സ്‍മാർട്ട്ഫോണുകളിലെ ഷാജി പാപ്പൻ; വിവോ എക്‌സ്100 അൾട്ര ഉടൻ വരുന്നു, പഴയതിലും നൂറുമടങ്ങ് കരുത്തുമായി
ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണി അടക്കിഭരിക്കുന്ന വമ്പന്മാർ മാത്രമല്ല ഒരിത്തിരി വില കുറഞ്ഞ ഫോണുകൾ നൽകുന്ന എന്നാൽ പ്രീമിയത്തിന് പ്രീമിയവും ഉറപ്പാക്കുന്ന ഒട്ടേറെ കമ്പനികളും നമുക്ക് ചുറ്റുമുണ്ട്. അതിൽ പ്രധാനിയാണ് ചൈനീസ് സ്‍മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ. വളരെ പെട്ടെന്ന് ആരാധകരെ ഉണ്ടാക്കിയെടുത്ത ഒരു ബ്രാൻഡാണ് ഇത്.
ഞെട്ടിക്കുന്ന ഫീച്ചറുകളും കുറഞ്ഞ വിലയും ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രധാന കാരണമായി. ബജറ്റ് ഫോണുകളിൽ മാത്രമല്ല പ്രീമിയം സെഗ്‌മെന്റിലും വിവോ ഒരു കൈ നോക്കുന്നുണ്ട്. അവരുടെ പ്രീമിയം ഫോണുകൾക്ക് ആവട്ടെ ആവശ്യക്കാർ ഏറെയുമാണ്. ക്യാമറയുടെ കാര്യത്തിൽ ഉൾപ്പെടെ ഒട്ടും വിട്ടുവീഴ്‌ച ഇല്ലാത്ത സമീപനമാണ് വിവോ മുന്നോട്ട് വയ്ക്കുന്നത്.

ഇപ്പോഴിതാ കമ്പനിയുടെ വരാനിരിക്കുന്ന ഒരു വമ്പൻ മോഡലിനെ കുറിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. വിവോ എക്‌സ്100 അൾട്രയാണ് ഈ മോഡൽ. മെയ് 13ന് ഔദ്യോഗികമായി ഈ ഫോൺ ആളുകൾക്ക് മുൻപിലേക്ക് എത്തിയേക്കും. ഇപ്പോഴിതാ ഫോണിന്റെ ഹൈപ്പ് കൂട്ടാനായി അവർ തന്നെ ഇതിന്റെ ക്യാമറ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
വിവോ എക്‌സ്100 അൾട്രയിൽ സാംസങ്ങിന്റെ 200-മെഗാപിക്‌സൽ ഐസോസെൽ എച്ച്പി9 ക്യാമറ സെൻസറിനൊപ്പമാണ് പിൻഭാഗത്തെ ക്യാമറ സജ്ജീകരണം വരുന്നത്. സോണിയുടെ ഏറ്റവും പുതിയ ലിഷ്യ എൽവൈടി-900, 1 ഇഞ്ച് സെൻസറും ഇതിൽ അവതരിപ്പിക്കും. വിവോ എക്‌സ്100എസ്, വിവോ എക്‌സ്100എസ് പ്രോ എന്നിവയ്‌ക്കൊപ്പമാവും എക്‌സ്100 അൾട്രയും പുറത്തിറക്കുക.
വിവോ എക്‌സ്100 അൾട്രയിൽ പിക്‌സൽ ലൈറ്റ് സെൻസിറ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യാൻ കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യ അവർ ഉപയോഗിക്കും എന്നാണ് വിലയിരുത്തൽ. ഇത് വിവിധ ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തന്നെ വിവോയുടെ ക്യാമറ ക്വാളിറ്റി വലിയ ചർച്ചകൾക്ക് വിധേയമാകാറുള്ള വിഷയമാണ്. ബജറ്റ് ഫോണുകളിൽ പോലും മികച്ച ക്യാമറ അവതരിപ്പിക്കാൻ അവർ സന്നദ്ധരാണ്.
വിവോ എക്‌സ്100 അൾട്ര നിലവിൽ ചൈനയിൽ സ്‌പേസ് ഗ്രേ, ടൈറ്റാനിയം, വൈറ്റ് മൂൺലൈറ്റ് കളർ ഓപ്ഷനുകളിൽ പ്രീ-റിസർവേഷനിൽ ലഭ്യമാണ്. എന്നാൽ ഇതിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ഈ മോഡൽ എത്തുമെന്ന കാര്യത്തിലും ഇതുവരെ ധാരണ ഒന്നും വന്നിട്ടില്ല. എങ്കിലും വൈകില്ലെന്നാണ് സൂചന.












Click it and Unblock the Notifications