ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..; ഈ മൊബൈൽ നമ്പറുകളിൽ ഏപ്രിൽ 1 മുതൽ യുപിഐ കിട്ടില്ല, കാരണം?
ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ എന്ന രീതിയിലേക്ക് നമ്മുടെ രാജ്യം മാറിയിട്ട് വർഷങ്ങൾ ഏറെയായി. മുൻപോക്കെ നമ്മൾ പണമിടപാടിന് സാധാരണ രീതികൾ മാത്രമായിരുന്നു അവലംബിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതൊക്കെ മാറി എല്ലാവരും ഡിജിറ്റൽ മാർഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൂടുതൽ പേരും യുപിഐ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ അവ രാജ്യത്ത് സാർവത്രികമായി മാറിയിട്ടുമുണ്ട്.
എന്നാൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ ഇവയിൽ വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴത്തെ കാലത്ത് ഏത് കടയിൽ പോയാലും നമുക്ക് യുപിഐ ഉപയോഗിക്കാനുള്ള അവസരം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ യുപിഐക്ക് സമാനതകൾ ഇല്ലാത്ത ജനപ്രീതി ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതാവും വാസ്‌തവം.

ഇപ്പോഴിതാ യുപിഐ ഇടപാടുകൾ നടത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. വരുന്ന ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്ന ഈ മാറ്റം യുപിഐ സേവനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. ഏപ്രിൽ ഒന്ന് മുതൽ ചില നമ്പറുകളിൽ യുപിഐ പ്രവർത്തിക്കില്ല എന്നതാണ് ഈ മാറ്റം.
എന്താണ് വരാനിരിക്കുന്ന മാറ്റം?
ഏപ്രിൽ 1 മുതൽ നിഷ്‌ക്രിയമായതോ പുനർനിശ്ചയിച്ചു നൽകിയ മൊബൈൽ നമ്പറുകളിൽ യുപിഐ സേവനങ്ങൾ പ്രവർത്തിക്കില്ല. ഇത്തരം നമ്പറുകൾ യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകളും പിഎസ്‌പികളും ആഴ്‌ചയിൽ ഒരിക്കലെങ്കിലും മൊബൈൽ നമ്പർ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത്.
ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉപയോക്താക്കൾ അവരുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറുകൾ സജീവമായി തുടരുന്നുവെന്ന് നിർബന്ധമായും ഉറപ്പാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ യുപിഐ സംവിധാനം പ്രവർത്തനരഹിതമായി മാറും. ഇത് ഓട്ടോ പേയ്‌മെന്റ് പോലെയുള്ള സംവിധാനങ്ങളെ വരെ സാരമായി ബാധിക്കും.
മാറ്റത്തിന് കാരണം ഇതാണ്
യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള നിഷ്‌ക്രിയ മൊബൈൽ നമ്പറുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്ന കാര്യമാണ്. ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുമ്പോഴോ നിർജ്ജീവമാക്കുമ്പോഴോ, അവരുടെ യുപിഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരുന്നതിനാൽ അവ ദുരുപയോഗത്തിന് ഇരയാകാനുള്ള സാധ്യത വളരെയധികമാണ്.
അതുപോലെ തന്നെ മുൻപ് മറ്റൊരാൾ ഉപയോഗിച്ച ഒരു മൊബൈൽ നമ്പർ പുതിയ ഉപയോക്താവിന് വീണ്ടും നൽകുകയാണെങ്കിൽ, യുപിഐ ഇടപാടുകൾ അബദ്ധവശാൽ ആരുമറിയാതെ സ്വീകർത്താവിന് ലഭിക്കാനുള്ള സാധ്യതയുണ്ട്, ഇത് തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്ന കാര്യമാണ്. ഇതും തീരുമാനത്തിന് പിന്നിലെ കാരണമായി വിലയിരുത്തുന്നു.












Click it and Unblock the Notifications