംഎഎച്ച് ബാറ്ററിയും മാത്രം നൽകിയ സ്ഥാനത്താണ് ശ്രദ്ധേയമായ ഈ മാറ്റം.
ഈ സ്‍മാർട്ട് ഫോണിൽ 50എംപി പ്രൈമറി സെൻസറും 12എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ലഭിക്കാനിടയുണ്ട്, എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണ്. സാംസങ് ഗ്യാലക്‌സി ഇസെഡ് ഫ്ലിപ് 6 വില 256ജിബി സ്‌റ്റോറേജ് വേരിയന്റിന് 90,000 രൂപ വരെയും 512ജിബി സ്‌റ്റോറേജ് വേരിയന്റിന് ഒരു ലക്ഷം രൂപയും ആയിരിക്കാം വില എന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications