വിൻഡോസിന് കിട്ടിയ എട്ടിന്റെ പണി; എന്താണ് ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറർ? എങ്ങനെ അത് പരിഹരിക്കാം
ആഗോള തലത്തിൽ തന്നെ ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിയ വിൻഡോസ് തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനിടയിലാണ് വിൻഡോസ് നേരിട്ട ഈ സ്‌തംഭനത്തിന്റെ യഥാർത്ഥ കാരണത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. സാധാരണയായി ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറർ അഥവാ ബിഎസ്‌ഡിഎ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ നിരവധി പേർക്കാണ് നേരിടേണ്ടി വന്നത്.
ഇത്തരമൊരു തടസത്തെ കുറിച്ച് മൈക്രോസോഫ്റ്റ് അധികൃതർ ഇന്നലെ രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെ നടത്തിയ ക്രൗഡ് സ്‌ട്രൈക് അപ്‌ഡേറ്റാണ് ഈ തടസത്തിന്റെ മൂല കാരണമെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തിയിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും സ്വമേധയാ റീസ്‌റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് പലയിടത്തും ഉണ്ടായത്.

എന്താണ് ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറർ എന്നറിയാം?
ഡ്രൈവർ സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ പ്രശ്‌നങ്ങൾ മൂലമാണ് ഈ തകരാർ പ്രധാനമായും ഉണ്ടാകുന്നത്. ഒരു ആപ്ലിക്കേഷൻ ക്രാഷ് ആവുന്നതിന് പകരം വിൻഡോസ് ഡ്രൈവറുകളിലോ ഹാർഡ്‌വെയറുകളിലോ ഉള്ള പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന പൂർണ്ണമായ സിസ്‌റ്റം പരാജയത്തെയാണ് ബിഎസ്ഒഡി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
വിൻഡോസ് പ്രവർത്തിപ്പിക്കുന്ന ബ്രൗസർ ക്രാഷുകളിൽ നിന്ന് വ്യത്യസ്‌തമായി, ഒരു ആപ്പിന്റെ പ്രശ്‌നം മൂലം ബ്ലൂ സ്‌ക്രീൻ വരാനുള്ള സാധ്യത വളരെ വിരളമാണ്, കാരണം ആപ്പുകൾ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലെ ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങൾ പൊതുവെ സിസ്‌റ്റം പൂർണമായി പ്രവർത്തനം നിർത്തി എന്നതിന്റെ സൂചനയാണ്.
എങ്ങനെ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറർ പരിഹരിക്കാം
സാധാരണ ഗതിയിൽ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങളിൽ നിന്നോ ബ്ലൂ സ്‌ക്രീൻ ഏററുകൾ ഉണ്ടാകാം. അടുത്തിടെയുള്ള ഒരു ഹാർഡ്‌വെയർ ഇൻസ്‌റ്റാളേഷനാണ് ഇതിന് കാരണമെങ്കിൽ ഉപയോക്താക്കൾ അവരുടെ പിസി ഷട്ട്ഡൗൺ ചെയ്യുകയും പുതിയ ഹാർഡ്‌വെയർ നീക്കം ചെയ്യുകയും റീസ്‌റ്റാർട്ടിന് ശ്രമിക്കുകയും വേണം. റീ സ്‌റ്റാർട്ട് ബുദ്ധിമുട്ടാണെങ്കിൽ, ഉപയോക്താക്കൾക്ക് അവരുടെ പിസി സേഫ് മോഡിൽ തുറക്കാൻ ശ്രമിക്കാവുന്നതാണ്.
വിൻഡോസ് ഇപ്പോൾ നേരിടുന്ന പ്രശ്‌നം
ഒരു യുഎസ് സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ് സ്ട്രൈക്ക്. 2013ൽ സ്ഥാപിതമായ ഈ കമ്പനി ക്ലൗഡ് അധിഷ്‌ഠിത സുരക്ഷാ സേവനങ്ങളാണ് നൽകി വരുന്നത്. മൈക്രോസോഫ്റ്റും ഇവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് നടത്തിയ സിസ്‌റ്റങ്ങളിലാണ് ഈ സാങ്കേതിക തടസം ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
അതേസമയം, ആഗോള തലത്തിൽ നിരവധി കമ്പനികളെയും ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും ഈ പ്രശ്‌നം സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഐടി സേവനങ്ങൾ സ്‌തംഭിച്ചു എന്നാണ് സൂചന. ചിലയിടത്ത് അടിയന്തര സേവനങ്ങൾ വരെ തടസപ്പെടുകയുമുണ്ടായി.












Click it and Unblock the Notifications