കല്യാണം ഇനി കടപ്പുറത്താക്കാം; ബേക്കൽ ബീച്ചിൽ ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം വരുന്നു, ചിലവ് 1.5 കോടി
കാസർഗോഡ്: കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബേക്കൽ ബീച്ചിൽ ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ഒരുങ്ങുന്നു. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഉടമസ്ഥതയിലാണ് കേന്ദ്രം വരിക. ബീച്ചിനോട് ചേർന്ന് തന്നെയുള്ള സർക്കാർ ഭൂമിയിലാണ് ഈ കേന്ദ്രം ഒരുക്കുക. ഇതിനായി ആകെ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾക്കായി മുപ്പത് ലക്ഷം രൂപയുമാണ് നീക്കിവച്ചത്.
വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് ബേക്കൽ കോട്ടയും അതിനോട് ചേർന്നുള്ള ബീച്ചും. സിനിമാ ചിത്രീകരണത്തിന്റെയും ഇഷ്‌ട ഇടങ്ങളിൽ ഒന്നായ ഇവിടം മലബാറിലെ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിൽ ഒന്ന് കൂടിയാണ്. വ്യത്യസ്‌തമായ കാലാവസ്ഥയും ആരെയും ആകർഷിക്കുന്ന ഭൂപ്രകൃതിയും ഒക്കെ ബേക്കലിനെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്.

നിലവിൽ ബേക്കൽ ബീച്ചിനോട് ചേർന്ന ഹോട്ടലുകൾ കേന്ദ്രീകരിച്ച ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് പരിപാടികൾ നടക്കാറുണ്ടെങ്കിലും സർക്കാർ സൗകര്യത്തോടെ കേന്ദ്രം വന്നാൽ ബേക്കലിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. ബേക്കലിന്റെ സൗന്ദര്യത്തെ മുഖ്യ ഘടകമായി നിലനിർത്തി കൊണ്ട് തുറന്ന വേദിയാകും ഇവിടെ നിർമ്മിക്കുക.
കേരളത്തിൽ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം തിരുവനന്തപുരം ശംഖുമുഖത്താണ് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബേക്കലിലേക്ക് കൂടി സൗകര്യം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. സദ്യവട്ടങ്ങള്‍ക്കും അതിഥികള്‍ക്ക് വിശ്രമിക്കാനുമുള്ള സംവിധാനവും ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എന്താണ് ഈ ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ്?
സാധാരണയായി വീടുകളിലും ആരാധനാലയങ്ങളിലോ ഓഡിറ്റോറിയങ്ങളിലും ഒക്കെയായാണ് വിവാഹം നടക്കാറുള്ളത്. എന്നാൽ ഇത്തരം വിവാഹങ്ങള്‍ ഏതെങ്കിലും പ്രധാന വിനോദസഞ്ചാര കേന്ദ്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തില്‍ നടത്തുന്ന രീതിയാണ് ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് എന്നറിയപ്പെടുന്നത്.
ബേക്കലിൽ വിനോദ സഞ്ചാരത്തിന് ഉണർവ് വരും
ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിന്റെ വരവോടെ ബേക്കലിലെ വിനോദ സഞ്ചാരം കൂടുതൽ ഉണർവോടെ പ്രവർത്തിക്കും എന്നുറപ്പാണ്. സാധാരണ ബീച്ചുകളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ പ്രത്യേകതകളാണ് ബേക്കൽ എന്ന സ്ഥലത്തിനുള്ളത്. ബീച്ചിന് പുറമെ തല ഉയർത്തി നിൽക്കുന്ന ഭീകരനായ കോട്ടയും മനോഹരമായ കാഴ്‌ചാനുഭവമാണ് നൽകുന്നത്.
കടൽത്തീരത്തെ കുത്തനെയുള്ള കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കോട്ട ബീച്ചിൽ നിന്നുള്ള മനോഹരമായ കാഴ്‌ചയാണ് സഞ്ചാരികൾക്ക് നൽകുക. ചെങ്കല്ല് കൊണ്ട് പണിത ഈ കോട്ട തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ ബീച്ചിന്റെ കാഴ്‌ച കൂടിയവുമ്പോൾ ബേക്കലിലെ വിനോദ സഞ്ചാര മേഖല കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications