മഞ്ഞിന്റെ കുട ചൂടി കുടക്; മടിക്കേരി മാടിവിളിക്കുന്നു, ഇപ്പൊ പോയില്ലെങ്കിൽ പിന്നെ എപ്പൊ പോവാനാണ്..?
കർണാടകയിലെ വിവിധ ഇടങ്ങൾ കേരളത്തിൽ നിന്നുള്ളവരുടെ ഇഷ്‌ട അവധിക്കാല കേന്ദ്രങ്ങളാണ്. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ നിന്ന് വളരെ പെട്ടെന്ന് എത്താവുന്ന നിരവധി ടൂറിസ്‌റ്റ് കേന്ദ്രങ്ങളാണ് കർണാടകയിൽ ഉള്ളത്. അത്തരത്തിൽ മലയാളികളുടെ ഇഷ്‌ട ഇടങ്ങളിൽ ഒന്നാണ് കൂർഗ് അഥവാ കുടക്. കേവലമൊരു ടൂറിസ്‌റ്റ് കേന്ദ്രമെന്നതിൽ അപ്പുറം മലയാളികളോട് വളരെയേറെ ചേർന്ന് നിൽക്കുന്ന ഒരു ഇടം കൂടിയാണിത്.
പരമ്പരാഗതമായി മലയാളികൾ വളരെ കൂടുതലുള്ള ഇടങ്ങളിൽ ഒന്നാണ് കുടക്. ജോലി തേടി ഇവിടേക്ക് എത്തിയ മലയാളികൾ ഭൂരിഭാഗത്തിന്റെയും വരുമാനം ടൂറിസത്തിൽ നിന്ന് തന്നെയാണ്. അത്രയധികം ടൂറിസം സാധ്യതകളുള്ള ഇടമാണ് കൂർഗ്. മുൻപ് കുടക് എന്നാണ് ഈ ഇടം അറിയപ്പെട്ടിരുന്നത്. ടൂറിസം തന്നെയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാർഗം.

കൂർഗ് യാത്ര
കേരളത്തിൽ നിന്നുള്ളവർക്ക് വരെ വേഗത്തിൽ എത്താവുന്ന ഒരു ടൂറിസം ടെസ്‌റ്റിനേഷനാണ് ഇത്. വടകരയിൽ നിന്നും കേവലം 120 കിലോമീറ്ററുകളും, കോഴിക്കോട് ടൗണിൽ നിന്നും 170 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് പേരാമ്പ്രയിലൂടെ മാനന്തവാടി വഴിയും, മട്ടന്നൂർ വഴിയും കൂർഗിലേക്ക് എത്താം.
പ്രകൃതി ഒരുക്കിയ ഒരുപാട് വിസ്‌മങ്ങളുടെ കലവറയാണ് ഇവിടമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാടും മലയും വെള്ളച്ചാട്ടങ്ങളുമായി പച്ചപ്പിന്റെ ഒരു പ്രത്യേക അനുഭൂതി ഇവിടെ നിന്ന് നിങ്ങൾക്ക് നുകരാൻ കഴിയും. കാപ്പി തോട്ടങ്ങളിലൂടെ നീണ്ട് കിടക്കുന്ന വഴിയിലൂടെയുള്ള യാത്ര നിങ്ങൾക്ക് പുതിയ അനുഭവമായിരിക്കും. അതൊരിക്കലും നിങ്ങളെ യാത്രയിൽ മടുപ്പിക്കുകയുമില്ല.
കുടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയാണ് ടൂറിസം കേന്ദ്രങ്ങളുടെ തലതൊട്ടപ്പൻ. ഇവിടെ നിരവധി ആകർഷണങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്. അബ്ബേ വെള്ളച്ചാട്ടം, ഭഗന്ധേശ്വരക്ഷേത്രം, രാജാസ് ശവകുടീരം എന്നിങ്ങനെ നിരവധി കേന്ദ്രങ്ങളുണ്ട് ഇവിടെ സന്ദർശിക്കാൻ. നംഡ്രോളിങ് മൊണാസ് ട്രിയും സുവർണക്ഷേത്രവും ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഇടങ്ങളാണ്.
ഇവിടെ നിങ്ങൾക്കായി ധാരാളം ഹോം സ്‌റ്റേകളും, ഹോട്ടലുകളും, റിസോർട്ടുകളും ഒക്കെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിചയമില്ലാത്ത ആളുകളാണെന്ന് കണ്ടാൽ കത്തി റേറ്റ് ചോദിക്കുമെന്ന് ഉറപ്പാണ്, അതുകൊണ്ട് ഒരൽപം മസില് പിടിച്ചു വിലപേശുന്നത് നന്നാവും, ഒത്തില്ലെങ്കിൽ അടുത്തത് തേടിപ്പോവുന്നതും നന്നാവും.
ഓറഞ്ച്, കാപ്പി എന്നിവയുടെ വളരെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് ഇവിടം. കൂർഗിൽ ഇവയുടെ തോട്ടങ്ങൾ കാണാൻ ഒരുപാട് പേർ എത്തുന്നുണ്ട്. അവയുടെ മനോഹാരിതയിൽ അലിഞ്ഞു ചേരുന്നതിനൊപ്പം കുറഞ്ഞ വിലയിൽ ഓറഞ്ച് വാങ്ങാനും മറക്കണ്ട. പോവാൻ ആഗ്രഹിക്കുന്നെങ്കിൽ ഏറ്റവും സീസണാണ് ഇത്. ആവശ്യത്തിന് തണുപ്പും, കോടയുമൊക്കെ കണ്ട് യാത്ര ആസ്വദിക്കാം.












Click it and Unblock the Notifications