കടുംബ ബന്ധങ്ങളിൽ വില്ലനായി സ്‍മാർട്ട്ഫോൺ ഉപയോഗം..? ഈ പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്...
ലോകത്തിലെ ആശയ വിനിമയ സംവിധാനങ്ങളുടെ ഗതി തന്നെ മാറ്റിയ കണ്ടുപിടിത്തമാണ് മൊബൈൽ ഫോൺ. എവിടെയും കൊണ്ട് പോവാൻ കഴിയുന്ന, ആരോടും സംസാരിക്കാൻ കഴിയുന്ന ഒരു ഫോൺ എന്ന നിലയിൽ നിന്ന് സകല ആവശ്യങ്ങൾക്കും ആശ്രയിക്കാൻ കഴിയുന്ന തരത്തിലേക്ക് അവയുടെ വളർച്ച പെട്ടെന്നായിരുന്നു. ഇന്ന് ലോകത്തിന്റെ ഏത് കോണിലേക്ക് സന്ദേശമയക്കാൻ, സംസാരിക്കാൻ, പണം അയക്കാൻ ഒക്കെയും നമ്മൾ സ്‍മാർട്ട്ഫോണുകളെ ആശ്രയിക്കുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌മാർട്ട്‌ഫോണുകൾ നമ്മുടെ വ്യക്തിജീവിതത്തിലും, തൊഴിലിടങ്ങളിലും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. സ്‍മാർട്ട് ഫോണുകളിലൂടെ ദൂരെയുള്ളവരുമായി ബന്ധം നിലനിർത്താമെന്ന മേനി നടിക്കുമെങ്കിലും അവയുടെ ഉപയോഗത്തിന്റെ ഫലമായി സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഒട്ടും ആശാവഹമല്ല എന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്.

പ്രമുഖ ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ ഈയിടെ വിഷയവുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 'മാതാപിതാക്കൾക്കും-കുട്ടികൾക്കും ഇടയിലെ ബന്ധത്തിൽ സ്‌മാർട്ട്‌ഫോണുകളുടെ സ്വാധീനം' എന്ന വിഷയത്തിലായിരുന്നു അവർ പഠനം നടത്തിയത്. സ്‌മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം ഇത്തരം ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഭൂരിപക്ഷം മാതാപിതാക്കളും കുട്ടികളും സമ്മതിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
സ്‌മാർട്ട്‌ഫോൺ ഉപയോഗം ഉണ്ടാക്കുന്ന ആശങ്കയുടെ തോതിനെ കുറിച്ചുള്ള കാര്യങ്ങളിലേക്കും പഠനം വെളിച്ചം വീശുന്നു. 94 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞപ്പോൾ, ഇതിൽ 91 ശതമാനം പേരും തങ്ങളുടെ കുട്ടികൾ ഫോണിൽ ചിലവഴിക്കുന്ന സമയം പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സമ്മതിച്ചു.
അതേസമയം തന്നെ 73 ശതമാനം കുട്ടികളും അവരുടെ മാതാപിതാക്കളുടെ അമിതമായ സ്‌മാർട്ട്‌ഫോൺ ഉപയോഗത്തെ കുറിച്ച് പരാതിപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനർത്ഥം മാതാപിതാക്കൾ കുട്ടികളുമായി ചെലവഴിക്കേണ്ട സമയം പോലും, അവരുടെ സ്‌മാർട്ഫോണുകൾ അപഹരിക്കുന്നു എന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ്.
സ്‌മാർട്ട്ഫോണുകളുടെ അമിതമായ ഉപയോഗം കുടുംബ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല, കുട്ടികളെ ഏകാന്തതയിലേക്ക് നയിക്കുകയും ചെയ്യുന്നു. പഠനത്തിൽ പറയുന്നതനുസരിച്ച്, 91 ശതമാനം കുട്ടികളും തങ്ങളുടെ മാതാപിതാക്കൾ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നതിനാൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതായി പറഞ്ഞു. 93 ശതമാനം മാതാപിതാക്കളും കുട്ടികളും അവർക്കിടയിലെ ബന്ധം കാലക്രമേണ മോശമായതായി ചൂണ്ടിക്കാണിക്കുന്നു.
സ്‍മാർട്ട്ഫോണുകൾ ഒരുപരിധി വരെ നമ്മുടെ നിത്യ ജീവിതത്തിൽ വളരെ ഉപകാരപ്രദമായ ഉപകരണം ആണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവയുടെ അമിതമായ ഉപയോഗം വലിയ പ്രതിസന്ധികളിലേക്കാണ് തള്ളിവിടുകയെന്ന് ഒരു പ്രമുഖ സ്‍മാർട്ട്ഫോൺ കമ്പനിയുടെ പഠനം തന്നെയാണ് തെളിയിക്കുന്നത്. അതിനാൽ തന്നെ ആരോഗ്യകരമായ രീതിയിൽ ഇത്തരം സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി.












Click it and Unblock the Notifications