ഫോർട്ട് കൊച്ചി-മൂന്നാർ യാത്ര ഇനി അടിച്ചുപൊളിക്കാം; കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് വീണ്ടും
കൊച്ചി: ഫോർട്ട് കൊച്ചി മുതൽ മൂന്നാർ വരെയുള്ള കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് സർവീസ് നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർവീസിന് മുഹമ്മദ് ഷിയാസ് എംഎൽഎ ഉൾപ്പെടെയുള്ളവരാണ് മുൻകൈ എടുത്തത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ രാവിലെ 8.10ന് ഫോർട്ട് കൊച്ചിയിൽനിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 1.10ന് മൂന്നാറിലെത്തും. മൂന്നാറിൽനിന്ന് ഉച്ചയ്ക്ക് 1.40ന് മടങ്ങുന്ന ബസ് വൈകിട്ട് 5.15ന് വൈറ്റില ഹബ്ബിലെത്തും. തുടർന്ന് ചേർത്തല വഴി ആലപ്പുഴയിലേക്ക് സർവീസ് തുടരും. ആലപ്പുഴയിൽനിന്ന് രാത്രി എറണാകുളത്തേക്ക് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽനിന്ന് മൂന്നാറിലേക്ക് പോകുന്നവർക്ക് എറണാകുളം നഗരത്തിലെത്തുന്നതിനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും ഈ സർവീസ് സഹായിക്കും. ഫോർട്ട് കൊച്ചിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്കും മൂന്നാറിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർക്കും പുതിയ സർവീസ് പ്രയോജനപ്പെടും.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ബസിന് ഉടൻ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നും എല്ലാ ദിവസവും സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ഉറപ്പാക്കാനും യാത്ര കൂടുതൽ എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും കഴിയും. നിലവിൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകൾ ഉൾപ്പെടെ റൂട്ടിൽ സർവീസ് നടത്തി വരുന്നുണ്ട്.
ഫോർട്ട് കൊച്ചി ബസ് സ്‌റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ മുഹമ്മദ് ഷിയാസ് അറിയിച്ചു. അടുത്ത ബജറ്റിൽ ഇതിനുള്ള പദ്ധതി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ ബസ് സർവീസും ബസ് സ്‌റ്റാൻഡ് നവീകരണവും ഫോർട്ട് കൊച്ചിയുടെ വിനോദസഞ്ചാര വികസനത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
കൊച്ചിയിൽ നിന്ന് അധികം അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന മൂന്നാർ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ മെട്രോപൊളിറ്റൻ നഗരമായ കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗം പേർക്കും മൂന്നാർ സന്ദർശിക്കാൻ സാധിക്കും. പുതിയ എസി ലോ ഫ്ലോർ ബസ് അതിന് വഴിയൊരുക്കും.


Click it and Unblock the Notifications
