ഏഷ്യയിലെ തന്നെ വലുപ്പമേറിയ വെള്ളച്ചാട്ടം; ജോഗിൽ ട്രെക്കിംഗിനും അവസരം, ഷിമോഗയിലും കറങ്ങാം, വിട്ടാലോ?
വെള്ളച്ചാട്ടങ്ങൾ എന്നും നമ്മൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്‌ചയാണ്. ഏത് വേനൽക്കാലത്തും ഇത്തരം വെള്ളച്ചാട്ടങ്ങൾ നമ്മുടെ മനസിന് നൽകുന്ന കുളിർമ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ദക്ഷിണേന്ത്യയിൽ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. അതിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ടവയാണ്. പശ്ചിമഘട്ടവും പൂർവഘട്ടവും ദക്ഷിണേന്ത്യയുടെ ഈ ചാരുതയ്ക്ക് കാരണമാവുന്ന ഘടകങ്ങളാണ്.
കേരളത്തിൽ അതിരപ്പിള്ളി, തുഷാരഗിരി അടക്കമുള്ള വെള്ളച്ചാട്ടങ്ങൾ ഒട്ടേറെയുണ്ട്. ഇവിടെയൊക്കെയും അവധിക്കാലം ചിലവഴിക്കുക നല്ല അനുഭവവുമാണ്. എന്നാൽ ഇത്തവണത്തെ ക്രിസ്‌തുമസ്, ന്യൂയർ വെക്കേഷൻ ഒരൽപ്പം വ്യത്യസ്‌തമായി കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ഒരു വെള്ളച്ചാട്ടത്തിലെ കാഴ്‌ച കണ്ടുകൊണ്ട് ആവണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പറ്റിയ അവസരം അധികം ദൂരെയല്ലാതെ തന്നെയുണ്ട്.

നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലാണ് ഈ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ ഏറ്റവും മനോഹരമായ ഹിൽ സ്‌റ്റേഷനുകളിൽ ഒന്നായ ഷിമോഗയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന ജോഗ് വെള്ളച്ചാട്ടത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നെന്ന ഖ്യാതി പേറുന്ന ഇടമാണ് ജോഗ്.
കർണാടകയിലെ പ്രധാന ആകർഷണമായ ജോഗ് വെള്ളച്ചാട്ടം ജെറുസോപ്പ വെള്ളച്ചാട്ടം, ജെർസോപ്പ വെള്ളച്ചാട്ടം, ജോഗഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് ജോഗ് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. മഴക്കാലത്താണ് നിങ്ങൾ ഇവിടേക്ക് പോവുന്നതെങ്കിൽ വെള്ളച്ചാട്ടത്തിന് അരികിലായി മഴവില്ലിന്റെ സാന്നിധ്യം നിങ്ങൾക്ക് കാണാം.
ഇടതൂർന്ന നിത്യഹരിത വനങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹര കാഴ്‌ചകളിൽ ഒന്നാണിത്. സമൃദ്ധമായ സസ്യജാലങ്ങളാൽ മൂടപ്പെട്ട, ചുറ്റുമുള്ള വന്യവും മനോഹരവുമായ പ്രദേശം പ്രദേശത്തിന് മറ്റൊരു അനുഭൂതി പകർന്നുതരും. ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പാറകളിലൂടെ ഒഴുകാതെ നേരിട്ട് താഴേക്ക് പതിക്കുന്നു എന്നതാണ്.
സന്ദർശകർക്ക് മികച്ച രീതിയിൽ വെള്ളച്ചാട്ടം കാണാൻ കഴിയുന്ന രണ്ട് തുറന്ന വ്യൂവിംഗ് ഡെക്കുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നല്ല കാലാവസ്ഥയുള്ളപ്പോൾ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലേക്ക് 1400 പടികൾ ഇറങ്ങി ഹൈക്കിംഗ് നടത്താനുള്ള അവസരവും ലഭിക്കും എന്നതാണ് പ്രത്യേകത. കൂടാതെ മികച്ച ട്രെക്കിംഗ് അവസരവും കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇവിടെ ലഭ്യമാണ്.
വിവിധ തരം ദേശാടന പക്ഷികളുടെ കാഴ്‌ച, കയാക്കിംഗ്, കോറക്കിൾ സവാരി എന്നിവ പോലെയുള്ള കാര്യങ്ങളിൽ താൽപര്യമുള്ള സഞ്ചാരികൾക്ക് അതിനുള്ള അവസരം ലഭ്യമാവും. ഇത് ശരാവതി ക്യാമ്പിലാണ് കിട്ടുക. ഇവിടെ നിന്നും അകലെയല്ലാതെ ഷിമോഗ ഹിൽ സ്‌റ്റേഷനും യാത്രയിൽ സന്ദർശിക്കാൻ കഴിയുന്നൊരിടമാണ്.
സഹ്യാദ്രിയുടെ മടിത്തട്ടിൽ ഒളിച്ചിരിക്കുന്ന ഈ ഇടം അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമായ കർണാടകയിലെ വ്യത്യസ്‌തമായ ഒരു ടൂറിസം കേന്ദ്രമാണ്. എന്നാൽ അധികമാരും സന്ദർശിക്കാത്ത ഒരിടമായതിനാൽ തന്നെ മലയാളികൾക്ക് അത്ര പരിചിതമല്ല ഷിമോഗയിലെ കാഴ്‌ചകൾ. ജോഗ് വെള്ളച്ചാട്ടം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിനൊപ്പം ഷിമോഗയും കൂടി കാണാൻ ശ്രമിക്കുന്നത് നന്നാവും.












Click it and Unblock the Notifications