ഇത്തവണത്തെ ദീപാവലി ഹംപിയിൽ ആയാലോ? ഹൊയ്‌സാല വാസ്‌തുവിദ്യയുടെ അത്ഭുതം, ഇതാണ് കാഴ്‌ചകൾ
യാത്രകൾ എന്നും മനുഷ്യർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. എന്തെങ്കിലും ഒരു അവസരം ഒത്തു വരുമ്പോൾ യാത്രകൾക്ക് സമയം കണ്ടെത്തുന്നവർ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. എന്നാൽ പലപ്പോഴും കാടും മലയും ബീച്ചുകളും മാത്രമായി നമ്മുടെ യാത്രകൾ ഒതുങ്ങി പോവുന്നുണ്ടോ എന്നത് മാത്രമാണ് ഒരേയൊരു സംശയം. അങ്ങനെ സംശയിക്കാൻ കാരണങ്ങൾ ഏറെയുണ്ട്. നമ്മുടെ നാട് കാണാനും അറിയാനും എത്തുന്ന വിദേശികൾ ഏറെയും ഇന്ത്യയുടെ സംസ്‌കാരത്തെ കുറിച്ച് അറിയാനാണ് താൽപര്യപ്പെടുന്നത്.
ഇന്ത്യയുടെ സംസ്‌കാരം എന്ന് പറയുമ്പോൾ അത് പുതിയതോടെ പഴയതോ ആവാം. ഇത്തരം കൾച്ചറൽ ടൂറിസം പരിപാടിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ദീപാവലി എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. പ്രത്യേകിച്ച് കേരളത്തിന് പുറത്തേക്കുള്ള യാത്രക്ക് ഇതാണ് പറ്റിയ അവസരം. അത്തരത്തിൽ നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെ അവശേഷിപ്പുകൾ തേടി പോവാൻ ആഗ്രഹിക്കുന്നെങ്കിൽ ഹംപി ഏറ്റവും മികച്ചൊരു ഓപ്‌ഷനാണ്.

ഹംപിയിൽ എന്താണ് ഉള്ളതെന്ന ചോദ്യം ശരിക്കും ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ ഹംപിയിൽ എന്താണ് ഇല്ലാത്തതെന്ന് നമ്മൾ തിരിച്ചു ചോദിക്കും. അവിടെ ഒരിക്കലെങ്കിലും പോയ ആളാണ് നിങ്ങളെങ്കിൽ ആ മറുപടിയാവും ആദ്യം നാവിൽ വരിക. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന, അതുല്യമായ വാസ്‌തുവിദ്യയുടെ മനോഹാരിത അവകാശപ്പെടാൻ കഴിയുന്ന ഹംപി എന്ന അത്ഭുതഭൂമി ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടത് തന്നെയാണ്.
ഹംപിയുടെ വിശേഷങ്ങൾ അറിയാം
കർണാടകയിലെ തുംഗഭദ്ര നദിക്കരയിലാണ് യുനെസ്‌കോയുടെ ലൈക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ മനോഹരമായ നഗരം സ്ഥിതി ചെയ്യുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ സകല പ്രൗഡിയും ആവാഹിച്ച ഒരിടമാണ് ഹംപി. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയം എന്ന വിശേഷണവും ഹംപിക്ക് സ്വന്തമാണ്.പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരങ്ങളിൽ ഒന്നായിരുന്നു ഇവിടം.
കോട്ടകൾ, വലിയ സമുച്ചയങ്ങൾ, തെരുവുകൾ, ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, തൂണുകളുള്ള ഹാളുകൾ, മണ്ഡപങ്ങൾ, സ്‌മാരക നിർമിതികൾ, കവാടങ്ങൾ, ചെക്ക് പോസ്‌റ്റുകൾ എന്നിവ ഉൾപ്പെടെ ആയിരത്തിലധികം അവശിഷ്‌ടങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഹെക്‌ടറുകളോളം വ്യാപിച്ചു കിടക്കുന്ന പുരാതന നഗരത്തിന്റെ ഭംഗി ആരെയും അമ്പരപ്പിക്കുന്നതാണ്. ഹൊയ്‌സാല വാസ്‌തുവിദ്യയിലാണ് ഇവിടുത്തെ കെട്ടിടങ്ങളും മറ്റും പണി കഴിപ്പിച്ചിരിക്കുന്നത്.
ഹംപിയിൽ കാണേണ്ട ഇടങ്ങൾ ഇവയൊക്കെ
കൃഷ്‌ണ ക്ഷേത്ര സമുച്ചയം, ഹേമകൂട ക്ഷേത്രങ്ങൾ, അച്യുതരായ ക്ഷേത്ര സമുച്ചയം, വിട്ടാല ക്ഷേത്ര സമുച്ചയം, പട്ടാഭിരാമ ക്ഷേത്ര സമുച്ചയം, ലോട്ടസ് മഹൽ എന്നിങ്ങനെ അത്യപൂർവവും മനോഹരവുമായ ധാരാളം നിർമ്മിതികൾ ഇവിടെയുണ്ട്. ധാരാളം രഥങ്ങളും ഹംപിയിലെ പ്രധാന കാഴ്‌ചകളാണ്, അതും കല്ല് കൊണ്ട് കൊത്തിയെടുത്തവയാണ് ഇതിൽ ഏറെയും.
ഹംപിയിൽ നിങ്ങൾ കാണേണ്ട മറ്റൊരു കാഴ്‌ച അവിടുത്തെ ആനപ്പന്തിയാണ്. അത്യധികം ശ്രദ്ധയോടെ പണി കഴിപ്പിച്ച ഈ കെട്ടിടം ഇന്നും തനിമ ചോരാതെ അതേപടി സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ മാതംഗ മലയിൽ കയറിയാൽ ഹംപിയുടെ ഒരു പൂർണ ചിത്രം നിങ്ങൾക്ക് കാണാൻ കഴിയും. ഹംപി ബസാർ എന്നറിയപ്പെടുന്ന തെരുവും യാത്രയിൽ സന്ദർശിക്കാൻ മറക്കരുത്.












Click it and Unblock the Notifications