ഇനി ദസറയുടെ നാളുകൾ; മൈസൂരു നിങ്ങളെ സ്വാഗതം ചെയ്യുന്നു, ആഘോഷത്തിന്റെ പത്ത് ദിനങ്ങൾ ആസ്വദിക്കാം
മലയാളികൾ അന്യനാടുകളിലേക്ക് കുടിയേറുന്ന കാര്യത്തിൽ ഇന്ത്യയിലെ മറ്റേത് വിഭാഗക്കാരേക്കാളും ഒരുപടി മുന്നിലാണ്. ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ അയൽ സംസ്ഥാനങ്ങളിലും ജോലിയുടെയും ജീവിതത്തിന്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അവർ കടന്നു ചെല്ലാറുണ്ട്. എന്നാൽ അക്കൂട്ടത്തിൽ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയും മുന്നിൽ തന്നെയുണ്ട്. ഒറ്റ നോട്ടത്തിൽ നിങ്ങൾക്ക് ബെംഗളൂരു നഗരമായിരിക്കും മനസിൽ വരിക.
എന്നാൽ കർണാടകയിൽ തന്നെ മലയാളികൾ തിങ്ങിപ്പാർക്കുന്ന കുടക്, മൈസൂരു നഗരങ്ങളും ഇക്കൂട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. അതിൽ മൈസൂരുവിന് സവിശേഷമായ ഒരു സ്ഥാനം തന്നെ മലയാളികൾ കൽപിച്ചിട്ടുണ്ട്. അവിടുത്തെ പ്രാദേശികമായി വൈവിധ്യങ്ങളിൽ എല്ലാം തന്നെ സന്തോഷം കണ്ടെത്തുന്നവരാണ് മലയാളികൾ.

ഇപ്പോഴിതാ നിങ്ങൾ വരാനിരിക്കുന്ന നവരാത്രി സീസണിൽ ഒരു ചെറു യാത്ര പ്ലാൻ ചെയ്യുന്നവർ ആണെങ്കിൽ ഏറ്റവും മികച്ച ഓപ്‌ഷനായി മൈസൂരു നഗരം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ദസറ നടക്കുന്ന കാലമാണത്. മൈസൂരു നഗരം സന്ദർശിക്കാൻ നിങ്ങൾക്ക് പറ്റുന്ന ഏറ്റവും മികച്ച സീസൺ ഇതാണെന്ന് നിസംശയം പറയാം. അതിന് കാരണങ്ങൾ ഒട്ടേറെയുണ്ട് താനും.
മൈസൂരുവിന്റെ മാത്രം ദസറ
കർണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ. 10 ദിവസത്തോളം നീളുന്ന ഉത്സവമാണിത്. അതിൽ ഒൻപത് രാത്രികളും പത്താമത്തെ ദിവസമായ വിജയദശമിയും ഉൾപ്പെടുന്നു. ഹിന്ദു മത വിശ്വാസ പ്രകാരം ദേവിയായ ചാമുണ്ഡേശ്വരി അഥവാ ദുർഗ ദുഷ്‌ടശക്തിയായ മഹിഷാസുരനെ വധിച്ച ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. അതിനാൽ തന്നെ ഹിന്ദുക്കൾ അതീവ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഉത്സവം കൂടിയാണിത്.
നാല് നൂറ്റാണ്ടിൽ അധികമായി മൈസൂരുവിൽ ദസറ ആഘോഷിക്കപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്. തെരുവോരങ്ങളിലൂടെ നീളുന്ന ഘോഷ യാത്രകളും നഗരം മുഴുവൻ വർണാലങ്കാരങ്ങളാൽ മുഖരിതമാവുന്നതും ഈ സമയത്തെ മാത്രം പ്രത്യേകതകളാണ്. അതുകൊണ്ട് കൂടിയാണ് മൈസൂരു ദസറ അത്രയധികം ആഘോഷിക്കപ്പെടുന്നതും. കൂടാതെ സംഗീത നൃത്ത പരിപാടികളും നിങ്ങൾക്ക് ഈ സമയത്ത് ആസ്വദിക്കാൻ കഴിയും.
എന്നാൽ മൈസൂരു ദസറ സമയത്ത് നിങ്ങൾ അവിടേക്ക് പോവുമ്പോൾ ഇത്തിരി കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇക്കുറി ഒക്ടോബർ മൂന്ന് മുതൽ 12 വരെയാണ് ദസറ ഉത്സവം ഉണ്ടാവുക. ഈ ദിവസങ്ങളിൽ നഗരത്തിലെ ഹോട്ടലുകളിലെ ബുക്കിംഗ് വളരെ അധികമായിരിക്കും. അതിനാൽ തന്നെ മുൻകൂട്ടി റൂമുകൾ ബുക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ നഗരത്തിൽ വൻ ഗതാഗത കുരുക്കിന് സാധ്യതയുണ്ട്. ഇത് കൂടി മുൻകൂട്ടി ഓർമ്മയിൽ വയ്‌ക്കേണ്ടതാണ്.












Click it and Unblock the Notifications