വിവോയോട് കളിക്കുമ്പോൾ സൂക്ഷിക്കണം; ആറ്റംബോംബ് പോലത്തെ ഐറ്റമാണ് കൈയിൽ, ഇനിയാണ് പൂരം
കേവലം ഒരു സാംസങ്ങോ ആപ്പിളോ വൺ പ്ലസോ കൊണ്ട് മാത്രം ഒതുങ്ങുന്നതാണോ ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണി എന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി പറയാം ഒരിക്കലും അല്ലെന്ന്. അതിന്റെ കാരണം ഈ വിപണിയുടെ വ്യാപ്‌തി തന്നെയാണ്. ചെറുതും വലുതുമായ ഒട്ടേറെ ബ്രാൻഡുകൾ ഇവിടെ സാധാരണക്കാർക്ക് ഇടയിൽ തരംഗമാവുകയും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്.
നിങ്ങളൊരു സ്‍മാർട്ട് ഫോൺ വിപണി നിരീക്ഷിക്കുന്ന ആളാണെങ്കിൽ അവിടെ എപ്പോഴും സാധാരണക്കാർക്ക് പ്രിയങ്കരമായ ചില ബ്രാൻഡുകൾ ഉണ്ടാവും. അത് കൂടുതൽ സബ് ബ്രാൻഡുകളോ, ബജറ്റ് ഫോണുകൾ ഇറക്കുന്ന കമ്പനികളോ ആണെന്നത് രണ്ടാമത്തെ കാര്യം. അത്തരത്തിൽ ജനമനസ്സിൽ സ്വന്തമായി ഇടം നേടിയ കമ്പനിയാണ് വിവോ.

വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ ടി3എക്‌സ് വരുന്നതും അത്തരമൊരു ഉപഭോക്ത മേഖലയെ മുന്നിൽ കണ്ടുകൊണ്ടാണ്. ഈ 5ജി ഫോണിൽ സാധ്യമായ എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് അവർ ഈ ഫോണിനെ രംഗത്ത് ഇറക്കിയത്. അതിനാൽ തന്നെ ഈ ഫോണിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണവും അത്ര കുറവല്ല.
ഏപ്രിൽ 17ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഈ ഫോണിന്റെ ഡിസൈനും കളർ ഓപ്ഷനുകളും ഇതിനകം തന്നെ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന് ഇരട്ട പിൻ ക്യാമറകളാണ് ഉണ്ടാവുക. കൂടാതെ രണ്ട് കളർ ഓപ്‌ഷനുകളിൽ ഇത് ലഭ്യമാവുകയും ചെയ്യുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരമാണ് ലഭ്യമായിരിക്കുന്നത്. വിവോ ടി3എക്‌സ് 5ജിയ്ക്ക് 6,000എംഎഎച്ച് ബാറ്ററി പിന്തുണ നൽകുമെന്നാണ് വിവോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് 6000 എംഎഎച്ച് ബാറ്ററിയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും വലുപ്പം കുറഞ്ഞ സ്‌മാർട്ട്‌ഫോണായിരിക്കുമെന്ന് കമ്പനി പുറത്തുവിട്ട ടീസർ അവകാശപ്പെടുന്നുണ്ട്.
ഇന്ത്യയിൽ ഈ ഫോണിന്റെ വില 15000 രൂപയിൽ താഴെ മുതൽ ആരംഭിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവിധ റാം സ്‌റ്റോറേജ് ഓപ്‌ഷനുകൾക്ക് അനുസരിച്ച് 14,000 രൂപ, 17,000 രൂപയുമായിരിക്കും ഈ ഫോണിന്റെ വില എന്നതാണ് പ്രത്യേകത. ഫോണിന്റെ 8ജിബി + 128ജിബി ഓപ്ഷനും ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസിയാണ് വിവോ ടി3എക്‌സ് 5ജിയ്ക്ക് ശക്തി നൽകുന്നതെന്ന് കമ്പനി തന്നെ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് അവതരിപ്പിക്കും എന്നാണ് സൂചന. കൂടാതെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാവും, സെലസ്‌റ്റിയൽ ഗ്രീൻ, ക്രിംസൺ റെഡ് എന്നിവയാവും ഇത്.
ബജറ്റ് ഫോൺ സെഗ്‌മെന്റിൽ വിപ്ലവം സൃഷ്‌ടിക്കുന്ന ഫോണാകും ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഇത്രയും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ. കൂടാതെ ബാറ്ററിയിൽ ഉൾപ്പെടെ വലിയ മാറ്റം വരുത്തുന്നതും ഉപഭോക്താക്കളെ ആകർഷിച്ചേക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications