വന്ദേഭാരത് പോലെ അല്ല അമൃത ഭാരത്; ആളില്ലാതെ ഓടേണ്ടി വരും, 'സമയം ശരിയല്ലെ'ന്ന് യാത്രക്കാര്‍
കോഴിക്കോട്: വന്ദേഭാരത് പോലെ വലിയ പ്രചാരണത്തിന് ഒടുവിലാണ് അമൃത ഭാരത് എക്‌സ്പ്രസ് സര്‍വീസിന് എത്തിയത്. 22 കോച്ചുള്ള നാഗര്‍കോവില്‍ മംഗളൂരു അമൃതഭാരത് എക്‌സ്പ്രസില്‍ യാത്രക്കാര്‍ വളരെ കുറവാണ് എന്നാണ് പുതിയ വിവരം. ചൊവ്വാഴ്ചയാണ് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലിലേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കും.
എട്ട് സ്ലീപ്പര്‍ കോച്ചുകള്‍, 11 ജനറല്‍ കോച്ചുകള്‍, ഒരു പാന്‍ട്രി കാര്‍ എന്നിവയാണ് അമൃത ഭാരത് എക്‌സ്പ്രസിലുള്ളത്. താങ്ങാന്‍ പറ്റുന്ന ടിക്കറ്റ് നിരക്കേയുള്ളൂ. എന്നാല്‍ കൂടുതല്‍ യാത്രാ സമയം വേണ്ടി വരുന്നതും സ്റ്റോപ്പുകളിലെ അശാസ്ത്രീയതയും സമയം തെറ്റിയുള്ള യാത്രയുമെല്ലാമാണ് അമൃത ഭാരതിന് വിചാരിച്ച അത്ര ശോഭിക്കാന്‍ പറ്റാത്ത സാഹചര്യം ഒരുക്കിയത്.

നാഗര്‍ കോവിലില്‍ നിന്ന് മംഗളൂരു വരെ എത്താന്‍ 17 മണിക്കൂര്‍ സമയം വേണ്ടി വരുന്നു എന്നതാണ് അമൃത ഭാരത് എക്‌സ്പ്രസിന്റെ തിളക്കം കുറച്ചത്. മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകള്‍ കുറവായതും അര്‍ധരാത്രി കണ്ണൂരിലെത്തുന്നതുമെല്ലാം തിരിച്ചടിയായി. രാത്രി 10.40നാണ് കോഴിക്കോട്. 12.20ന് കണ്ണൂരും. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് മൂന്ന് മണിക്കൂറാണ് സമയം കാണിക്കുന്നത്.
സീറ്റുകള്‍ കാലി, ടിക്കറ്റ് നിരക്ക് ഒതുങ്ങും, സ്റ്റോപ്പുകള്‍ അറിയാം
മറ്റു എക്‌സ്പ്രസുകള്‍ ഇതിനേക്കാള്‍ വേഗതയില്‍ എത്തുമ്പോഴാണ് അമൃത ഭാരത് വളരെ വൈകി യാത്ര ചെയ്യുന്നത്. അതേസമയം, മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന അമൃത ഭാരത് വേഗത്തില്‍ കടന്നുപോകുകയും ചെയ്യും. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ജനുവരി 27 മുതല്‍ മര്‍ച്ച് 24 വരെ 300നും 400നും ഇടയില്‍ സ്ലീപ്പര്‍ ബെര്‍ത്തുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. തിരിച്ചും അങ്ങനെ തന്നെ.
സ്റ്റോപ്പുകളിലെ അശാസ്ത്രീയതയാണ് യാത്രക്കാര്‍ കുറയാന്‍ കാരണം എന്നാണ് പറയപ്പെടുന്നത്. ജനറല്‍ സീറ്റില്‍ 50 കിലോമീറ്ററിന് 35 രൂപയാണ് നിരക്ക്. സ്ലീപ്പറില്‍ 200 കിലോമീറ്ററിന് 165 രൂപയുമാണ് കുറഞ്ഞ നിരക്ക്. തിരുവനന്തപുരം വിട്ടാല്‍ വര്‍ക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നീ സ്‌റ്റോപ്പുകള്‍ പിന്നിട്ടാല്‍ പിന്നീട് സ്റ്റോപ്പുകള്‍ കുറവാണ്.
തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം ഇത്രയും സ്റ്റോപ്പുകളേ പിന്നീടുള്ളൂ. തിരുവനന്തപുരത്ത് നിന്ന് വരുന്ന ട്രെയില്‍ അര്‍ധരാത്രിയാണ് കണ്ണൂരില്‍ എത്തുക. ഈ വേളയില്‍ കാഞ്ഞങ്ങാട് വരെ പോകേണ്ടവര്‍ക്ക് അടുത്ത ട്രെയിനിലായി പുലര്‍ച്ചെ വരെ സ്റ്റേഷനില്‍ കാത്തിരിക്കണം. സമയത്തിലും സ്റ്റോപ്പുകളിലും ക്രമീകരണം വരുത്തിയാല്‍ മാത്രമേ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications