ഇത് ആപ്പിളിനെ പോലും ഞെട്ടിച്ച ആരാധകൻ; ഐഫോൺ 16ന് വേണ്ടി വിദേശയാത്ര..! ധീരജ് പറന്നത് ദുബായിലേക്ക്
ദുബായ്: ആപ്പിൾ അവതരിപ്പിക്കുന്ന ഐഫോൺ മോഡലുകൾക്ക് എന്നും ആരാധകർ ഏറെയാണ്, അത് ഇപ്പോൾ പതിനാറാം തലമുറ വരെ എത്തി നിൽക്കുകയാണ്. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ആപ്പിൾ തങ്ങളുടെ പ്രീമിയം മോഡലായ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചപ്പോൾ പലരും ഈ ഫോൺ വാങ്ങണമെന്ന് മനസിൽ ഉറപ്പിച്ചിട്ടുണ്ടാവും. എന്നാൽ ഈ ഫോൺ ആദ്യം സ്വന്തമാക്കാനായി എത്ര ദൂരം യാത്ര ചെയ്യാൻ നിങ്ങൾ തയ്യാറാവും? കൂടിപ്പോയാൽ അടുത്തുള്ള ടൗൺ വരെ.
അല്ലെങ്കിൽ ഓൺലൈൻ വഴി വീട്ടിൽ എത്തുന്നത് വരെ കാത്തിരിക്കും. എന്നാൽ ധീരജ് പള്ളിയിൽ എന്ന മലയാളി യുവാവ് ഇക്കാര്യത്തിൽ ഏറെ വ്യത്യസ്‌തനാണ്. ഐഫോണിന്റെ ഏത് മോഡൽ പുതുതായി വന്നാലും ധീരജ് അത് ആദ്യം തന്നെ സ്വന്തമാക്കും, ഓൺലൈൻ വഴിയോ അടുത്തുള്ള കടയിൽ നിന്നോ ഒന്നും അല്ല. അങ്ങ് ദൂരെ കടൽ കടന്ന് ദുബായിലേക്ക് യാത്ര ചെയ്‌താണ് ധീരജ് ഈ ഫോൺ സ്വന്തമാക്കാറുള്ളത്.

ഇത്തവണയും ധീരജ് ഈ രീതിക്ക് ഒരു മുടക്കവും വരുത്തിയില്ല. ദുബായ് ദെയ്റ സിറ്റി സെന്ററിലെ ഐസ്‌റ്റൈൽ സ്‌റ്റോറിലെത്തി ഐഫോൺ പ്രോ മാക്‌സ് മോഡലാണ് ധീരജ് വാങ്ങിയത്.ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ലെന്ന് പ്രത്യേകം ഓർക്കണം. വർഷങ്ങളായി ആപ്പിൾ ഏത് ഫോൺ ഇറക്കിയാലും ധീരജ് പള്ളിയിൽ അത് വാങ്ങാനായി ദുബായിലെത്തുക പതിവാണ്, അതുകൊണ്ട് ധീരജിന്റെ വരവും കാത്ത് അവർ ഇരിക്കുന്നുമുണ്ടാവാം.
ഐഫോൺ 16 പ്രോ മാക്‌സിന്റെ 256 ജിബി വേർഷനാണ് ധീരജ് സ്വന്തമാക്കിയത്, ഡെസേർട്ട് ടൈറ്റാനിയം എന്ന അതീവ ഭംഗിയുള്ള നിറമാണ് അതിനുള്ളത്. റിവ്യൂ പറഞ്ഞ് ആദ്യ ദിനം തന്നെ കൈയടി വാങ്ങാൻ താൽപര്യമില്ലെങ്കിലും നിലവിലെ ഐഫോൺ 15 പ്രോ മാക്‌സും പുതിയ ഐഫോൺ 16 പ്രോ മാക്‌സും തമ്മിൽ കാഴ്‌ചയിൽ കാര്യമായ വ്യത്യാസം ഒന്നുമില്ലെന്നാണ് ധീരജ് പറയുന്നത്.
എങ്കിലും പുതുതായി ക്യാപ്ച്ചർ ബട്ടൺ കൊണ്ട് വന്നതിനും ഡിസ്‌പ്ലേ ബെസൽ ചെറുതാക്കിയതിനും ആപ്പിളിന് ധീരജ് ഒരു കൈയടിയും കൊടുക്കുന്നുണ്ട്. 5200 ദിർഹം അഥവാ 1,18,286 രൂപ മുടക്കിയാണ് ധീരജ് ഈ ഫോൺ സ്വന്തമാക്കിയത്. ഇത് കൂടാതെ പ്രൊട്ടക്ഷൻ പ്ലാൻ ഇനത്തിൽ ഒരു 799 ദിർഹം വേറെയും നൽകേണ്ടി വന്നു.
ഐഫോൺ 11 മുതൽ ദുബായിലെത്തി വാങ്ങിയാണ് ധീരജ് വാർത്തകളിൽ ഇടം നേടിയത്. ഏറ്റവും ഒടുവിൽ ഐഫോൺ 16 പ്രോ മാക്‌സ് വരെ ഇത് എത്തി നിൽക്കുന്നു. ഐഫോൺ 15 പ്രോ മാക്‌സ് ഉൾപ്പെടെ ഇവിടെ നിന്ന് തന്നെയാണ് ധീരജിന്റെ കൈകളിൽ എത്തിയത്. കോവിഡ് കാലത്ത് പോലും മുടങ്ങാതെ വന്ന് ഐഫോൺ 12 വാങ്ങിയ ധീരജിനെ ഇപ്പോൾ ആദ്യം തന്നെ വിൽപ്പനക്കായി സ്‌റ്റോറുകൾ ഇങ്ങോട്ട് ക്ഷണിക്കാറുമുണ്ട് എന്നതാണ് കൗതുകം.
അതേസമയം, സെപ്റ്റംബർ 13 മുതൽ പ്രീ ബുക്കിംഗ് ആരംഭിച്ച ഐഫോൺ 16 സീരീസ് ഇന്ന് മുതലാണ് വിൽപ്പന ആരംഭിച്ചത്. മികച്ച ലോഞ്ച് ഓഫറുകളുമായി ഇനി പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ കളം നിറയുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. എന്നാൽ ഫോണിന് പ്രതീക്ഷിച്ച വിൽപ്പന നിലവാരത്തിലേക്ക് ഇതുവരെ കടക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications