വിവോയ്ക്ക് വട്ടം വയ്ക്കാൻ ഒരുത്തനും വളർന്നിട്ടില്ല; ഇത് സർപ്രൈസ് വരവ്, ഈ മോഡൽ സകലരെയും ഞെട്ടിക്കും
എല്ലാ സ്‍മാർട്ട്ഫോൺ വമ്പന്മാരും തങ്ങളുടെ പുത്തൻ മോഡലുകളുമായി സജീവമാകുന്ന കാഴ്‌ചയാണ് ഈ വർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ വിപണിയിൽ ദൃശ്യമാവുന്നത്. അതിൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാ തരം ഫോണുകളും ഉണ്ടെന്നതാണ് ഏറ്റവും അതിശയകരമായ വസ്‌തുത. ഇത്രയധികം ഫോണുകൾ ഇറക്കി വിട്ടിട്ടും വിൽപ്പന കണക്കുകളിൽ കമ്പനികൾക്ക് ലാഭം മാത്രമാണ് ഉണ്ടാവുന്നത് എന്നതും ചിന്തിക്കേണ്ട കാര്യമാണ്.
സാംസങും വൺ പ്ലസുമൊക്കെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ മുതൽ ബജറ്റ്, മിഡ് ബജറ്റ് മോഡലുകൾ വരെ വിപണിയിലേക്ക് ഇറക്കി വിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വിവോ തങ്ങളുടെ ഏറ്റവും പുതിയ മറ്റൊരു ഫോണിന്റെ സൂചന നൽകിയിരിക്കുകയാണ്. അടുത്തിടെ കമ്പനി ഇന്ത്യക്ക് പുറത്ത് വിവോ വി30 ലൈറ്റ് 4ജി മോഡൽ പുറത്തിറക്കിയപ്പോൾ തന്നെ വരാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.

ഇപ്പോൾ കമ്പനി ഔദ്യോഗികമായി തന്നെ ഫോണിന്റെ വരവ് അറിയിച്ചുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫോണിന്റെ ഡിസൈൻ സവിശേഷതകളെ കുറിച്ചും അതിന്റെ വിലയെ കുറിച്ചുമുള്ള സൂചനകളും ലഭ്യമായിട്ടുണ്ട് എന്നതാണ് പ്രത്യേകത. കമ്പനി ട്വിറ്ററിലൂടെ പുറത്തുവിട്ട ടീസറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2023 ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിച്ച വിവോ ടി2എക്‌സ് 5ജിയുടെ പിൻഗാമിയാണ് പുതിയ മോഡൽ. ലോഞ്ച് ഡേറ്റ് കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്നാണ് ടീസർ നൽകുന്ന സൂചന. ഫോണിന്റെ പിൻ പാനലിൽ ഒരു വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ കൊടുത്തിട്ടുണ്ട്. ഡ്യുവൽ ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷ് യൂണിറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
പവർ ബട്ടണും വോളിയം റോക്കറുകളും ഹാൻഡ്‌സെറ്റിന്റെ വലതുവശത്ത് ആയാണ് നൽകിയിട്ടുള്ളത്. ഏറ്റവും വലിയ കാര്യം എന്തെന്നാൽ ഇന്ത്യയിൽ ഫോണിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കും എന്നതാണ്. ഇത് ബജറ്റ് ഫോൺ തേടുന്നവരെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്, പ്രത്യേകിച്ച് വിവോയുടെ ക്യാമറ ക്വാളിറ്റി ലഭ്യമാവും എന്നതിനാൽ തന്നെ.
ഈ ബജറ്റ് ഫോണിന് 6000mAh ബാറ്ററിയുടെ പിന്തുണ ലഭിക്കുമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഓഡിയോ ബൂസ്‌റ്റർ പിന്തുണയോട് കൂടിയ ഡ്യുവൽ സ്‌റ്റീരിയോ സ്‌പീക്കറുകളും ഫോണിന് ലഭിച്ചേക്കും. നിലവിൽ ലഭ്യമായ വിവരപ്രകാരം ഏപ്രിൽ 19ന് ശേഷം ഈ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് നടന്നേക്കും.












Click it and Unblock the Notifications