ബേഗൂർ എന്ന് കേട്ട് ഞെട്ടണ്ട; ഇതും കേരളത്തിൽ തന്നെ, കാട്ടാനകളെ കാണാൻ പൂതിയുള്ളവർ പെട്ടെന്ന് വിട്ടോ
വയനാടിന്റെ വന്യഭംഗിയുടെ പെരുമ പേറി നടക്കുന്ന ഒട്ടേറെ ഇടങ്ങളെ നമുക്കറിയാം. മുത്തങ്ങയോ, തോൽപ്പെട്ടിയോ, തിരുനെല്ലിയോ ആവട്ടെ അവിടെയൊക്കെയും സഞ്ചാരികൾ ധാരാളമായി എത്തുകയും സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.എന്നാൽ അത്തരത്തിൽ ഒരു പ്രധാന വന്യജീവി സങ്കേതം ആയിട്ടുകൂടി ഒരുപാട് പേരൊന്നും സന്ദർശിക്കാത്ത എന്നാൽ മനോഹരമായ കാഴ്‌ചകൾ ഉൾക്കൊള്ളുന്ന ഇടമാണ് ബേഗൂർ.
പേര് കേട്ടാൽ കർണാടകയിലെ ഒരു ചെറുപട്ടണത്തോട് സാമ്യം തോന്നുമെങ്കിലും ഇത് പക്ഷേ വയനാടിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിടയെടുത്ത ഒരിടമാണ്. വന്യജീവികളുടെ ജീവിത രീതി നേരിട്ട് കണ്ടറിയാനും, അവയെ വീക്ഷിക്കാനും ഒക്കെ ഇതിലും മികച്ച അവസരം കിട്ടുന്ന മറ്റൊരിടമില്ല. എങ്ങോട്ട് നോക്കിയാലും പച്ച പുതച്ച ബേഗൂർ തീർച്ചയായും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളിൽ ഒന്നാണ്.

പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ വന്യ ജീവി സങ്കേതം സഫാരിക്ക് അനുയോജ്യമായ പശ്ചാത്തലമാണ് ഒരുക്കിയിട്ടുള്ളത്. കരടി, കാട്ടുപോത്ത്, ആനകൾ, കാട്ടുപൂച്ചകൾ, കുരങ്ങുകൾ, കരിമ്പുലി, പുള്ളിമാൻ, കാട്ടുപന്നി, കാട്ടുനായ്ക്കൾ എന്നിവയെ ഇവിടെ കാണാൻ കഴിയും. മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് അടുത്തായി നിരവധി പിക്‌നിക് സ്ഥലങ്ങൾ നമുക്ക് കാണാം.
പക്ഷികളെ നിരീക്ഷിക്കുന്നതിൽ താൽപര്യമുള്ള ആളുകൾക്കും ഇവിടെ നല്ലൊരു അനുഭവമായിരിക്കും ഒരുക്കുക. ബ്ലാക്ക് ബുൾബുൾ, ജംഗിൾ ഫൗൾ, കിംഗ്ഫിഷർ, ലാഫിംഗ് ത്രഷ്, മയിൽ, മൈന തുടങ്ങിയവയുടെ മനോഹരമായ സംഗമ ഭൂമിയാണ് ഇവിടം. വയനാട്ടിലെ തന്നെ മുത്തങ്ങ പോലെയോ, തോൽപ്പെട്ടി പോലെയോ ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടില്ലെങ്കിലും ബേഗൂർ സൗന്ദര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് ഇവിടെ എത്തുന്നവർക്ക് അറിയാം.
ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വന്യജീവി സങ്കേതം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം എന്നാണ് കരുതുന്നത്, വേനൽക്കാലത്ത് ഉൾക്കാട്ടിൽ നിന്നും വെള്ളം കുടിക്കാനായി മൃഗങ്ങൾ ഇറങ്ങി വരുന്ന കാഴ്‌ച കാണാൻ അത് തന്നെയാണ് ഏറ്റവും മികച്ച സമയം. ഫോട്ടോഗ്രാഫി ഇഷ്‌ടമുള്ള ആളുകൾക്ക് ബേഗൂരിൽ എത്തിയാൽ ചാകരയാണ്.
ഇരു ഭാഗത്ത് പ്രകൃതി ഒരുക്കിയ മനോഹാരിതയുടെ ഫ്രെയിം കാത്തിരിക്കുമ്പോൾ മറുഭാഗത്ത് കാട്ടിലെ പ്രജകളായ മൃഗങ്ങളുടെ കാഴ്‌ച ക്യാമറയിൽ പകർത്തിയാലും മതിയാവില്ല. കോഴിക്കോട് നഗരത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം 100 കിലോമീറ്റർ മാത്രമാണ്. കോഴിക്കോട് നിന്നും വയനാട് റോഡിലൂടെ സഞ്ചരിച്ചാൽ അവിടേക്ക് എത്താം.












Click it and Unblock the Notifications