ഈ വാട്‍സ്ആപ്പ് തട്ടിപ്പ് സൂക്ഷിക്കണേ..? ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും, വരുന്നത് എട്ടിന്റെ പണി...
നമുക്ക് എല്ലാവർക്കും ഏറ്റവും അധികം പ്രയോജനപ്പെടുന്ന ഒരു മെസേജ് ആപ്ലിക്കേഷനാണ് വാട്‍സ്ആപ്പ്. ഇന്ത്യയിൽ ഏറ്റവും അധികം ഉപയോക്താക്കളുള്ള ഈ ജനപ്രിയ ആപ്പ് കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഓൺലൈൻ തട്ടിപ്പിന്റെ കേന്ദ്രം കൂടിയാണ്. നിരവധി ഉപയോക്താക്കളാണ് ദിവസവും വാട്‍സ്ആപ്പ് തട്ടിപ്പിന് ഇരകളാകുന്നത്. അതിൽ പലർക്കും പണവും നഷ്‌ടമാകുന്നുണ്ട്.
അത്തരത്തിൽ വാട്‍സ്ആപ്പ് ഉപയോഗിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട തട്ടിപ്പിന് കുറിച്ചാണ് ഇപ്പോൾ പറയുന്നത്. കാരണം അടുത്ത കാലത്തായി വ്യാപകമായി പലയിടത്തും ഇത് കണ്ടുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സൈബർ വിദഗ്‌ധരും രംഗത്ത് എത്തുന്നുണ്ട്. അക്കൗണ്ടിൽ നിന്നുള്ള പണവും, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉൾപ്പെടെ ഇതിലൂടെ നഷ്‌ടപ്പെടും എന്നാണ് മുന്നറിയിപ്പ്.

ഒറ്റത്തവണ പാസ്‌വേഡ് എന്നറിയപ്പെടുന്ന ഒടിപി കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ ഇരകളെ വീഴ്ത്തുന്നത്, അത് പിന്നീട് പണം കൈമാറ്റത്തിനായി വിവിധ ഓൺലൈൻ സേവനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അവർ ഉപയോഗിക്കും. വാട്‍സ്ആപ്പ് സ്‌ക്രീൻ ഷെയർ തട്ടിപ്പുകളാണ് ഇപ്പോഴത്തെ രീതി. ഇതിലൂടെ ഇരയുടെ ഫോണിൽ നിന്നും ഒടിപി ഉൾപ്പെടെയുള്ള സെൻസിറ്റിവ് വിവരങ്ങൾ ഇവർ കൈക്കലാക്കുന്നു.
വാട്‍സ്ആപ്പ് സ്‌ക്രീൻ ഷെയർ ഓപ്‌ഷൻ ഇനേബിൾ ചെയ്യിക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഒരിക്കൽ ഇത് പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് തട്ടിപ്പുകാരന് ആക്‌സസ് ലഭിക്കും, അത് സന്ദേശങ്ങൾ വായിക്കാനും അതിൽ നിന്ന് ഒടിപി ഉൾപ്പെടെയുള്ളവ കണ്ടെത്താനും അവരെ അനുവദിക്കുന്നു.
വാട്‍സ്ആപ്പ് സ്‌ക്രീൻ ഷെയർ തട്ടിപ്പുകളിൽ കുടുങ്ങി ആളുകൾക്ക് തങ്ങൾ അധ്വാനിച്ച പണം നഷ്‌ടമായതായി നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. മാത്രമല്ല, ഈ ഫീച്ചർ ഉപയോഗിച്ച് ആർക്കും എളുപ്പത്തിൽ പാസ്‌വേഡ് മാറ്റാനോ, പുതിയത് ഉണ്ടാക്കാനോ കഴിയുമെന്നതിനാൽ ആളുകൾ അവരുടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പോലും പുറത്താക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാട്‍സ്ആപ്പിൽ വരുന്ന അജ്ഞാത നമ്പറിൽ നിന്നുള്ള വോയ്‌സ്/വീഡിയോ കോൾ ഒരിക്കലും സ്വീകരിക്കരുത്. ഒടിപി, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പർ, അല്ലെങ്കിൽ സിവിവി എന്നിവ ഒരിക്കലും ആരുമായും പങ്കിടരുത്. നിങ്ങളുടെ പാസ്‌വേഡ് ഒരിക്കലും മറ്റാരോടും വെളിപ്പെടുത്തരുത്. നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, വിശ്വാസക്കുറവുണ്ടെങ്കിൽ ഒരിക്കലും സ്‌ക്രീൻ പങ്കിടൽ അഭ്യർത്ഥനകൾ സ്വീകരിക്കരുത്. ഇത്തരം നടപടികളിലൂടെ മാത്രമേ തട്ടിപ്പുകാരിൽ നിന്ന് രക്ഷനേടാൻ കഴിയുകയുള്ളൂ.












Click it and Unblock the Notifications