ഇനി കുറഞ്ഞ ചിലവിൽ ദീർഘദൂര യാത്ര നടത്താം; 9 റൂട്ടുകളിൽ കൂടി അമൃത് ഭാരത് ട്രെയിനുകൾ, കേരളത്തെ ഒഴിവാക്കി
ന്യൂഡൽഹി: രാജ്യത്തുടനീളം ദീർഘദൂര യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നീ ഏഴ് സംസ്ഥാനങ്ങളിലൂടെ ഈ ട്രെയിനുകൾ കടന്നുപോകും. പട്ടികയിൽ പക്ഷേ കേരളമില്ല. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സർവീസുകളുണ്ട്.
ദൂരയാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങാനാവുന്ന യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. കിഴക്കൻ, വടക്കൻ, തെക്കൻ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ അമൃത് ഭാരത് ട്രെയിനുകൾക്ക് കഴിയുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കാമാഖ്യ-റോഹ്തക്, ദിബ്രുഗഢ്-ലഖ്‌നൗ ഗോമതി നഗർ തുടങ്ങിയ റൂട്ടുകൾ ഇതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്.

പ്രത്യേകതകൾ എന്തൊക്കെ?
പുതിയ ഇനം ബജറ്റ് സൗഹൃദ ദീർഘദൂര പാസഞ്ചർ ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ് എന്ന പേരിൽ കൊണ്ട് വന്നിരിക്കുന്നത്. ഇവ നോൺ-എസി സർവീസുകളാണ്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട്, മെച്ചപ്പെട്ട സീറ്റിംഗ്, മികച്ച ശുചിമുറികൾ, ആധുനിക സുരക്ഷാ സവിശേഷതകൾ എന്നിവ ഈ ട്രെയിനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലെ യാത്രാനിരക്ക് ഏകദേശം 1000 കിലോമീറ്ററിന് 500 മാത്രമാണ്. 'ചെറിയതും ഇടത്തരം ദൂരങ്ങളിലേക്കുമുള്ള യാത്രകൾക്ക് ആനുപാതികമായി കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. അതുവഴി ഭൂമിശാസ്ത്രപരമായും മറ്റ് കാരണങ്ങളാലും വേർപെട്ടു കിടക്കുന്ന പ്രദേശങ്ങളെ പോലും ബന്ധിപ്പിക്കാൻ സാധിക്കുന്നു. നിരക്ക് ഘടന ലളിതവും സുതാര്യവുമാണ്, പെട്ടെന്ന് മാറുന്ന നിരക്കുകളില്ലാത്തതിനാൽ സാധാരണക്കാർക്കും ഇത് ഗുണമാവും' റെയിൽവേ വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേ അടുത്തകാലത്തായി യാത്രാസേവനങ്ങൾ വലിയ തോതിൽ നവീകരിക്കുന്നുണ്ട്. വേഗതയേറിയ ട്രെയിനുകളും വൃത്തിയുള്ള കോച്ചുകളും ഇതിന്റെ ഭാഗമാണ്. നിരക്ക് വർധിപ്പിക്കാതെ യാത്ര കൂടുതൽ സുഖകരമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജനകീയ യാത്രാ സൗകര്യങ്ങൾക്കായി, നോൺ-എസി കോച്ചുകളിൽ നവീകരിച്ച സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ഈ പദ്ധതികളുമായി ഒത്തുചേരുന്നു.
ദക്ഷിണേന്ത്യക്ക് ഗുണകരമാവുന്ന റൂട്ടുകൾ ഇവയൊക്കെ
അമൃത് ഭാരത് എക്‌സ്പ്രസ് അലിപുർദുവാർ-എസ്എംവിടി ബെംഗളൂരു റൂട്ടിൽ (ട്രെയിൻ 16597/16598) സേവനങ്ങളുണ്ട്. ട്രെയിൻ 16597 എല്ലാ ശനിയാഴ്‌ചയും രാവിലെ 8:50-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 10:25-ന് അലിപുർദുവാറിൽ എത്തും. ട്രെയിൻ 16598 എല്ലാ തിങ്കളാഴ്‌ചയും രാത്രി 10:25-ന് അലിപുർദുവാറിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ 3:00-ന് ബെംഗളൂരുവിൽ തിരിച്ചെത്തും.
ന്യൂ ജൽപൈഗുരി-നാഗർകോവിൽ റൂട്ട് (ട്രെയിൻ 20604/20603): ട്രെയിൻ 20604 എല്ലാ ഞായറാഴ്‌ചയും രാത്രി 11:00-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 5:00-ന് ന്യൂ ജൽപൈഗുരിയിലെത്തും. ട്രെയിൻ 20603 എല്ലാ ബുധനാഴ്‌ചയും വൈകുന്നേരം 4:45-ന് ന്യൂ ജൽപൈഗുരിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11:00-ന് നാഗർകോവിലിൽ എത്തിച്ചേരും.
ന്യൂ ജൽപൈഗുരി-തിരുച്ചിറപ്പള്ളി റൂട്ട് (ട്രെയിൻ 20601/20609): ട്രെയിൻ 20601 എല്ലാ ബുധനാഴ്‌ചയും രാവിലെ 5:45-ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 5:00-ന് ന്യൂ ജൽപൈഗുരിയിൽ എത്തും. ട്രെയിൻ 20609 എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരം 4:45-ന് ന്യൂ ജൽപൈഗുരിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം വൈകുന്നേരം 4:15-ന് തിരുച്ചിറപ്പള്ളിയിൽ എത്തും.
പട്ടികയിൽ കേരളം ഇല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അമൃതഭാരത് പോലെയുള്ള പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താവുന്ന സംസ്ഥാനം ആയിരുന്നിട്ടും കേരളത്തെ പരിഗണിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.












Click it and Unblock the Notifications