ലോകം കാത്തിരുന്ന ചാറ്റ്ജിപിടി 5 ഉടൻ വരുമോ? ഓപ്പൺഎഐ സിഇഒയുടെ മറുപടി ഇങ്ങനെ
കഴിഞ്ഞ വർഷം നവംബറിലാണ് ലോകമെമ്പാടും വലിയൊരു മാറ്റത്തിന് വഴി തെളിയിച്ചുകൊണ്ട് ചാറ്റ്ജിപിടി എന്ന എഐ സാങ്കേതിക വിദ്യ ഉദയം കൊണ്ടത്. പിന്നീടിങ്ങോട്ടുള്ള ഒരു വർഷക്കാലമായി നിർമ്മിത ബുദ്ധിയുടെ ഗുണങ്ങളും ദോഷങ്ങളും, അതിന്റെ ഭാവിയുമൊക്കെ വലിയ ചർച്ചാ വിഷയങ്ങളാണ്. നിലവിൽ എഐ ലോകത്ത് എതിരാളികളില്ലാത്ത വിധം മുന്നേറുന്ന ഓപ്പൺഎഐ കൊണ്ട് വന്ന ഈ ടെക് വിപ്ലവം മറ്റ് പല പ്രമുഖന്മാരും ഏറ്റെടുത്ത് കഴിഞ്ഞു.
ചാറ്റ്ജിപിടി ഇതിനിടയിൽ പല മാറ്റങ്ങൾക്കും വിധേയമായത് ഈ വിഷയം കൃത്യമായി പിന്തുടരുന്നവർക്ക് അറിയാമായിരിക്കും. നിലവിൽ ജിപിടി4 വേർഷനിലാണ് ഓപ്പൺഎഐ ഇതിനെ പ്രവർത്തിപ്പിക്കുന്നത്. തുടക്കത്തിലെ പരിമിതികളിൽ നിന്ന് ഏറെ ദൂരം സഞ്ചരിച്ചാണ് ജിപിടി4 അത് ഉപയോഗിക്കുന്നവർക്ക് ഏറ്റവും മികച്ച അനുഭവം നൽകാനായി മാറ്റത്തിന് വിധേയമായത്.

എന്നാൽ കഴിഞ്ഞ കുറേ കാലങ്ങളായി ജിപിടി5 വകഭേദത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കാര്യമായി ഉയരുന്നുണ്ട്. അതിന് കൃത്യമായ മറുപടി നൽകാൻ ഇതുവരെയും ഓപ്പൺഎഐയോ സിഇഒ സാം ആൾട്ട്മാനോ തയ്യാറായിട്ടില്ലായിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ജിപിടി5നെ കുറിച്ചുള്ള സൂചനകൾ ഇപ്പോൾ ആൾട്ട്മാൻ തന്നെ പങ്കുവയ്ക്കുകയാണ്.
ഓപ്പൺഎഐ ജിപിടി5ന്റെ പണിപ്പുരയിലാണെന്നാണ് ആൾട്ട്മാൻ പറയുന്നത്. മനുഷ്യന്റെ സാധ്യമായ ബൗദ്ധിക ശേഷിക്കും അപ്പുറം കഴിവുകളുള്ളതായിരിക്കും ഇതെന്നും സാം ആൾട്ട്മാൻ പറഞ്ഞുവയ്ക്കുന്നു. ഫൈനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമെ മൈക്രോസോഫ്‌റ്റുമായുള്ള ബന്ധം നല്ല നിലയിലാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിപിടി5 പുറത്തിറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സാം ആൾട്ട്മാന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വേർഷൻ അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചാറ്റ്ജിപിടി ഉപയോക്താക്കൾ.












Click it and Unblock the Notifications