ശൈത്യകാലം അതിരപ്പിള്ളിയിൽ ആഘോഷിക്കാം; തുമ്പൂർമുഴിയും ഷോളയാറും കണ്ടേ തീരൂ, ഇതാണ് കാരണം
തുലാവർഷമാണ് ഇപ്പോൾ കേരളത്തിലെ പലയിടത്തും മഴയ്ക്ക് കാരണമാകുന്നത്. ഇനി അധികനാളില്ല അത് കഴിഞ്ഞ് ശൈത്യകാലത്തേക്ക് എത്തുവാൻ. ലോകത്തിലെ മറ്റേത് കോണിലെയും പോലെയല്ല, കേരളത്തിന്റെ കാലാവസ്ഥ ശരിക്കും അനുഗ്രഹിക്കപ്പെട്ട ഒന്നാണെന്ന് നിസംശയം പറയാം. ചൂടായാലും തണുപ്പായാലും ഒരു പരിധിവിട്ട് മലയാളികൾക്ക് ബുദ്ധിമുട്ടവാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കേരളത്തിലെ ശൈത്യകാല ടൂറിസം സവിശേഷമായ ഒരു കാര്യമാണ്.
നിങ്ങൾ ഈ ശൈത്യകാലത്ത് വ്യത്യസ്‌തത ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ, പതിവായി പോയി വരുന്ന ഹിൽ സ്‌റ്റേഷനുകളിൽ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ അനുയോജ്യമായ ഒട്ടേറെ ഇടങ്ങൾ കേരളത്തിലുണ്ട്. എന്നാൽ മലയാളി ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും, ഇനിയും കാണാൻ ആഗ്രഹിക്കുന്നതുമായ കാഴ്‌ച അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റേത് ആണെന്ന് നിസംശയം നമുക്ക് പറയാൻ കഴിയും.

അതിരപ്പിള്ളിയെ കുറിച്ച് പറയുമ്പോൾ മലയാളികൾക്ക് തന്നെ ഒരു അഭിമാനം തോന്നുക സ്വാഭാവികം. അത്രയധികം പ്രകൃതി ഭംഗിയും അതിലേറെ കൗതുകങ്ങളും ഒളിപ്പിച്ചു വെച്ചിട്ടുള്ള ഇടമാണ് അതിരപ്പിള്ളി. കേരളത്തിന് പുറത്ത് മറ്റെവിടെയോ പോയത് പോലെയുള്ള പ്രകൃതി ഭംഗി തന്നെയാണ് അതിരപ്പിള്ളിയെ വ്യത്യസ്‌തമാക്കുന്നത്. വെള്ളച്ചാട്ടം മാത്രമല്ല ഇവിടെ കാണാൻ ഉള്ളതെന്ന് സാരം.
അതിരപ്പിള്ളിയിൽ കാഴ്‌ചകൾക്ക് ഒരു അന്ത്യമില്ല
ഒന്നോ രണ്ടോ തവണ പോയാലും മടുപ്പ് തോന്നിക്കാതെ ചുരുക്കം ചില ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് അതിരപ്പിള്ളി. ഇവിടേക്കുള്ള യാത്രയിൽ നീണ്ടുനിവർന്ന കിടക്കുന്ന ചെറിയ പനയുടെ പടങ്ങൾ രണ്ട് ഭാഗത്തായി നിങ്ങൾക്ക് കാണാൻ കഴിയും. അതിൽ നിലംപറ്റി നിൽക്കുന്ന പച്ചപ്പുല്ലുകളും ചിലപ്പോൾ മാൻകൂട്ടങ്ങളെയും കാണാം.
എങ്കിലും ആനയെ സൂക്ഷിക്കുന്നത് നന്നാവും, ഈ പനകൾക്ക് ഇടയിൽ പലപ്പോഴും കരിവീരൻമാരെ കാണാൻ ഭാഗ്യം കിട്ടിയവർ ഏറെയാണ്. വെള്ളച്ചാട്ടത്തിന് മുകളിലും താഴെയും നിന്നുള്ള കാഴ്‌ച ആസ്വദിക്കാതെ വരരുത്. കാരണം രണ്ടും രണ്ട് തരത്തിലുള്ള വൈബാണ് ആസ്വാദകർക്ക് ലഭ്യമാക്കുക എന്നതാണ് സവിശേഷത.
അതിരപ്പിള്ളിയോട് തന്നെ ചേർന്ന് കിടക്കുന്ന വാഴച്ചാലും നിങ്ങൾക്ക് സന്ദർശിക്കാം. ഇവിടെയും ധാരാളമായി സഞ്ചാരികൾ എത്താറുണ്ട്. ഇനി അവിടെ നിന്ന് അധികം അകലെയല്ലാത്ത തുമ്പൂർമുഴി എന്ന പ്രദേശവും അവിടുത്തെ തൂക്കുപാലവും ഒക്കെ കാണാൻ ശ്രമിക്കുന്നത് പുതിയൊരു അനുഭവമായിരിക്കും. നിറയെ പാറക്കെട്ടുകൾക്ക് മുകളിലായാണ് ഈ തൂക്കുപാലം.
താഴെ ഭീമാകാരൻ കല്ലുകൾക്ക് മുകളിലൂടെ പുഴ അങ്ങിങ്ങായി ചാല് പോലെ ഒഴുകുന്നത് കാണാം. ഇതിനോട് ചേർന്നുള്ള പാർക്കിൽ കുട്ടികൾക്ക് വേണ്ട വിനോദങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വൈകുന്നേരങ്ങൾ ചിലവഴിക്കാനും സാധിക്കും. ഇവിടെ നിന്ന് വാൽപ്പാറയ്ക്ക് പോകുന്ന മനോഹരമായ കാട്ടുപാത കൂടി അനുഭവിച്ചറിയാൻ ശ്രമിക്കുന്നത് നന്നാവും.
ഷോളയാർ ഡാം പോലെയുള്ള കാഴ്‌ചകൾ നിങ്ങളെ കാത്തിരിപ്പുണ്ട് ഇവിടെ. മലമുകളിൽ പടുത്തുയർത്തിയ ഈ ഡാം ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ ഒരിടമാണ്. തൃശൂർ നഗരത്തിൽ നിന്ന് എഴുപതോളം കിലോമീറ്റർ സഞ്ചരിച്ചുവേണം അതിരപ്പിള്ളിയിൽ എത്താൻ. ചാലക്കുടിയാണ് അടുത്തുള്ള വലിയ പട്ടണം. അവിടെ നിന്ന് സമയം ഉണ്ടെങ്കിൽ സിൽവർസ്‌റ്റോം പാർക്ക് പോലെയുള്ള കാഴ്‌ചകൾ ആസ്വദിക്കാനും കഴിയും.












Click it and Unblock the Notifications