സമൃദ്ധമായ ചെട്ടിനാടൻ ഗ്രാമങ്ങളിലൂടെ ഒരു യാത്ര; കാരക്കുടി എന്ന സവിശേഷമായ ഇടം, കാളവണ്ടിയിൽ ഊരുചുറ്റാം
യാത്രകൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യമെത്തുക ഹിൽ സ്‌റ്റേഷനുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാവും. അതല്ലെങ്കിൽ മനോഹരമായ ബീച്ചുകളിലെ സായാഹ്നവും പാർക്കുകളിൽ ഉല്ലസിക്കലും കൂടിയാവാം. എന്നാൽ യാത്രകൾക്കും വിനോദ സഞ്ചാരത്തിനും മറ്റൊരു നിർവചനം കൂടിയുണ്ട്. നമ്മൾ ഇതുവരെ കാണാത്ത ജീവിതങ്ങളേയും സംസ്‌കാരങ്ങളേയും നേരിട്ട് കണ്ടറിയുക എന്നതാണ് അത്.
അങ്ങനെ നോക്കുമ്പോൾ ഓരോ യാത്രയും ഓരോ അനുഭവമായിരിക്കും നമുക്ക് സമ്മാനിക്കുക. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തേടുന്ന ആളാണ് നിങ്ങളെങ്കിൽ മികച്ചൊരു സ്പോട്ടിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിലകൊള്ളുന്ന ഒരു പ്രദേശമാണ്.

കാരക്കുടി എന്നാണ് ഈ സ്ഥലത്തിനെ അറിയപ്പെടുന്ന പേര്. ചെട്ടിനാടിനെ മണ്ണ് എന്നാണ് ഇതിന്റെ മറ്റൊരു വിശേഷണം. പഴയകാലത്ത് പ്രതാപികൾ വാണിരുന്ന ചെട്ടിനാട് എന്ന ഭൂപ്രദേശം ഇന്ന് ശിവഗംഗയിലെയും പുതുക്കോട്ടയിലെയും എഴുപതോളം ഗ്രാമങ്ങളിലായാണ് നിലനിൽക്കുന്നത്. അവയുടെ ഒക്കെ മൂർത്തിമ ഭാവം എന്ന നമുക്ക് വേണമെങ്കിൽ കാരക്കുടിയെ വിശേഷിപ്പിക്കാം.
കാരക്കുടിയിലെ ഓരോ കാഴ്‌ചയും ഇത്തരത്തിൽ ചെട്ടിനാടിന്റെ സമ്പന്നമായ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന കാര്യമാണ്. തനത് പ്രാദേശിക വസ്ത്രമായ കാരക്കുടി കണ്ടങ്കി സാരികളുടെ നിർമ്മാണത്തിന് പേരുകേട്ട ഈ നഗരം ഇന്ന് ലോകത്തിൽ തന്നെ ഈ വൈവിധ്യങ്ങൾ കൊണ്ട് അറിയപ്പെടുന്ന ഇടമാണ്.
നമ്മൾ ഏറെ പറഞ്ഞു കേട്ടിട്ടുണ്ട് ചെട്ടിനാട് പച്ചരീതിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്. പലപ്പോഴും കേരളത്തിലെ ഹോട്ടലുകളിൽ പോലും ലഭ്യമായ ചെട്ടിനാടൻ രുചിവൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഇത്. ശരിക്കും ചെട്ടിനാട് എന്ന പ്രദേശത്തെ വേറിട്ട് നിർത്തുന്നത് അവരുടെ സമ്പന്നമായ ചരിത്രം തന്നെയാണ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വ്യാപാരികളുടെ കൂട്ടം തന്നെ കുടിയേറി പാർത്തിരുന്ന ഇടമായിരുന്നു ഇവിടം.
അതിനാൽ ഇവിടുത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും ഒക്കെ അതിന്റെ പ്രൗഡി നിങ്ങൾക്ക് കാണാൻ കഴിയും. കാരക്കുടിയിൽ അത്തരത്തിൽ നിങ്ങൾ സന്ദർശിക്കേണ്ട ഒട്ടേറെ വീടുകളും ബംഗ്ലാവുകളുമുണ്ട്. അതിന് പുറമേ കേരളത്തിലെ ഗ്രാമങ്ങളിൽ ഇന്ന് കാണാൻ കഴിയാത്ത കാളവണ്ടികൾ ഉൾപ്പെടെ ധാരാളമായി നമുക്ക് കാരക്കുടിയിൽ കാണാൻ കഴിയും, അവയിൽ ഊരുചുറ്റുക എന്ന അനുഭവവും ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
കാരക്കുടിയിലെ പ്രധാന കാഴ്‌ചകൾ
ചെട്ടിനാട് പാലസ്: ഈ അധികാര കേന്ദ്രത്തിന്റെ ശരിക്കുമുള്ള വ്യാപ്‌തി എന്തെന്ന് മനസിലാക്കാൻ ചെട്ടിനാട് പാലസ് സന്ദർശിച്ചാൽ മതിയാകും. പതിറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാൻ കഴിയുന്ന ഈ ആഡംബര സൗധം ശരിക്കും അതിന്റെ വലുപ്പം കൊണ്ടും നിർമ്മാണ രീതി കൊണ്ടും ആരെയും അതിശയിപ്പിക്കും. അത്തൻഗുഡി ടൈലുകൾ കൊണ്ടാണ് ഇവിടുത്തെ വീടുകൾ പലതും തറ പാകിയിരിക്കുന്നത്.
വൈരവൻപട്ടി ക്ഷേത്രം പോലെയുള്ള വേറെയും ധാരാളം കാഴ്‌ചകൾ ഇവിടെയുണ്ട്. ഇതിന് പുറമേ കാരക്കുടിയിലെ ചെട്ടിനാട് മ്യൂസിയം നിർബന്ധമായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. 25 കൂറ്റൻ മുറികളും 1000 ജനാലകളുമുള്ള കാരക്കുടിയിലെ 'ആയിരം ജനൽ വീട്' ഉറപ്പായും കാണേണ്ട മറ്റൊരു കാഴ്‌ച തന്നെയാണ്. കൂടാതെ വേറെയും നിരവധി ക്ഷേത്രങ്ങൾ കാരക്കുടിയിൽ കാണാനുണ്ട്.












Click it and Unblock the Notifications