ഇതൊന്നും ഷവോമിക്ക് പുത്തരിയല്ല; അഡാർ ഫ്ലിപ് മോഡലുമായി രംഗത്ത്, ഇനി സാംസങ് ഒക്കെ വിയർക്കും
ഇന്ത്യൻ വിപണിയിൽ എന്നും തങ്ങളുടേതായ സ്ഥാനം സ്വന്തമായുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. എങ്കിലും പഴയ പ്രതാപം അവർക്ക് ഇപ്പോഴില്ല എന്നതാണ് സത്യം. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഷവോമി ഇപ്പോൾ. അതിനായി അവർ രംഗത്തിറക്കുന്നത് സാക്ഷാൽ സാംസങിനോട് പോലും മുട്ടി നിൽക്കാൻ കെൽപുള്ള ഒരു മോഡലുമായാണ്.
അങ്ങനെ പറയാനൊരു കാരണമുണ്ട്, എന്താണെന്ന് വെച്ചാൽ ഫോൾഡബിൾ മാർക്കറ്റിൽ ഒറ്റയ്ക്ക് ഭരിച്ചു വരികയായിരുന്ന സാംസങിന് എതിരാളികളുടെ എണ്ണം കൂടി വരികയാണ്. അക്കൂട്ടത്തിലേക്കാണ് ഷവോമിയും കാലെടുത്ത് വയ്ക്കുന്നത്, അതും ഒരു ഒന്നൊന്നര മോഡലുമായി. കഴിഞ്ഞ ദിവസമാണ് ഷവോമിയുടെ രണ്ട് പുതിയ മോഡലുകൾ ചൈനയിൽ ലോഞ്ച് ചെയ്‌തത്.

അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട മോഡലിനെ കുറിച്ച് നാമിപ്പോൾ പറഞ്ഞുവന്നത്, അതാണ് ഷവോമി മിക്‌സ് ഫ്ലിപ് മോഡൽ. ഏറ്റവും പ്രധാന കാര്യമെന്തെന്നാൽ കമ്പനിയുടെ ആദ്യത്തെ ഫ്ലിപ്-സ്‌റ്റൈൽ ഉപകരണമാണ് മിക്‌സ് ഫ്ലിപ് എന്നതാണ്. അതും ആരെയും എതിരിടാൻ കഴിയുന്ന ഫീച്ചറുകളുമായാണ് ഫോണിന്റെ വരവ്.
ഷവോമി മിക്‌സ് ഫ്ലിപ് ഫീച്ചറുകൾ
ഏറ്റവും ശക്തമായ മൊബൈൽ ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്ത് പകരുന്ന മിക്‌സ് ഫ്ലിപിന് 4.01 ഇഞ്ച് അമോലെഡ് കവർ സ്‌ക്രീനും അകത്ത് 6.86 ഇഞ്ച് 120 ഹെർട്സ് എൽടിപിഒ അമോലെഡ് സ്‌ക്രീനും ആണ് നൽകിയിരിക്കുന്നത്. രണ്ട് സ്ക്രീനുകൾക്കും 1.5കെ റെസല്യൂഷനാണ് ഉള്ളത് കൂടാതെ 3,000 നിറ്റ് പീക്ക് തെളിച്ചവും അത് വാഗ്‌ദാനം ചെയ്യുന്നു.
മികച്ച പ്രവർത്തനക്ഷമതയുള്ള വിധത്തിലാണ് ഔട്ടർ ഡിസ്‌പ്ലേ രൂപകൽപന ചെയ്‌തിരിക്കുന്നതെന്നും ഫോൺ തുറക്കാതെ തന്നെ ഫോൺ വിളിക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന നിലയിലാണ് ഇതിന്റെ രൂപകൽപന എന്നും ഷവോമി തന്നെ ഉപഭോക്താക്കളോട് അറിയിച്ചിട്ടുണ്ട്.
ക്യാമറയുടെ കാര്യത്തിൽ ഉൾപ്പെടെ ഒട്ടും അലംഭാവം കമ്പനി കാട്ടിയിട്ടില്ല. 3x ഒപ്റ്റിക്കൽ സൂം ഉള്ള 50എംപി ടെലിഫോട്ടോ ലെൻസിനൊപ്പം 50എംപി ലൈറ്റ് ഫ്യൂഷൻ 800 മെയിൻ സെൻസറും ഫോണിൽ ഷവോമി നൽകിയിട്ടുണ്ട്, ഇവ രണ്ടും Leica Summilux സൗകര്യത്തോടെയാണ് കമ്പനി അവതരിപ്പിച്ചത്. വലിയ ബാറ്ററിയുള്ള ചുരുക്കം ചില ഫ്ലിപ്പ് ഫോണുകളിൽ ഒന്നാണിത്.
4,780എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഷവോമി നൽകിയത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും 32 എംപി ഫ്രണ്ട് ക്യാമറയുമായി ഉള്ളത്. കൂടാതെ ഈ ഫോൺ 16 ജിബി റാമും 1 ടിബി സ്‌റ്റോറേജുമായാണ് വരുന്നത്.
കറുപ്പ്, വെളുപ്പ്, പർപ്പിൾ, ഷവോമി നൈലോൺ ഫൈബർ എഡിഷൻ എന്നീ നാല് നിറങ്ങളിൽ ഇത് ലഭ്യമാണ്, മിക്‌സ് ഫ്ലിപ്പിന്റെ അടിസ്ഥാന വേരിയന്റിന് 5999 ചൈനീസ് യുവാൻ ആണ് വില എന്ന് വച്ചാൽ ഏകദേശം 69,000 രൂപയോളം വരുമിത്. ഇന്ത്യൻ വിപണിയിൽ ഈ ഫോൺ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications