മറ്റ് രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ നിരക്ക് കുറവ്; വരുമാനം കൂട്ടാൻ വിഐ ആ കടുംകൈ ചെയ്യുമോ?
ഇന്ത്യൻ ടെലികോം വിപണിയിലെ അതികായരായ വോഡഫോണും ഐഡിയയും തമ്മിൽ ലയിച്ച ശേഷം പുതിയ കമ്പനിക്ക് അത്ര നല്ല കാലമല്ല. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉണ്ടായിരുന്ന ബ്രാൻഡുകൾ ആയിരുന്നു ഇവ രണ്ടും. എന്നാൽ സമീപകാലത്ത്, പ്രത്യേകിച്ച് അംബാനിയുടെ റിലയൻസ് ജിയോ അടിച്ചുകേറി വന്നപ്പോൾ പിന്നിലായിപ്പോയ കൂട്ടരാണ് വിഐ അഥവാ നമ്മുടെ സ്വന്തം വോഡഫോൺ ഐഡിയ.
എന്നാൽ അവരിപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കടക്കെണിയിൽ നിന്ന് പുറത്തുകടക്കാനും ഏത് വിധേനയും വരുമാനം വർധിപ്പിക്കാനുമാണ് കമ്പനി ഇപ്പോൾ കാര്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. ഇന്ത്യയിൽ കോടിക്കണക്കിന് ഉപഭോക്താക്കൾ ഉള്ള കമ്പനികളിൽ ഒന്ന് തന്നെയാണ് വിഐ.

ഇപ്പോഴത്തെ റിപ്പോർട്ടുകൾ ഈ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്നതല്ല, മറിച്ച് അവരെ ആശങ്കയിലാഴ്ത്തുന്ന നീക്കങ്ങളാണ്. പ്രധാനമായും വിഐ വരുമാനം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ അതിൽ ആദ്യ ഓപ്‌ഷനായി അവർക്ക് മുന്നിൽ നിരക്ക് വർധന തന്നെയാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും അവർ ലക്ഷ്യമിടുന്നത്.
അവസാനമായി അവർ കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു നിരക്ക് വർധന നടത്തിയത്. അതിന് മുൻപ് സമാനമായി 2021ലും അവർ നിരക്ക് ഉയർത്തിയിരുന്നു. ആ വർഷം നവംബറിലായിരുന്നു ഈ വർധന നടപ്പിലാക്കിയത്. എന്നിട്ടും ഇന്ത്യയിലെ ഇപ്പോഴത്തെ നിരക്കുകൾ ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ന് നടന്ന നിർണായക നിക്ഷേപകരുടെ യോഗത്തിൽ ഈ വിഷയത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രതി ഉപഭോക്തൃ വരുമാനം അഥവാ എആർപിയുവിൽ കാര്യമായ വർധനവ് ഉണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ വിഷയത്തിൽ അവർ വളരെയധികം ആത്മവിശ്വാസത്തിലാണ്.
കൂടുതൽ പണം നൽകി സേവനങ്ങൾ വാങ്ങാനുള്ള ഉപഭോക്താക്കളുടെ സന്നദ്ധത ബോധ്യമായി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വോഡഫോൺ ഐഡിയയുടെ ശരാശരി പ്രതി ഉപഭോക്തൃ വരുമാനം (എആർപിയു) 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 173 രൂപ ആയി ഉയർന്നു, മുൻ പാദത്തിലെ 166 ൽ രൂപയിൽ നിന്ന് 4.7 ശതമാനം വർധനയാണിത്.
ഈ സാഹചര്യത്തിൽ പ്രതി ഉപഭോക്തൃ വരുമാനത്തിലെ ഈ പേസ് നിലനിർത്തിക്കൊണ്ട് വരുമാനം കൂട്ടുക എന്നതാവും കമ്പനിയുടെ നയമെന്ന് വ്യക്തം. ഈ സാഹചര്യത്തിൽ നിരക്ക് വർധനയുടെ പ്രഖ്യാപനങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. എങ്കിലും പ്രഖ്യാപനം ഉടനുണ്ടാവുമോ വൈകുമോ എന്ന കാര്യത്തിൽ കൃത്യമായ വിവരമില്ല.












Click it and Unblock the Notifications