ജിയോയും എയർടെലും ശരിക്കും പെട്ടത് തന്നെ; വെറും 10 രൂപ മുതൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളോ?
റീചാർജ് പ്ലാനുകളുടെ പേരിൽ കിടമത്സരം നടക്കുന്ന മേഖലയാണ് ഇന്ത്യൻ ടെലികോം വിപണി. പല കമ്പനികളും തങ്ങളുടെ നില നില്പിന് വേണ്ടിയും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായും ഒട്ടേറെ പ്ലാനുകളുമായി രംഗത്ത് വരുന്നുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നിലവിൽ അൽപ്പം കൂടി ഉപഭോക്തൃ സൗഹൃദപരമായി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും കൂടുതൽ ആനുകൂല്യങ്ങളും കമ്പനികൾ നൽകി വരുന്നുണ്ട് എന്നതാണ് ഏക പ്രത്യേകത.
ഇപ്പോഴിതാ വിഷയത്തിൽ നിർണായക ഇടപെടലുമായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായ് രംഗത്ത് വന്നിരിക്കുകയാണ്. ഇതുവരെയും വൻ വിലയുടെ സ്‍മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ 5ജി അല്ലെങ്കിൽ 4ജി, ഏറ്റവും താഴേക്ക് വന്നാൽ 3ജി വരെയുള്ള ഉപഭോക്താക്കളുടെ കാര്യത്തിന് മാത്രമാണ് ടെലികോം കമ്പനികൾ പ്രാധാന്യം കൊടുത്തതെന്ന് റീചാർജ് പ്ലാനുകളിൽ നിന്ന് വ്യക്തമാവും. എന്നാൽ ഇനിയത് നടക്കില്ല.

ട്രായിയുടെ ഏറ്റവും പുതിയ നീക്കം ഈ അവഗണനയിൽ നിന്ന് ഒരു മാറ്റം ലക്ഷ്യമിട്ടുള്ളതാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത് രാജ്യത്തെ 150 ദശലക്ഷം ഇന്ത്യൻ സ്‌മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഇവർ. വോയ്‌സ് കോളുകൾ, എസ്എംഎസ് പോലുള്ള അടിസ്ഥാന മൊബൈൽ സേവനങ്ങളെ ആശ്രയിക്കുന്ന ഇ ഉപയോക്താക്കൾ ചെലവേറിയ റീചാർജ് പ്ലാനുകൾ കാരണം പലപ്പോഴും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണ്. റീചാർജിൽ അവർക്ക് ഒട്ടും ആവശ്യമില്ലാത്ത ഡാറ്റ കൂടി ലഭിക്കുന്നു. അതുകൊണ്ട് അവർക്ക് യാതൊരു ഗുണവുമില്ല.
ഇത് കണക്കിലെടുത്ത്, ട്രായ് ഡിസംബർ 24ന് ഒരു പുതിയ പുതുക്കിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. അതിൽ ടെലികോം കമ്പനികൾ പുതിയ നിയമങ്ങൾ പാലിച്ച് താങ്ങാനാവുന്ന പ്ലാനുകൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചത്. ഇതിൽ സുപ്രധാനമായ മാറ്റങ്ങൾ ലഭ്യമാവും എന്നതാണ് നിങ്ങൾ അറിയേണ്ട പ്രധാന കാര്യം.
വെറും 10 രൂപ മുതൽ റീചാർജ് പ്ലാനുകൾ
ട്രായിയുടെ പുതിയ നിയമങ്ങൾ അനുസരിച്ച്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും ടോപ്പ്-അപ്പ് വൗച്ചറുകൾ അവതരിപ്പിക്കേണ്ടി വരും. പത്ത് രൂപ മുതൽ പ്ലാനുകൾ നൽകേണ്ടി വരുമെന്നതാണ് കാര്യം. ഇതുകൂടാതെ മറ്റൊരു പ്രധാന അപ്‌ഡേറ്റിൽ, പ്രത്യേക താരിഫ് വൗച്ചറിന്റെ (എസ്‌ടിവി) സാധുത 90 ദിവസത്തിൽ നിന്ന് 365 ദിവസമായി ട്രായ് വർധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് സേവനങ്ങൾ ആവശ്യമില്ലാത്ത 2ജി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പ്ലാനുകൾ കൊണ്ടുവരാൻ ടെലികോം ഓപ്പറേറ്റർമാർക്ക് ട്രായ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് നടപ്പിലായാൽ ഒട്ടേറെ സാധാരണക്കാർക്ക് ഗുണകരമാവും.












Click it and Unblock the Notifications