നോക്കണ്ടെടാ ഉണ്ണീ ഇത് ഞാനല്ല; വിവോ രണ്ടും കൽപിച്ച്, ആ തകർപ്പൻ മോഡലിന്റെ 4ജി വേർഷനും പുറത്ത്
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ തങ്ങളുടേതായ ഇടം നേടിയെടുത്ത സ്‍മാർട്ട്ഫോൺ കമ്പനികളിൽ ഒന്നാണ് വിവോ. ചെറിയ വിലയ്ക്ക് ക്യാമറയിൽ ഉൾപ്പെടെ മികച്ച സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചാണ് ഒരു കാലത്ത് ഈ കമ്പനി എല്ലാവരെയും അതിശയിപ്പിച്ചത്. അതുകൊണ്ട് തന്നെ ബജറ്റ് സെഗ്‌മെന്റിൽ ഈ ബ്രാൻഡിന് മറ്റാർക്കുമില്ലാത്ത ഒരു ജനപ്രീതിയും ലഭിക്കുകയുണ്ടായി.
ഇപ്പോഴിതാ വിവോ തങ്ങളുടെ ഒരു പുതിയ മോഡലുമായി രംഗത്ത് വന്നിരിക്കുകയാണ്. പുതിയ മോഡൽ എന്ന് പറഞ്ഞാൽ അതൊരു അർദ്ധ സത്യമാവും. കാരണം നേരത്തെ നാല് മാസങ്ങൾക്ക് മുൻപ് ആഗോള തലത്തിൽ അവതരിപ്പിച്ച ഒരു മോഡലിന്റെ 4ജി വേർഷനാണ് വിവോ രംഗത്ത് ഇറക്കുന്നത്. മറ്റൊരു മോഡലുമല്ല വിവോ വി30 ലൈറ്റ് ഫോണാണ് വീണ്ടും മറ്റൊരു രൂപത്തിൽ രംഗത്ത് വരുന്നത്.

വിവോയുടെ ഈ പുതിയ മോഡൽ സ്‌നാപ്ഡ്രാഗൺ 685 ചിപ്‌സെറ്റും ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14ന്റെ സഹായത്തോടെയും പ്രവർത്തിക്കുന്നതാണ്. 6.67 ഇഞ്ച് AMOLED സ്‌ക്രീൻ കൊണ്ട് സമ്പന്നമാണ് ഈ സ്‍മാർട്ട്ഫോൺ. ഇതിൽ 80W ചാർജ് ചെയ്യാൻ കഴിയുന്ന 5,000mAh ബാറ്ററിയാണ് കമ്പനി ഒരുക്കിയത്.
വിവോ വി30 ലൈറ്റ് 4ജിയുടെ വില റഷ്യയിൽ 24,999 റൂബിളാണ് (ഏകദേശം 22,510 രൂപ) ആണ്. കമ്പനിയുടെ ഓൺലൈൻ സ്‌റ്റോർ വഴി ഇത് വിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോൾ എത്തുമെന്നോ, എന്ന് മുതൽ വിൽപ്പന ആരംഭിക്കുമെന്നോ ഉള്ള കൃത്യമായ വിവരം കമ്പനി പങ്കുവച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന.
ക്രിസ്‌റ്റലിൻ ബ്ലാക്ക്, സെറീൻ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാവും എന്നാണ് വിവോ പറയുന്നത്. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജും ഈ ഫോണിൽ നിലനിർത്തിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ 5ജി ഫോണുകളുടെ അതിപ്രസരത്തിന് ഇടയിൽ ഈ ഫോൺ കൊണ്ട് വന്നാൽ ഏത് രീതിയിൽ സ്വീകരിക്കപ്പെടും എന്നാവും കമ്പനി ചിന്തിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഏറ്റവും വേണ്ട മറ്റൊരു ഫീച്ചറായ ക്യാമറയുടെ കാര്യത്തിലും വിവോ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല. വിവോ വി30 ലൈറ്റ് 4ജിയിൽ ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷൻ ഉള്ള 50-മെഗാപിക്‌സൽ പിൻ ക്യാമറയും കൂടെ ഒരു 2-മെഗാപിക്‌സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications