വയനാടൻ ചുരം കയറി മസിനഗുഡിയിലേക്ക് വച്ചുപിടിക്കാം; ഈ കാനന പാതയെ വെല്ലാൻ മറ്റൊരിടമില്ല...
വയനാട്ടിൽ നിന്ന് പോകാൻ ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടുത്തായുണ്ട്. കുടകും, ഗുണ്ടൽപ്പെട്ടും, മൈസൂരും, ഊട്ടിയുമൊന്നും അധിക ദൂരത്തല്ല. എന്നാൽ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരിടമാണ് മസിനഗുഡി. അവിടേക്കുള്ള യാത്ര എത്ര തന്നെ വർണിച്ചാലും മതിവരാത്തതാണ്, അതൊരിക്കലും വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്നതുമല്ല, അനുഭവിച്ച് അറിയേണ്ടതാണ്.
താമരശ്ശേരി ചുരം കയറി വരുന്നവർക്ക് കാനന ഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോയോജ്യമായ ഇടമാണ് മസിനഗുഡി. ചുരം കയറി വൈത്തിരി വഴി നിങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ നിന്നും ഗുഡല്ലൂർ റോഡ് വഴി മസിനഗുഡിയിലേക്ക് എത്താം. യാത്രയ്ക്കിടെ വണ്ടിയിൽ നിന്നുറങ്ങാൻ ആഗ്രഹിക്കുന്ന അരസികന്മാർ ഈ വഴി വരേണ്ട എന്ന് തന്നെ മസിനഗുഡി നിങ്ങളോട് പറയും, കാരണം അവിടേക്കുള്ള പാതയാണ് ഈ യാത്രയിലെ ഏറ്റവും വലിയ ആകർഷണം.

ഇതൊരു തരത്തിൽ മൂന്ന് സംസ്‌കാരങ്ങളുടെ, മൂന്ന് ഭാഷകളുടെ സംഗമ ഭൂമിയാണ്. കേരളവും, തമിഴ്‌നാടും, കർണാടകയും എല്ലാം ഇഴുകി ചേർന്ന ഈ ഇടം തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും ധാരാളം മലയാളികൾ വസിക്കുന്ന ഇടമാണിവിടെ. യാത്രക്കിടയിൽ ധാരാളം വന്യമൃഗങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും, മാനും മയിലുമൊക്കെ സുലഭം. മുതുമല ദേശീയോദ്യാനത്തിലൂടെയാണ് ആ വഴി കടന്നുപോവുന്നത്.
കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന താറിട്ട റോഡ് മുന്നിൽ കാണാം. അതിന്റെ ഇരുവശത്തും കാടാണ്. ആദ്യമൊക്കെ കേരളത്തിലേത് പോലെ ഉയരം കൂടിയ പന്തലിച്ച മരങ്ങൾ നിറഞ്ഞ കാട്. പോകെ പോകെ അതിന്റെ ഉയരം കുറയുന്നു. കടുവയെ കാണാൻ ഭാഗ്യം കിട്ടിയ അനേകം യാത്രക്കാർ ഉണ്ടിവിടെ. എങ്കിലും അവയുടെ സൗര്യജീവിതം തകർക്കാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം വഴി കൊടും കാട്ടിലൂടെയാണ്.
മസിനഗുഡിയിലെ പ്രധാന ആകർഷണങ്ങൾ:
മസിനഗുഡിയിൽ എത്തുന്നവർ നിർബന്ധമായും പോയിരിക്കേണ്ട ഒരിടമാണ് തേപ്പക്കാട് ആന പരിശീലന കേന്ദ്രം. ആനകളെ അടുത്തറിയാനും, അവയെ കണ്ട് പഠിക്കാനും ഏറ്റവും നല്ല കേന്ദ്രങ്ങളിൽ ഒന്നാണിത്. ഏതാണ്ട് അര നൂറ്റാണ്ട് പിന്നിട്ട ഇ ആന പരിശീലന കേന്ദ്രം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. രാവിലെ 7 മണി മുതല്‍ 8 മണി വരെയും, വൈകീട്ട് 4 മുതല്‍ 5 മണി വരെയുമാണ് സന്ദര്‍ശകര്‍ക്ക് അനുമതി.
മുതുമലൈ ദേശീയോദ്യാനത്തിൽ പോയില്ലെങ്കിൽ നഷ്‌ടമാണ്. കാടിന്റെ ഭംഗി ആസ്വദിക്കുന്നതിന് അപ്പുറം അപൂർവമായ ചില ഇനം വന്യമൃഗങ്ങളെ കാണാനും ഇവിടെ അവസരമുണ്ട്. ലംഗൂർ കുരങ്ങുകൾ, പുള്ളിപ്പുലികൾ, ആനകൾ എന്നിവയെ അവയുടെ സ്വാഭാവിക ജീവിത പരിസ്‌ഥിതിയിൽ നിന്ന് കാണാം എന്നതാണ് ഏറ്റവും വലിയ സവിശേഷത.
പ്രദേശത്ത് തന്നെയുണ്ട് മറ്റൊരു ആകർഷണമാണ് മര്‍വാകണ്ടി അണക്കെട്ട്. നിരവധി പക്ഷിമൃഗാദികളെ ഇവിടെ നിന്നും കാണാനാവും. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് വരെയുള്ള സമയത്താണ് വിനോദ സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications