ഇനി യുപിഐ പേയ്‌മെന്റുകൾക്ക് പിൻ നമ്പർ ആവശ്യമില്ല; ഫിംഗർ പ്രിന്റ് ഉണ്ടെങ്കിൽ കാര്യം നടക്കും, എങ്ങനെ?
ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾക്ക് പിൻ ആവശ്യമില്ലാത്ത പുതിയ സംവിധാനം രാജ്യമെമ്പാടും ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം, നിലവിൽ വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും സഹായിക്കുന്നതാണ്. ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള ആപ്ലിക്കേഷനുകളിലാണ് ഈ പുതിയ സംവിധാനം ആദ്യമായി ലഭ്യമാവുക.
പുതിയ മാറ്റമനുസരിച്ച്, പിൻ നമ്പർ ഉപയോഗിക്കാതെ തന്നെ മൊബൈൽ ഫോണിലെ വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് യുപിഐ വഴി നിങ്ങൾക്ക് പണമടയ്ക്കാൻ സാധിക്കുമെന്നതാണ് പ്രധാന കാര്യം. ഇക്കാലത്ത് രാജ്യത്തുടനീളം ഡിജിറ്റൽ ഇടപാടുകൾ ഗണ്യമായി വർധിച്ചു വരികയാണ്. ചെറിയ കടകൾ മുതൽ വലിയ കോർപ്പറേഷനുകൾ വരെ യുപിഐ പേയ്‌മെന്റുകൾ വ്യാപകമായി സ്വീകരിക്കുന്ന നിലയാണുള്ളത്.

കൈയിൽ പണമില്ലാതെ തന്നെ കടകളിലും മാളുകളിലും സാധനങ്ങൾ വാങ്ങാൻ യുപിഐ ഇപ്പോൾ സാധാരണക്കാർക്ക് സഹായകമാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, യുപിഐ വഴിയുള്ള പണമിടപാടുകൾ വളരെ ലളിതമാണ് താനും. അതുകൊണ്ടൊക്കെയാണ് ജനങ്ങൾക്കിടയിൽ യുപിഐയുടെ ഉപയോഗം കാര്യമായി വർധിച്ചത്.
ഗൂഗിൾപേ, ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയ നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ യുപിഐ സേവനങ്ങൾ നൽകി വരുന്നുണ്ട്. ബാങ്കുകൾ വഴിയും ഉപയോക്താക്കൾക്ക് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാം. ക്രെഡിറ്റ് കാർഡുകൾ പോലും ഇപ്പോൾ ഫോൺപേ പോലുള്ള ആപ്ലിക്കേഷനുകളുമായി ലിങ്ക് ചെയ്‌ത് ചെറുകിട ഇടപാടുകൾക്ക് ഉപയോഗിക്കാം. യുപിഐയുടെ വ്യാപകമായ ഉപയോഗം കാരണം പലരും ഇപ്പോൾ പണം കൈവശം വെക്കാറില്ല.
എങ്കിലും എല്ലാം കൊണ്ടും ഇതൊരിക്കലും സുരക്ഷിതമല്ല. ചില സമയങ്ങളിൽ യുപിഐ തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. പിൻ നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും സ്‌കാനർ വഴിയുള്ള തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനം വരുന്നത്. മൊബൈൽ ഫോണിലെ വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് നമ്മെ സഹായിക്കും.
ഈ സൗകര്യം ലഭിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ ആധാറിൽ രേഖപ്പെടുത്തിയിട്ടുള്ള ബയോമെട്രിക് വിവരങ്ങൾ ബാങ്കുമായോമേൽപറഞ്ഞത് പോലെയുള്ള മൂന്നാം കക്ഷി യുപിഐ ആപ്പുകളുമായോ ബന്ധിപ്പിക്കണം. ഒരു തവണ രജിസ്‌റ്റർ ചെയ്‌തുകഴിഞ്ഞാൽ, വിരലടയാളമോ മുഖം തിരിച്ചറിയലോ ശരിയാണെന്ന് കണ്ടാൽ പണമിടപാട് പൂർത്തിയാകും.
ഇപ്പോഴിതാ സാഹചര്യത്തിൽ ഈ യുപിഐ സേവനം വഴി പിൻ നമ്പറുകൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിരലടയാളവും മുഖം തിരിച്ചറിയലും അനുകരിക്കാൻ പ്രയാസമായതുകൊണ്ട് ഇടപാടുകളുടെ സുരക്ഷ ഗണ്യമായി വർധിക്കും. അതിനാൽ, നേരത്തെ പങ്കുവെച്ച പിൻ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നതുപോലുള്ള തട്ടിപ്പുകൾ കുറയാനും സാധ്യതയുണ്ട്.
എന്നാൽ ഈ സംവിധാനം ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ ഫോണിന്റെ സുരക്ഷ, ബയോമെട്രിക് ഡാറ്റയുടെ സ്വകാര്യത, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എന്നിവ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ ഫോണുകളും വിരലടയാളം, മുഖം തിരിച്ചറിയൽ എന്നിവ പിന്തുണയ്ക്കുമോ എന്നതും ഓർമ്മയിൽ വയ്ക്കണം.
യുപിഐയുടെ നടത്തിപ്പുകാരായ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ആധാർ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ നിലവിൽ യുപിഐ സേവനത്തെ ആശ്രയിക്കുന്നുണ്ട്. പുതിയ രീതി വന്നതോടെ ഡിജിറ്റൽ പേയ്‌മെന്റുകൾ വേഗത്തിലാവുകയും മുമ്പത്തേക്കാൾ കൂടുതൽ വ്യക്തിഗതമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications