ഐഫോണുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും; അംഗീകാരം ലഭിച്ചത് ടാറ്റക്ക്
ഐഫോണുകള്‍ ഇന്ത്യയിലും നിര്‍മാണം തുടങ്ങാന്‍ ഒരുങ്ങുന്നു. രാജ്യത്ത് ആപ്പിളിന്റെ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഇലക്ട്രോണിക്സ് മാറുമെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തായ്വാന്‍ ആസ്ഥാനമായുള്ള വിസ്ട്രോണിന്റെ ബോര്‍ഡ് ടാറ്റ ഗ്രൂപ്പിന് ഓഹരി വില്‍പ്പനയ്ക്ക് വെള്ളിയാഴ്ച അംഗീകാരം നല്‍കി.
ആപ്പിള്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കോലാറില്‍ സൗകര്യമുള്ള വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ 100% പരോക്ഷ ഓഹരിക്കായി ടാറ്റ ഇലക്ട്രോണിക്സ് 125 മില്യണ്‍ ഡോളര്‍ നല്‍കും. രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ ഇലക്ട്രോണിക്‌സ് ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ നിന്ന് ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങും.

അതേസമയം ഇത് ഇന്ത്യയുടെ വികസനത്തിന് അടിവരയിടുകയാണെന്നും ആപ്പിള്‍ ആരാധകര്‍ക്ക് ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയാണെന്നും രാജീവ് ചിന്ദ്രശേഖര്‍ പറഞ്ഞു. ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പിടാന്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ എസ്എംഎസ് ഇന്‍ഫോകോം (സിംഗപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡ്, വിസ്ട്രോണ്‍ ഹോങ്കോംഗ് ലിമിറ്റഡ് എന്നിവയ്ക്ക് അനുമതി നല്‍കി.
ആപ്പിളും ഗൂഗിളും സാംസങ്ങും തങ്ങളുടെ മുന്‍നിര ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. നീണ്ട ഒരു വര്‍ഷത്തെ ചര്‍ച്ചക്കൊടുവിലാണ് ടാറ്റാ ഗ്രൂപ്പ് കര്‍ണാടകയിലെ വിസ്ട്രോണിന്റെ കമ്പനി ഏറ്റെടുക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം പുതിയ നടപടി കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഉത്തേജനമാകും. പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രയവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങളുമാണ് ചൈനക്ക് പുറത്തേക്ക് ചിന്തിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്.
2022 ല്‍ ഇന്ത്യയില്‍ നിന്നും 41,200 കോടിയുടെ കയറ്റുമതി ആപ്പിള്‍ നടത്തിയതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത നാല് - അഞ്ച് വര്‍ഷത്തിനിടെ ആഗോള ഉദ്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയില്‍ നിന്ന് ഉദ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് വിവരം. നിലവില്‍ ഐഫോണിന്റെ ചേസിസും മെറ്റല്‍ ബോഡിയും ടാറ്റാ ഗ്രൂപ്പ് ആണ് നിര്‍മിക്കുന്നത്.
അതേസമയം 5 ജി റോളൗട്ടില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ 80 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്പറഞ്ഞു. ഇന്ത്യ രൂപകല്‍പ്പന ചെയ്ത ടെലികോം ഉപകരണങ്ങള്‍ 72 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications