ആ കാത്തിരിപ്പിന് വിരാമമായി; പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ
ഐഫോണിലെ ഏറ്റവും നൂതനമായ പ്രൊഫഷണൽ ക്യാമറ സംവിധാനവും വൻ ബാറ്ററി ലൈഫും മികച്ച പ്രകടനവുമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചു. പുതിയ 48 മെഗാപിക്‌സൽ ഫ്യൂഷൻ മെയിൻ ക്യാമറയിൽ ആദ്യമായി വേരിയബിൾ അപർച്ചർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മുമ്പ് സാധ്യമല്ലാതിരുന്ന രീതിയിൽ ചിത്രങ്ങളെടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് ലഭിക്കും.
ക്യാമറ ആപ്പിൽ ഉപയോക്താക്കൾക്ക് പുതിയ പ്രൊഫഷണൽ നിയന്ത്രണങ്ങളും നൽകിയിട്ടുണ്ട്. ഇരു മോഡലുകളിലും വലുപ്പം കുറഞ്ഞതും കൂടുതൽ പ്രയോജനപ്രദവുമായ ഡൈനാമിക് ഐലൻഡാണ് നൽകിയിരിക്കുന്നത്. എ20 പ്രോ ചിപ്പും അടുത്ത തലമുറ വേപ്പർ ചേംബറും ചേർന്ന് ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുടർച്ചയായ പ്രകടനം നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ഐഫോൺ 18 പ്രോ മാക്‌സിൽ കൂടുതൽ വലുപ്പമുള്ള ബാറ്ററി ഉപയോഗപ്പെടുത്തി ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി ലൈഫ് വർധനയാണ് നൽകിയിരിക്കുന്നത്. ആപ്പിൾ ഇന്റലിജൻസും സിരി എഐയും ഉൾപ്പെടുന്ന ഐഒഎസ് 27-നൊപ്പം എത്തുന്ന ഐഫോൺ 18 പ്രോ മോഡലുകൾ ശക്തമായ എഐ ശേഷികളെ വ്യക്തിഗത സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുമായി സംയോജിപ്പിക്കുന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രധാന പരിഗണന നൽകുന്ന ഒരു ബുദ്ധിമാനായ വ്യക്തിഗത കേന്ദ്രമായി ഐഫോണിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ കറുപ്പ്, വെള്ളി, ഗ്ലേസിയർ, പുതുതായി അവതരിപ്പിച്ച ബർഗണ്ടി എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാകുമെന്നാണ് വിവരം. സെപ്റ്റംബർ 12 ശനിയാഴ്‌ച മുതൽ മുൻകൂർ ബുക്കിങ് ആരംഭിക്കും. സെപ്റ്റംബർ 18 വെള്ളിയാഴ്‌ച മുതൽ വിൽപ്പന ആരംഭിക്കും.
ഐഫോൺ 18 പ്രത്യേകതകൾ
പുതിയ 48 മെഗാപിക്‌സൽ ഫ്യൂഷൻ മെയിൻ ക്യാമറയാണ് ആപ്പിൾ ഇതുവരെ വികസിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും നൂതനമായ ക്യാമറയെന്ന് കമ്പനി പറയുന്നു. ഐഫോണിൽ ആദ്യമായാണ് അപർച്ചർ നിയന്ത്രണം അവതരിപ്പിക്കുന്നത്. ലേസർ ഉപയോഗിച്ച് കൃത്യമായി നിർമ്മിച്ച ആറ് ബ്ലേഡുകൾ വ്യത്യസ്‌ത അപർച്ചർ നിലകൾക്കിടയിൽ സുഗമമായി മാറും. ഇതിലൂടെ ഫീൽഡിന്റെ ആഴവും പ്രകാശത്തിന്റെ അളവും സ്വമേധയാ ക്രമീകരിച്ച് മികച്ച ചിത്രം പകർത്താൻ ക്യാമറയ്ക്ക് കഴിയും.
പുതിയ സെൻസറിനൊപ്പം ഈ സംവിധാനം കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഗ്രൂപ്പ് ഫോട്ടോകളുടെ പിൻഭാഗത്തുള്ള വിശദാംശങ്ങൾ കൂടുതൽ വ്യക്തമായി ലഭിക്കുന്നതിനൊപ്പം കൂടുതൽ വ്യത്യസ്‌തമായ ചിത്രങ്ങളും പകർത്താൻ കഴിയും.
പ്രൊഫഷണൽ ഉപയോക്താക്കൾക്ക് ക്യാമറ ആപ്പിൽ ലഭ്യമായ നാല് അപർച്ചർ ക്രമീകരണങ്ങളിൽ ഏതും സ്വമേധയാ തിരഞ്ഞെടുക്കാനും കഴിയും. കൂടാതെ, ഡെവലപ്പർമാർക്ക് അവരുടെ സ്വന്തം ആപ്പുകളിൽ അപർച്ചറിന്റെ മുഴുവൻ പരിധിയിലും കൂടുതൽ നിയന്ത്രണം നൽകുന്നതിനായി എപിഐയും ലഭ്യമാക്കിയിട്ടുണ്ട്.
അതുപോലെ നൂതന ഡിസ്പ്ലേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡൈനാമിക് ഐലൻഡ് പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ഒരേസമയം പ്രദർശിപ്പിക്കാൻ കഴിയും. പുതുക്കിയ ഡൈനാമിക് ഐലൻഡിൽ ഒരേസമയം മൂന്ന് ലൈവ് ആക്റ്റിവിറ്റികൾ വരെ കാണിക്കാം. അതേസമയം ഐഫോൺ 18 പ്രോ മോഡലുകൾ സുരക്ഷിതമായി അൺലോക്ക് ചെയ്യാനും പർച്ചേസുകൾക്ക് സ്ഥിരീകരണം നൽകാനും ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്യാനും മറ്റും ഫേസ് ഐഡി തുടർന്നും ഉപയോഗിക്കാം.
ഏറ്റവും പുതിയ 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എ20 പ്രോ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്. മൊബൈൽ കമ്പ്യൂട്ടിങ്ങിൽ പുതിയ നിലവാരം സൃഷ്‌ടിക്കുന്നതാണ് ഈ ചിപ്പെന്ന് ആപ്പിൾ പറയുന്നു. എ19 പ്രോയേക്കാൾ 50 ശതമാനം കൂടുതൽ മെമ്മറി ബാൻഡ്‌വിഡ്ത്താണ് പുതിയ ചിപ്പിനുള്ളത്. ഇന്റഗ്രേറ്റഡ് ന്യൂറൽ ആക്‌സിലറേറ്ററുകളുള്ള പുതിയ 6-കോർ സിപിയു എതിരാളികളേക്കാൾ വേഗതയേറിയതാണ്. പുതിയ 7-കോർ ജിപിയു എ19 പ്രോയേക്കാൾ 40 ശതമാനം വരെ വേഗതയേറിയതാണെന്നും ആപ്പിൾ പറയുന്നു.
എ20 പ്രോയിൽ പുതിയ ഡ്യുവൽ 16-കോർ ന്യൂറൽ എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകരണത്തിൽ തന്നെ പ്രവർത്തിക്കുന്ന എഐ മോഡലുകളും കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രഫിയും കൂടുതൽ വേഗത്തിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. ആകെ 32 കോറുകളുള്ള ഈ സംവിധാനത്തിന് എ19 പ്രോയേക്കാൾ ഇരട്ടി എഐ പ്രോസസിങ് ശേഷിയുണ്ട്.
കൂടുതൽ നൂതനമായ എഐ പ്രവർത്തനങ്ങൾ മുതൽ ഉയർന്ന നിലവാരമുള്ള ഗെയിമുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തമായ ചിപ്പായാണ് എ20 പ്രോയെ ആപ്പിൾ അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിലും മികച്ച പ്രകടനം നൽകുന്നതിനായി ചിപ്പ് രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.
ഇരു മോഡലുകളിലും ആപ്പിൾ രൂപകൽപ്പന ചെയ്‌ത എൻ1 വയർലെസ് നെറ്റ്‌വർക്കിങ് ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവയ്ക്ക് ഇത് പിന്തുണ നൽകും. ഐഫോൺ 18 പ്രോയിൽ ആപ്പിളിന്റെ അടുത്ത തലമുറ സെല്ലുലാർ മോഡം സംവിധാനമായ സി2യും അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ബാറ്ററി രൂപകൽപ്പനയും ആപ്പിൾ സിലിക്കണിലെ ഊർജക്ഷമതയും ഉപയോഗപ്പെടുത്തി ഐഫോൺ 18 പ്രോ മോഡലുകളിൽ ബാറ്ററി ലൈഫിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇ-സിം മാത്രമുള്ള മോഡലുകളിൽ ഐഫോൺ 18 പ്രോയ്ക്ക് 36 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ഐഫോൺ 18 പ്രോ മാക്‌സിന് 45 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ലഭിക്കും.
ഐഫോൺ 18 പ്രോ ഏകദേശം 15 മിനിറ്റിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. വയർലെസ് ചാർജിങ് ഉപയോഗിച്ചാൽ ഏകദേശം 30 മിനിറ്റിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.
ഐഫോൺ 18 പ്രോ മാക്‌സിൽ അഞ്ച് മിനിറ്റ് വയർഡ് ചാർജിങ് നടത്തിയാൽ ഏകദേശം ഏഴ് മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും.


Click it and Unblock the Notifications
