ടൊവിനോ കയറിയ സായിപ്പ് കുന്നും കാറ്റ് കുന്നും നിങ്ങളെ കാത്തിരിക്കുന്നു; ട്രെക്കിംഗ് പറുദീസ, ഇതാണ് കാഴ്‌ചകൾ
മനോഹരമായ വയനാടൻ കാഴ്‌ചകൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം. കേരളത്തിന്റെ ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ പകരം വയ്ക്കാനില്ലാത്ത വിധം വളർച്ചയുടെ പാതയിലായിരുന്നു വയനാടിന് പക്ഷേ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാക്കിയ മുറിവ് ആഴമേറിയതാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ശേഷം വയനാട്ടിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ.
അത്തരമൊരു തിരിച്ചുവരവിന് പുത്തനുണർവ് നൽകി കൊണ്ടാണ് മലയാളികളുടെ പ്രിയ നടൻ ടൊവിനോ തോമസ് വയനാട്ടിലെ പ്രമുഖമായ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചത്. തന്റെ അവധിക്കാലം ആഘോഷമാക്കുന്ന ടൊവിനോയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ താരം ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ച റീൽസ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വയനാട്ടിലെ ഏറ്റവും പ്രമുഖമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബാണാസുര ഹിൽസിലും സമീപ പ്രദേശങ്ങളിലും സന്ദർശിച്ച ടൊവിനോ ട്രെക്കിംഗ് ഉൾപ്പെടെയുള്ളവയുടെ വീഡിയോയാണ് പങ്കുവച്ചത്. അതിന് പിന്നാലെ നിരവധി പേരാണ് ഈ സ്ഥലത്തെ കുറിച്ച് ചോദ്യവുമായി രംഗത്ത് വന്നത്.
കാറ്റുകുന്നും സായിപ്പ് കുന്നും: ട്രെക്കിംഗ് പറുദീസകൾ
വയനാട്ടിൽ ട്രെക്കിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങൾ മുന്നിലുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ബാണാസുരയോട് ചേർന്ന് കിടക്കുന്ന ഈ രണ്ട് മലനിരകൾ. വർഷത്തിൽ നിരവധി പേരാണ് മേഖലയിലേക്ക് ട്രെക്കിംഗിനായി നടന്നുകയറുന്നത്. ആ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ നിങ്ങൾ മലമുകളിൽ ചെന്നെത്തുമ്പോൾ കിട്ടുന്നൊരു അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
ബാണാസുര മലനിരകൾക്ക് സമീപമാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. കാറ്റുകുന്ന് മലനിരകളിൽ കയറി നിന്നാണ് നിങ്ങൾക്ക് ബാണാസുര സാഗർ ഡാമിന്റെ വലിയ റിസർവോയർ കാണാനാകും. മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിച്ചതിന്റെ പിറ്റേന്ന് കാറ്റുകുന്ന് മലനിരകളിലൂടെ ട്രെക്ക് ചെയ്യാനുള്ള അവസരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഇവിടെ തന്നെയുള്ള മറ്റൊരു പ്രദേശമാണ് സായിപ്പ് കുന്ന്, ഇതും ട്രെക്കിംഗിന് അനുയോജ്യമായ ഒരിടമാണ്. കൽപ്പറ്റയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് മേഖലയിലെ സുപ്രധാന ടൂറിസം കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണ് സഞ്ചാരികൾ ബാണാസുര കുന്നുകളിലെ ട്രെക്കിംഗ് ആരംഭിക്കുന്നത്.
അതേസമയം, ഈ സ്ഥലങ്ങൾ മാത്രമല്ല ഇവിടെ എത്തിയാൽ നിങ്ങൾക്ക് കാണാനായി ഒട്ടേറെ കാഴ്‌ചകൾ വേറെയുമുണ്ട്. ബാണാസുര സാഗർ ഡാം തന്നെയാണ് അതിൽ പ്രധാനം. ഡാമിന് തിരശ്ചീനമായി തല ഉയർത്തി നിൽക്കുന്ന മലനിരകൾ തന്നെയാണ് ശരിക്കും അവിടുത്തെ ഏറ്റവും ആകർഷണീയമായ കാഴ്‌ചകളിൽ ഒന്ന്. ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണിത്.
ബോട്ട് സവാരി തന്നെയാണ് ബാണാസുര സാഗറിൽ എത്തുന്ന ഭൂരിഭാഗം പേരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഡാമിലെ ഓള പരപ്പിലൂടെ അതിനുള്ളിലെ ചെറുദ്വീപുകളും ഒപ്പം പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന ബാണാസുര മലയും ഒക്കെ കണ്ടുകൊണ്ടുള്ള യാത്ര മികച്ചൊരു അനുഭവം തന്നെയാണ് സഞ്ചാരികൾക്ക് നൽകുന്നത്.












Click it and Unblock the Notifications