ആനയെ പേടിയില്ലെങ്കിൽ ആറളത്തേക്ക് വിട്ടാലോ? കാടും കുന്നും കയറി ഒരു അടിപൊളി യാത്ര, ഇത് പൊളിക്കും
നമ്മളൊക്കെ യാത്ര പോവാൻ ഒരുപാട് ആഗ്രഹിക്കുന്നവരാണ്. എങ്കിലും അതിനുള്ള അവസരങ്ങൾ അധികം ഒത്തുവരാറില്ലെന്ന് മാത്രം. രണ്ടോ മൂന്നോ ദിവസം ലീവ് കിട്ടാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും ഒക്കെ പലപ്പോഴും നമ്മെ യാത്രകളിൽ നിന്ന് അകറ്റി നിർത്തുന്ന ഘടകങ്ങളാണ്. എങ്കിലും അത്തരം പ്രതിസന്ധികളെ ഒക്കെ തരണം ചെയ്‌തുവേണം നമ്മൾ ലക്ഷ്യത്തിൽ എത്താൻ.
അത്തരത്തിൽ നിങ്ങളൊരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വേനൽക്കാലത്ത് എവിടേക്ക് പോവും എന്നതാവും നിങ്ങൾക്ക് മുൻപിലെ പ്രധാന ചോദ്യം. കള്ളക്കടൽ പ്രതിഭാസവും കൊടുംചൂടും ഒക്കെ ഉള്ളതിനാൽ പരമാവധി ബീച്ചുകളിലേക്ക് യാത്ര ഒഴിവാക്കിയാൽ പിന്നാലെ നമുക്ക് മുൻപിലെ ഏറ്റവും നല്ല ഓപ്‌ഷൻ കാടുകൾ തന്നെയാണ്.

അങ്ങനെ കാനന ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരിടമുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ, അതാണ് ആറളം. വടക്ക് കണ്ണൂരിലാണ് ഈ മനോഹരമായ ഇടം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തനത് കാഴ്‌ചകളായ തെങ്ങിൻ തോപ്പുകളും കശുമാവിൻ തോട്ടങ്ങളും ഒക്കെയായി സമ്പന്നമാണ് ആറളം.
55 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഈ മേഖല വനം വകുപ്പിന്റെ സംരക്ഷണയിലാണ് നിലവിലുള്ളത്. എന്നാൽ ആറളം ഫാമിനെ എല്ലായ്പോഴും ഒരു പേടി സ്വപ്‌നം ആക്കി മാറ്റുന്നത് അവിടുത്തെ കാട്ടാന സാന്നിധ്യമാണ്. പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത നേരത്താവും ഇവ നമ്മുടെ മുൻപിലേക്ക് കടന്നുവരിക. എങ്കിലും ആറളത്തിന്റെ ഭംഗിക്ക് മുൻപിൽ ഈ ഭയം ചെറുതാവുമെന്ന് മാത്രം.
കൂടാതെ ആറളത്ത് എത്തുന്ന സഞ്ചാരികൾക്കായി നിരവധി പദ്ധതികളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. അതിൽ പ്രധാനമാണ് മീൻമുട്ടി വെള്ളച്ചാട്ടം വരെ ട്രക്കിംഗും ജീപ്പ് സവാരിയും. ഈ വേനൽ ചൂടിൽ കാടിന്റെ ഭംഗിയും തണുപ്പും അനുഭവിച്ചറിയാൻ ആറളത്തോളം സമൃദ്ധമായ മറ്റൊരിടം നമുക്ക് മുൻപിൽ ഇല്ലെന്നതാണ് വാസ്‌തവം.
എന്നാൽ മീൻമുട്ടി ട്രക്കിംഗിനെക്കാൾ സമയമെടുക്കുന്ന മറ്റൊരു ട്രെക്കിംഗ് ആറളത്ത് വനംവകുപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതാണ് അമ്പലപ്പാറ ട്രെക്കിംഗ്. മൂന്ന് ദിവസം വരെ നീളുന്നതാണ് ഈ യാത്രയെന്ന് പ്രത്യേകം ഓർക്കണം. ഇവിടെ അമ്പലപ്പാറ വാച്ച് ടവറിൽ ആയിരിക്കും നിങ്ങൾ രാത്രി കഴിഞ്ഞുകൂടേണ്ടി വരിക. വ്യത്യസ്‌തമായ അനുഭവം ആയിരിക്കും ഈ ട്രക്കിംഗ്.
250ഓളം ചിത്രശലഭ ഇനങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ആറളം. അത് കാണാനായി നിരവധി പേരാണ് ആറളത്തേക്ക് എത്തുന്നത്. ആനകൾക്ക് പുറമെ മറ്റ് വന്യ മൃഗങ്ങളായ കടുവ, ഗൗർ, മലബാർ ഭീമൻ അണ്ണാൻ, സാമ്പാർ മാനുകൾ, നീലഗിരി ലംഗൂർ, ഹനുമാൻ ലങ്കൂർ എന്നിവ ഇവിടെ ഉള്ള ചില ജീവി വർഗങ്ങളിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications