പശ്ചിമ ഘട്ടത്തിന്റെ ഗാംഭീര്യം പേറുന്ന ആറളം; ഈ വന്യജീവി സങ്കേതം ഒരു പുത്തൻ അനുഭവമാകും, കാണാം...
കേരളത്തിന്റെ വന്യജീവി സമ്പത്തിന്റെ വലിയൊരു വിഭാഗവും പരന്നുകിടക്കുന്ന മേഖലയാണ് മധ്യകേരളം. അവിടെ ഇടുക്കിയിലും പാലക്കാടിലെ വനമേഖലയിലുമായി ഒട്ടേറെ കാഴ്‌ചകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മലബാർ ഇവരോട് പിടിച്ചു നിൽക്കുന്നത് വയനാടിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ്. വനസമ്പത്ത് കൊണ്ട് വായനാടിനോട് മുട്ടാൻ വടക്കൻ കേരളത്തിൽ മറ്റൊരിടമില്ല.
എന്നാൽ പശ്ചിമ ഘട്ടത്തിന്റെ സകല പ്രൗഢിയും പേറിക്കൊണ്ട്, അതിന്റെ എല്ലാ ഗാംഭീര്യവും ഒത്തിണങ്ങിയ ഒരു മേഖല കണ്ണൂർ ജില്ലയിലുണ്ട്. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ഇവിടം, അതാണ് ആറളം. വൈവിധ്യമാർന്ന പക്ഷി വിഭാഗങ്ങൾ, തനതായ മരങ്ങൾ, അപൂർവ ഔഷധ സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയാൽ സമ്പന്നമായ ആറളം വന്യജീവി സങ്കേതം തീർച്ചയായും ഒരു ജൈവവൈവിധ്യ സങ്കേതമാണ് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

കാറ്റിലാടുന്ന തെങ്ങുകളും, കശുമാവിൻ തോപ്പുകളും മറ്റ് നിരവധി തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ ആറളം ഫാമിലൂടെയാണ് നിങ്ങൾ വന്യജീവി സങ്കേതത്തിലെത്തുന്നത്. രാജ്യത്തെ ഹൈബ്രിഡ് നാളികേര വിത്തുകളുടെ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലൊന്നാണ് ഇവിടം എന്നത് പലർക്കും അറിയില്ല. എങ്കിലും ആറളം ഫാമിനോട് ചേർന്ന് കിടക്കുന്ന മേഖലയെ ഭീതിയിലാഴ്ത്തുന്ന കാട്ടാന ശല്യം എപ്പോഴും യാത്രക്കാർ മനസിൽ കുറിച്ചിടേണ്ടതാണ്.
ഏത് നിമിഷവും തെങ്ങിൻ തോപ്പുകളുടെ ഇടയിലൂടെ ഗജരാജന്മാരുടെ വരവ് നാം പ്രതീക്ഷിക്കണം, അതുകൊണ്ട് തന്നെ ആറളം ഫാമിലൂടെ വന്യ ജീവി സങ്കേതത്തിലേക്കുള്ള യാത്ര തെല്ലൊരു ഭയം സമ്മാനിക്കുന്നത് കൂടിയാണ്. 55 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഈ മേഖല വനം വകുപ്പിന്റെ സംരക്ഷണത്തിലാണ് ഉള്ളത്.
ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് മീൻമുട്ടി വെള്ളച്ചാട്ടം വരെ ട്രക്കിംഗും ജീപ്പ് സവാരിയും വനം വകുപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സമൃദ്ധമായ പച്ചപ്പിന് നടുവിലുള്ള വെള്ളച്ചാട്ടം നിങ്ങളുടെ കണ്ണിന് മിഴിവേകുമെന്ന് ഉറപ്പാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ, സംരക്ഷിത വനങ്ങളുടെയും പശ്ചിമഘട്ടത്തിന്റെയും അതിമനോഹരമായ ആകാശ ദൃശ്യം കാണാൻ പോത്തൻപ്ലാവ് വാച്ച് ടവറിൽ വനം വകുപ്പ് അവസരമൊരുക്കിയിട്ടുണ്ട്.
250ഓളം ചിത്രശലഭം ഇനങ്ങളുടെ ആവാസ കേന്ദ്രമാണ് ആറളം. ഈ കൊച്ചു ജീവികളുടെ ദേശാടനം കാണാൻ ഡിസംബർ അവസാനത്തിലും ഫെബ്രുവരി ആദ്യവും ഇവിടെ സഞ്ചാരികളുടെ തിരക്കായിരിക്കും. അതായത് ഇപ്പോൾ പോയാൽ ആറളത്ത് കാണാൻ കാഴ്‌ചകൾ ഏറെയുണ്ടെന്ന് അർഥം.
ആനകൾ, കടുവ, ഗൗർ, മലബാർ ഭീമൻ അണ്ണാൻ, സാമ്പാർ മാനുകൾ, നീലഗിരി ലംഗൂർ, ഹനുമാൻ ലങ്കൂർ എന്നിവ ആറളത്തിലുള്ള ചില മൃഗങ്ങളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ, വിവിധതരം തവളകളെക്കുറിച്ചും ഇഴജന്തുക്കളുടെ വലിയ വിഭാഗത്തെ കുറിച്ചും പഠിക്കാനും അറിയാനും ഏറ്റവും നല്ല ഇടമാണ് ആറളം എന്നതാണ് ഇവിടത്തെ വ്യത്യസ്‌തമാക്കുന്നത്.












Click it and Unblock the Notifications