ഇത് താൻ ഡാ ഫോൺ; മറ്റ് കമ്പനികളെ വെല്ലുവിളിച്ച് ഷവോമിയുടെ അവതാരം, ഇതുപോലൊരു മോഡൽ വേറെയില്ല
സ്‍മാർട്ട്ഫോൺ വിപണിയിൽ ഒരുകാലത്ത് സ്വന്തമായ ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുത്ത കമ്പനികളിൽ ഒന്നായിരുന്നു ഷവോമി. പിന്നീട് വിപണിയിൽ സാംസങും, ആപ്പിളും തമ്മിൽ പോരാട്ടം വഴിമാറിയപ്പോഴും തങ്ങളുടേതായ സെഗ്‌മെന്റുകളിലും, മേഖലയിലും അവരെ വെല്ലാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഒന്ന് ക്ഷീണത്തിൽ ആയെങ്കിലും പൂർവാധികം ശക്തിയോടെ ആഗോള തലത്തിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കമ്പനി.
അതിന്റെ ഭാഗമായി ഏറ്റവും പുതിയ മോഡലുകൾ അവർ വിപണിയിൽ എത്തിക്കുന്നുണ്ട്. അതിൽ എല്ലാവരും വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന മോഡലുകളിൽ ഒന്നാണ് ഷവോമിയുടെ 14 അൾട്ര. ഫെബ്രുവരി 25ന് ഈ ഫോണിന്റെ ലോഞ്ച് നടക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ നൽകുന്ന സൂചന.

2023 ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച അടിസ്ഥാന മോഡലുകളായ ഷവോമി 14, ഷവോമി 14 പ്രോ എന്നിവ ഈ ചടങ്ങിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും ചെയ്യും. ഷവോമിയുടെ ടോപ്പ്-ഓഫ്-ലൈൻ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഇതുമായി ബന്ധപ്പെട്ട ചോർച്ചകൾ ഓൺലൈനിൽ തകൃതിയായി നടക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
അടുത്തിടെ, ഷവോമി 14 അൾട്രയുടെ ഒരു ഹാൻഡ്-ഓൺ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ, ഒരു ടിപ്‌സ്റ്റർ മോഡലിന്റെ ചില പ്രധാന സവിശേഷതകളും പുറത്തുവിട്ടിരിക്കുകയാണ്. ഷവോമി 14 അൾട്രയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.73 ഇഞ്ച് QHD+ AMOLED LTPO ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നതെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ തന്റെ എക്‌സ് പോസ്‌റ്റിലൂടെ അവകാശപ്പെട്ടു.
ഇതിൽ ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC കൂടി ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്, കൂടാതെ ലൈനപ്പിലെ നിലവിലുള്ള മോഡലുകൾക്ക് സമാനമായി ആൻഡ്രോയിഡ് 14-അധിഷ്‌ഠിത ഹൈപ്പർഒഎസുമായി ഇത് ചേർക്കാനും സാധ്യതയുണ്ട്.
50 മെഗാപിക്സൽ 1 ഇഞ്ച് പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ലെൻസുള്ള 50 മെഗാപിക്‌സൽ സെൻസർ, ലെയ്‌ക പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് എന്നിവ ഷവോമി 14 അൾട്രയിൽ ഉണ്ടാകുമെന്ന് ടിപ്‌സ്റ്റർ സൂചിപ്പിക്കുന്നു. ഇതിൽ രണ്ട് 50-മെഗാപിക്‌സൽ സെൻസറുകൾ, ഒന്ന് 3x വരെയും മറ്റൊന്ന് 5x വരെ സൂം ശേഷി ഉള്ളതാണെന്നും പ്രതീക്ഷിക്കുന്നു.
ഹാൻഡ്‌സെറ്റിന്റെ മുൻ ക്യാമറയിൽ 32 മെഗാപിക്‌സൽ സെൻസർ ഉണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 90W വയർഡ് ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ഷവോമി 14 അൾട്ര മോഡലിൽ 5,300mAh ബാറ്ററി ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഫോണിന്റെ വിലയോ, മറ്റ് സ്‌റ്റോറേജ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications