വിവോയുടെ അഡാർ ഐറ്റം എത്തി; ഇനി കളി മാറും, ഈ ഫോണിലെ ഫീച്ചറുകൾ ആരെയും ഞെട്ടിക്കും
വിവോയുടെ ഫാൻ ബേസ് വേറെ തന്നെയാണ് ഇന്ത്യൻ വിപണിയിൽ. താങ്ങാനാവുന്ന വിലയിൽ മെച്ചപ്പെട്ട ഫീച്ചറുകളുമായി വിവോ ജന മനസുകളിൽ ഇടം നേടുകയായിരുന്നു പലപ്പോഴും. അത്തരത്തിൽ നിരവധി ഫോണുകൾ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ പലതും ഇടത്തരം-സാധാരണ വിഭാഗത്തിനെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ഈ കാര്യത്തിൽ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ് അവർ. തങ്ങളുടെ ഏറ്റവും മികച്ചൊരു ഉത്പന്നം തന്നെ അഫോർഡബിൾ മാർക്കറ്റിൽ ഇറക്കിയിരിക്കുകയാണ് കമ്പനി. വിവോ വൈ58 5ജി എന്ന ഫോൺ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ അഫോർഡബിൾ 5ജി സ്‌മാർട്ട്‌ഫോൺ സെഗ്‌മെന്റിലേക്ക് വിവോ തങ്ങളുടെ ഏറ്റവും പുതിയ അവതാരത്തെ കൊണ്ട് വന്ന് ഇറക്കിയിരിക്കുകയാണ്.

ഈ പുതിയ 5ജി ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, കൂടാതെ 50 മെഗാപിക്‌സൽ ഡ്യുവൽ പിൻ ക്യാമറയോട് കൂടിയാണ് ഈ ഫോണിന്റെ വരവ്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 എസ്ഒസിയിലാണ് ഈ ഫോണിന്റെ തലച്ചോർ. കൂടാതെ 44W ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയോട് കൂടിയ ബാറ്ററിയും ഇതിലുണ്ട്.
വിവോ വൈ58 ഫീച്ചറുകൾ
6.72-ഇഞ്ച് ഫുൾ-HD+ എൽസിഡി സ്‌ക്രീനിന് 2.5ഡി സ്ക്രീനിന് ടിയുവി റെയിൻലാൻഡ് ലോ ബ്ലൂ ലൈറ്റ് ഐ കെയർ സർട്ടിഫിക്കേഷൻ ഉണ്ട്. ഇത് 8ജിബി LPDDR4X റാമും 128GB UFS 2.2 സ്‌റ്റോറേജും ഉള്ള 4എൻഎം സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 എസ്ഒയിൽ പ്രവർത്തിക്കുന്നു. മൈക്രോ എസ്‌ഡി കാർഡ് വഴി ഇൻബിൽറ്റ് മെമ്മറി 1 ടിബി വരെ വികസിപ്പിക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭ്യമാവും.
ക്യാമറയുടെ കാര്യത്തിൽ മറ്റ് വിവോ ഫോണുകളെ പോലെ തന്നെ ഇതിലും കമ്പനി വിട്ടു വീഴ്‌ച ചെയ്‌തിട്ടില്ല. എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും ഡ്യുവൽ ഫ്ലാഷിനൊപ്പം എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്‌സൽ സെക്കൻഡറി ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വൈ58 ഫോണിനുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്‌സൽ മുൻ ക്യാമറ കൂടി ഇതിലുണ്ട്.
ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണുള്ളത്, പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി64 റേറ്റോടെയാണ് വരുന്നത്. കൂടാതെ ഈ ഫോണിൽ ഡ്യുവൽ സ്‌റ്റീരിയോ സ്‌പീക്കറുകൾ കൂടി ഉൾപ്പെടുന്നു. ജിപിഎസ്, ബെയ്ഡു, ഗ്ലോനാസ്, ഗലീലിയോ, ക്യൂഇസെഡ്എസ്എസ് എന്നിങ്ങനെയുള്ള പ്രധാന സെൻസറുകളും ഫോണിലുണ്ട്.
ബാറ്ററിയുടെ കാര്യത്തിൽ കൂടുതൽ സാധ്യതകൾ തേടുന്നവർ വിവോ ഒരിക്കലും നിരാശരാക്കില്ല. കാരണം അത്രയ്ക്കും മികച്ച ബാറ്ററി തന്നെയാണ് കമ്പനി ഇതിൽ നൽകിയിരിക്കുന്നത്. 44W ഫാസ്‌റ്റ് ചാർജിംഗുള്ള 6,000എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ58 5ജി അവതരിപ്പിക്കുന്നത്. ഒറ്റ ചാർജിൽ 73 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 23 മണിക്കൂർ യൂട്യൂബ് വീഡിയോ പ്ലേബാക്ക് സമയവും ഈ ബാറ്ററി നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
ഈ ഫോണിന്റെ വില
വിവോയുടെ ഈ ഫോൺ ഹിമാലയൻ ബ്ലൂ, സുന്ദർബൻസ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി ഇൻ്റേണൽ സ്‌റ്റോറേജും ഉള്ള ഏക വേരിയന്റിന് 19,499 രൂപയാണ് ആരംഭത്തില് വില. ഫ്ലിപ്കാർട്ട്, വിവോയുടെ ഓൺലൈൻ സ്‌റ്റോർ, മറ്റ് വിവിധ റീട്ടെയിൽ ചാനലുകൾ എന്നിവയിലൂടെ ഈ വിവോയുടെ അഫോർഡബിൾ കരുത്തനെ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും.












Click it and Unblock the Notifications